കോഴിക്കോട്ടെ സി.പി.എം അനുഭാവികളായ രണ്ട് ചെറുപ്പക്കാർക്കെതിരെ യു.എ.പി.എ ചുമത്തിയതിനെതിരെ സർക്കാരിനും പിണറായിക്കുമെതിരെ വിമർശനം ഉയരുമ്പോൾ സി.പി.എം പതിവ് നമ്പരുകൾ ഇറക്കി പ്രതിരോധിക്കാനൊരുങ്ങുകയാണ്.
ഇടതുപക്ഷ നയത്തിനെതിരെ പോലീസ് പെരുമാറി എന്ന് പറഞ്ഞ് മാറത്തടിക്കുന്ന സി.പി.എം നേതാക്കൾ ബോധപൂർവം ചില കാര്യങ്ങൾ ഒളിച്ചുവെക്കുന്നു.
കസ്റ്റഡി മർദ്ദനവും കൊലയും ഇടത് നയമല്ലെന്ന് നിരന്തരം പറയുന്നുണ്ട്. പക്ഷേ, പിണറായി സർക്കാരിന്‍റെ കാലത്ത് ലോക്കപ്പ് കൊലപാതകങ്ങളിൽ പ്രതിയാക്കപ്പെട്ടവരും ആരോപണ വിധേയരുമൊക്കെ ഇപ്പോഴും പോലീസ് സേനയുടെ താക്കോൽ സ്ഥാനങ്ങളിൽ തുടരുന്നു. കസ്റ്റഡി മർദ്ദനത്തിന് കുപ്രസിദ്ധി നേടിയ ടോമിൻ തച്ചങ്കരി ഇപ്പോൾ ക്രൈം ബ്രാഞ്ച് മേധാവിയാണ്.
വരാപ്പുഴ ശ്രീജിത് ലോക്കപ്പ് കൊലക്കേസിൽ ആരോപണ വിധേയനായ എ.വി ജോർജ് ഇപ്പോൾ കോഴിക്കോട് പോലീസ് കമ്മീഷണറായിരിക്കുമ്പോഴാണ് രണ്ട്സി.പി.എമ്മുകാർക്കെതിരെ യു.എ.പി.എ ചുമത്തിയത്. വരാപ്പുഴ സംഭവത്തിന് ശേഷം അയാൾക്ക് പ്രൊമോഷനും സ്ഥാനക്കയറ്റവും നൽകിയത് പിണറായിയാണ്. ഇതൊക്കെ ഉത്തമമായ ഇടത് നയത്തിന്‍റെ ഭാഗമാണോ?
പിന്നെ ബഹ്റയും, ശ്രീവാസ്തവയും ഒരുമിച്ചാണ് സേനയെ നയിക്കുന്നത്. ഇവർ രണ്ടു പേരും പിണറായിയുടെ കണ്ണും കാതുമാണ്. ഇവരൊക്കെ സി.പി.എമ്മിന്‍റെ മാനസ പുത്രന്മാരാണ്. ഇവരാണ് ഇടത് നയവും സർക്കാർ നയവും പോലീസ് സേനയ്ക്കുള്ളിൽ വെടിപ്പായി നടപ്പാക്കുന്നത്. ഈ പോലീസ് ഉപദേശിയും മേധാവിയും നടപ്പാക്കുന്നത് ഇടത് നയമല്ലെങ്കിൽ അവരെങ്ങനെയാണ് ഇപ്പോഴും സർവീസിൽ തുടരുന്നത്?
1991 ൽ ബി.ജെ.പി നേതാവ് മുരളി മനോഹർ ജോഷി നയിച്ച ഏകതായാത്രക്ക് നേരെ പാലക്കാട്ട് വെച്ച് വെടിവെച്ച് 11കാരിയായ സിറാജുന്നീസായെ കൊലപ്പെട്ടുത്തിയ കേസിൽ ആരോപണ വിധേയനാണ് രമൺ ശ്രീവാസ്തവ. അതും പോരാഞ്ഞ് ഇയാൾ കരുണാകരന്‍റെ ശിങ്കിടി എന്നായിരുന്നു അക്കാലത്ത് ഇടത് മുന്നണി പറഞ്ഞു നടന്നത്. സിറാജുന്നിസ കൊലപാതകത്തിന്‍റെ പേരിൽ സി.പി.എം ഇയാൾക്കെതിരെ അക്കാലത്ത് നിരന്തരം ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇദ്ദേഹം പിന്നിട് കൊടിയേരി ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് ഡി.ജി.പിയായി തുടർന്നു. ഇയാളെ പിണറായി വിജയന്‍റെ പോലീസ് ഉപദേശകനായി നിയമിച്ചത് പാർട്ടി നയം നടപ്പാക്കാനാണോ അതോ മോദിയുടെ നയം നടപ്പാക്കാനാണോ?
