എത്ര രാജ്യങ്ങള്‍ക്കാണ് അവർ കൊവിഡ് വാക്സിന്‍ നല്‍കിയത്; ചൈനാ സ്തുതിയുമായി എസ്ആർപി

Jaihind Webdesk
Thursday, January 13, 2022

കമ്മ്യൂണിസ്റ്റ് പാർട്ടിയെ ലക്ഷ്യം വെച്ചാണ് ഇന്ത്യയിൽ ചൈനയ്ക്ക് എതിരായ പ്രചാരണം നടത്തുന്നതെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള. കോട്ടയം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴാണ് എസ്ആർപിയുടെ ചൈനാ പ്രേമം പുറത്തുവന്നത്. കൊവിഡ് കാലത്ത് ചൈന 116 രാജ്യങ്ങൾക്കും ക്യൂബ 50 രാജ്യങ്ങൾക്കും വാക്സിൻ സൗജന്യമായി നൽകിയെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.

അമേരിക്കയുടെ മേധാവിത്വം ചോദ്യം ചെയ്യാൻ ആകുന്ന പോലെ ചൈന കരുത്ത് ആർജിച്ചു. സോഷ്യലിസ്റ്റ് നേട്ടം ആണ് ചൈനയിൽ ഉണ്ടായത്. ചൈനയുടെ നേട്ടം മറച്ചുവെക്കാൻ ആഗോള അടിസ്ഥാനത്തിൽ ചൈനയ്ക്ക് എതിരെ പ്രചരണം നടക്കുന്നു. ചൈനയെ വളയാൻ ഇന്ത്യ ഉൾപ്പെടെ ഉള്ളവരുടെ സഖ്യം നിലനിൽക്കുന്നു .
ചൈന പക്ഷെ 150 രാജ്യങ്ങളുമായി സൗഹൃദം ഉണ്ടാക്കി. അതേസമയം ഇന്ത്യക്ക് അയൽ രാജ്യങ്ങളുമായി സൗഹൃദമില്ലെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിന് ഇന്ന് കോട്ടയത്ത് തുടക്കമായി. വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ കോട്ടയം മാമ്മൻ മാപ്പിള ഹാളിലാണ് സമ്മേളനം. മന്ത്രി വിഎൻ വാസവൻ, പികെ ശ്രീമതി ടീച്ചർ, എംസി ജോസഫെെൻ, കെജെ തോമസ്, എളമരം കരീം അടക്കമുള്ളവർ സമ്മേളനത്തിൽ പങ്കെടുത്തു.