അമേരിക്കയിൽ പോയത് സ്വർണ്ണം കടത്താനല്ല ; കടകംപള്ളിക്ക് എസ്.എസ് ലാലിന്‍റെ മറുപടി

Jaihind News Bureau
Friday, March 26, 2021

 

തിരുവനന്തപുരം; താൻ അമേരിക്കയിൽ പോയത് സ്വർണ്ണം കടത്താനോ, ഡോളർ കടത്താനോ അല്ലെന്ന് കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാർത്ഥി ഡോ. എസ്.എസ്. ലാൽ. ലോകാരോ​ഗ്യ സംഘടനയിലും, അമേരിക്ക ഉൾപ്പെടെ നൂറോളം രാജ്യങ്ങളിലും രാജ്യത്തിന്റെ പ്രതിനിധിയായി പോയത് തട്ടിക്കൂട്ട് അവാർഡുകൾ വാങ്ങാനുമല്ല. രാജ്യത്തിന്റെ യശ്ശസ് ഉയർത്തി പൊതുജനാരോ​ഗ്യ രം​ഗത്ത് ഇന്ത്യയിൽ കോടിക്കണക്കിന് ഡോളർ ആരോ​ഗ്യ രം​ഗത്ത് എത്തിക്കാനാണ് താൻ ഈ രാജ്യങ്ങളിൽ പണിയെടുത്തതെന്നും ഡോ.എസ്.എസ് ലാൽ പറഞ്ഞു. എൽഡിഎഫ് സ്ഥാനാർത്ഥി അമേരിക്കയിൽ നിന്നുള്ള കെട്ടിയിറക്ക് സ്ഥാനാർത്ഥിയെയാണ് കഴക്കൂട്ടത്ത് ഇറക്കിയതെന്ന പരാമർശത്തിന് മറുപടി നൽകുകയായിരുന്നു ലാൽ.

എൽഡിഎഫിനും, ബിജെപിക്കും കഴക്കൂട്ടം നിയോജക മണ്ഡലത്തിൽ വിഷയദാരിദ്രമാണ്. ശബരിമല വിഷയത്തിൽ മാപ്പ് പറഞ്ഞ് വിശ്വാസികളെ പറ്റിക്കാമെന്ന് ആദ്യം കരുതി പരാജയപ്പെട്ട കടകംപള്ളി ഇപ്പോൾ പ്രാദേശിക വാദം പറയുകയാണ്.
തിരഞ്ഞെടുപ്പ് കാമ്പയിൻ ആരംഭിച്ചപ്പോൾ തന്നെ കടകംപള്ളി സുരേന്ദ്രൻ ശബരില വിഷയം പറഞ്ഞത് ബിജെപി സ്ഥാനാർത്ഥിക്ക് വേണ്ടി വേദി ഒരുക്കാൻ വേണ്ടിയാണ്. ആക്കുളത്ത് ശ്രീ എമ്മിന് സ്ഥലം അനുവദിച്ചത് നി​ഗൂഡതകളിലേക്കാണ് വെളിച്ചം വീശുന്നത്. വികസന കാര്യത്തിൽ വന്ന മുരടിപ്പ് മറയിടാനാണ് കടകംപള്ളി സുരേന്ദ്രൻ ശബരിമല വിഷയം കുത്തിപ്പൊക്കിയതെന്നും ഡോ. എസ്.എസ് ലാൽ പറഞ്ഞു.

തലസ്ഥാനത്തെ പേട്ട സർക്കാർ സ്കൂൾ, മാർ ഇവാനിയോസ് കോളേജിലും, യൂണിവേഴ്സിറ്റി കോളേജിലും , കഴക്കൂട്ടം മണ്ഡലത്തിൽ സ്ഥിതി ചെയ്യുന്ന ​ഗവ. മെഡിക്കൽ കോളേജിലും വിദ്യാഭ്യാസം പൂർത്തിയാക്കി തിരുവനന്തപുരത്ത് ജോലി ചെയ്ത താനും, തന്റെ കുടുംബവും എങ്ങനെ കെട്ടിയറക്കി സ്ഥാനാർത്ഥിയാകുമെന്നും ഡോ. എസ്.എസ് ലാൽ ചോദിച്ചു. രാഷ്ട്രീയ രം​ഗത്തും താൻ ഓട് പൊളിച്ച് വന്നതല്ല. പതിനാലാം വയസിൽ കെഎസ് യുവിലൂടെ പൊതു രം​ഗത്ത് വന്ന് യൂണിവേഴ്സ്റ്റി കോളേജിന്റേയും, ​ഗവ. മെഡിക്കൽ കോളേജിലേയും യൂണിയൻ ചെയർമാൻ ആയി. ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺ​ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു വന്ന പാരമ്പര്യവുമുണ്ട്. ഉപജീവനത്തിന് വേണ്ടി രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന ആളല്ല താനെന്നും, വികസിത രാജ്യങ്ങളിലേത് പോലെ രാഷ്ട്രീയ രം​ഗത്തെ ഉയർച്ചയ്ക്ക് പ്രൊഫഷണലുകളും അനിവാര്യമാണ് എന്ന തിരിച്ചറിവാണ് തന്നിലെ സ്ഥാനാർത്ഥിക്ക് പാർട്ടി നൽകിയ അം​ഗീകാരമെന്നും ഡോ. എസ്.എസ് ലാൽ പറഞ്ഞു.

കഴക്കൂട്ടത്ത് സിപിഎം – ബിജെപി ബന്ധം പരസ്യമായ രഹസ്യമാണ്. സിപിഎമ്മിന്റെ മുഖ്യമന്ത്രി പിണറായി വിജയനും, ബിജെപി- ആർഎസ്എസ് നേതാക്കൾക്കും കൂടിക്കാഴ്ചക്ക് വേണ്ടി ഒത്താശ ചെയ്ത ശ്രീ എമ്മിന് നാലേക്കർ ഭൂമി കഴക്കൂട്ടം നിയോജക മണ്ഡലത്തിൽ പതിച്ച് നൽകിയത് സ്ഥലം എംഎൽഎ കൂടിയായ കടകംപള്ളി അറിവോടെയാണ്. അതിനുള്ള ഒത്തുകളിയുടെ ഭാ​ഗമായാണ് കഴക്കൂട്ടത്ത് ബിജെപിക്ക് ദുർബലയായ സ്ഥാനാർത്ഥിയെ നൽകി കടകംപള്ളിയെ സഹായിക്കുന്നത്.

കഴക്കൂട്ടത്ത് വികസനത്തിന്റെ രാഷ്ട്രീയമാണ് താൻ ചർച്ചയ്ക്ക് വെയ്ക്കുന്നത്. കോൺ​ഗ്രസ് എംഎൽഎ ആയിരുന്ന എംഎ വാഹീദ് തുടങ്ങി വെച്ച പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതല്ലാതെ ടൂറിസം മന്ത്രി എന്ന നിലയിൽ കടകംപള്ളി സുരേന്ദ്രന്റെ ഏറ്റവും വലിയ പരാജയമാണ് ആക്കുളം കായലിന്റെ ശോചനീയാവസ്ഥയെന്നും ഡോ. എസ്.എസ് ലാൽ പറഞ്ഞു. മാറ്റം ആ​ഗ്രഹിക്കുന്ന കഴക്കൂട്ടം നിവാസികൾ യുഡിഎഫിനൊപ്പമാണെന്നും ഡോ. എസ്.എസ് ലാൽ പറഞ്ഞു.