തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എൽ.സി. പരീക്ഷ ആരംഭിച്ചു . നാല് ലക്ഷത്തി ഇരുപത്തി ഏഴായിരത്തി ഒരുന്നൂറ്റി അഞ്ച് വിദ്യാർത്ഥികളാണ് ഈ വർഷം എസ്.എസ്.എൽ.സി. പരീക്ഷ എഴുതുന്നത്. കേരളം, ലക്ഷദ്വീപ്, ഗൾഫ് എന്നിവിടങ്ങളിൽ ആണ് പരീക്ഷ നടക്കുന്നത്.
ഇന്ന് ആരംഭിച്ച എസ്.എസ്.എൽ.സി പരീക്ഷയ്ക്കായി കേരളത്തിൽ രണ്ടായിത്തി തൊള്ളായിരത്തി അമ്പത്തിയഞ്ചും ഗൾഫ് മേഖലയിൽ ഏഴും ലക്ഷദ്വീപിൽ ഒമ്പതും പരീക്ഷാ കേന്ദ്രങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഈ മാസം 25ന് സമാപിക്കുന്ന പരീക്ഷയിൽ ആദ്യദിനം മലയാളം ഒന്നാം ഭാഗം പരീക്ഷയായിരുന്നു. ഭൂരിപക്ഷം കുട്ടികളും തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് പരീക്ഷയ്ക്ക് എത്തിയത്.
ഏപ്രിൽ ആദ്യ വാരം മൂല്യ നിർണയം ആരംഭിച്ച് മെയ് പകുതിയോടെ പരീക്ഷ ഫലം പ്രഖ്യാപിക്കാൻ ആകുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ കണക്കുകൂട്ടൽ. ഏപ്രിൽ 3 മുതൽ 20 വരെ രണ്ട് ഘട്ടങ്ങളിൽ ആയാണ് മൂല്യനിർണയം നടക്കുക.