എസ് എസ് എൽ സി മോഡൽ പരീക്ഷയ്ക്ക് ചോദ്യപേപ്പറിന് 10 രൂപ; പ്രതിഷേധവുമായി കെ എസ് യു

Jaihind Webdesk
Wednesday, January 24, 2024

കണ്ണൂർ: എസ് എസ് എൽ സി മോഡൽ പരീക്ഷയ്ക്ക് ചോദ്യപേപ്പറിന് 10 രൂപ വാങ്ങാനുള്ള സർക്കാർ തീരുമാനത്തിൽ പ്രതിഷേധവുമായി കെ എസ് യു. കെ എസ് യു പ്രവർത്തകർ കണ്ണൂർ ഡി ഡി ഇ ഓഫിസ് ഉപരോധിച്ചു. ജില്ല പ്രസിഡന്‍റ് എം സി അതുലിന്‍റെ നേതൃത്വത്തിൽ പ്രതിഷേധവുമായെത്തിയ പ്രവർത്തകർ ഓഫിസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. പോലീസും പ്രവർത്തകരുമായി ഉന്തും തള്ളുമുണ്ടായി. തുടർന്ന് ഓഫിസ് ഉപരോധിച്ച പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.

എസ്എസ്എൽസി മോഡൽ പരീക്ഷയ്ക്ക് വിദ്യാർത്ഥികളിൽ നിന്നും പണം പിരിക്കാനായിരുന്നു സർക്കുലർ. ഒരു വിദ്യാർത്ഥി പത്തു രൂപ വീതം നൽകണമെന്നാണ് വിദ്യാഭ്യാസ വകുപ്പിറക്കിയ സർക്കുലറിൽ ഉള്ളത്. ഇതാദ്യമായാണ് എസ് എസ് എൽ സി ചോദ്യപേപ്പറിന് കുട്ടികളിൽ നിന്നും പണം ഈടാക്കുന്നത്. ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കാണ് സർക്കുലർ. വിദ്യാർത്ഥികളിൽ നിന്ന് ശേഖരിക്കുന്ന തുകയിൽ നിന്ന് ചോദ്യപേപ്പർ അച്ചടിക്കുന്ന വകയിൽ ചെലവാകുന്ന തുക ഒഴിച്ച് ബാക്കി വിദ്യാഭ്യാസ ഉപ ഡയറക്ടർ എന്ന പേരിൽ ഡിമാൻഡ് ഡ്രാഫ്റ്റാക്കി പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ എത്തിക്കണമെന്നും നിർദേശവുമായാണ് സർക്കുലർ ഇറങ്ങിയത്.