പിന്നെ, മോദിയുടെ അടുപ്പക്കാരനായ ലോക്നാഥ് ബഹ്റയെ ഇടത് നയം നടപ്പാക്കാനല്ലേ ഡി.ജി.പിയാക്കിയത്. അതും രണ്ട് സീനിയർ ഐ.പി.എസുകാരുടെ തലയ്ക്ക് മുകളിലൂടെ – പാർട്ടി അറിയാതെയാണോ ഇവരെ രണ്ടു പേരെയും നിയമിച്ചത് ?
ഇവരൊക്കെ ഇടതുപക്ഷത്തിന്‍റെയും പിണറായിയുടെയും നയമല്ലേ നടപ്പാക്കുന്നത്. പിണറായി ഇത് വരെയും ശ്രീ വാസ്തവയേയും ബഹ്റയേയും തള്ളിപ്പറഞ്ഞിട്ടില്ല. അവർ സർക്കാർ നയം നടപ്പാക്കിയിട്ടില്ലെന്ന് പിണറായി പറഞ്ഞിട്ടുമില്ല. യഥാർത്ഥത്തിൽ പോലീസിന്‍റെ നിയന്ത്രണം ആരുടെ കയ്യിലാണ്? സർക്കാർ നയം നടപ്പാക്കാത്ത ഇവരെങ്ങനെയാണ് ഒരു പോറൽ പോലും ഏൽക്കാതെ അധികാരത്തിൽ തുടരുന്നത്. ?
അപ്പോ ഒന്നുറപ്പാണ് പിണറായി അറിഞ്ഞു കൊണ്ടാണ് ഇവർ ഇതെല്ലാം നടപ്പിലാക്കുന്നത്. സി.പി.എം പിള്ളേരുടെ പേരിൽ യു.എ.പി.എ ചുമത്തിയത് പിണറായിയുടെ അറിവോടെയാണ്. ന്യായീകരണ വണ്ടികൾ തെക്കുവടക്ക് ഓടി. അല്ലെന്ന് പറഞ്ഞാലും നാട്ടുകാർ അത് വിഴുങ്ങൂല.
മറ്റൊന്ന് കൂടി
പോലീസിനെക്കൊണ്ട് സകല കൊളളരുതായ്മകളും ചെയ്യിപ്പിട്ട് പിന്നീട് അവരെ തള്ളിപ്പറയുന്നത് കമ്യൂണിസ്റ്റ് പാർടികളുടെ സ്ഥിരം കലാപരിപാടിയാണ്. 1957 ലെ ഒന്നാം ഇ.എം.എസ് മന്ത്രിസഭയുടെ കാലത്ത് സമരം ചെയ്ത കശുവണ്ടി തൊഴിലാളികളെ പോലീസിനെ ഉപയോഗിച്ച് വെടിവെച്ച് കൊന്നു. എന്നിട്ട് പതിവ് തൊഴിലാളി പ്രേമമെന്ന വായ്ത്താരി മുഴക്കി. പക്ഷേ, സത്യം അതൊന്നുമായിരുന്നില്ലെന്ന് കമ്യൂണിസ്റ്റ് സ്ഥാപക നേതാവും സി.പി.ഐ കേന്ദ്ര കമ്മറ്റി അംഗവുമായിരുന്ന കെ ദാമോദരൻ വ്യക്തമാക്കിയിട്ടുണ്ട്.
പ്രശസ്ത മാധ്യമ പ്രവർത്തകനായ താരിഖ് അലിക്ക് നൽകിയ അഭിമുഖത്തിൽ ഇ.എം.എസ് സർക്കാരിന്‍റെ പോലീസ് നയത്തിലെ പൊള്ളത്തരം തുറന്ന് കാണിച്ചിട്ടുണ്ട്. ‘ഒരു ഇന്ത്യൻ കമ്യൂണിസ്റ്റിന്‍റെ ഓർമ്മക്കുറിപ്പുകൾ’ എന്ന പുസ്തകത്തിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. സി.പി.ഐ യുടെ സ്റ്റേറ്റ് കൗൺസിൽ യോഗം നടക്കുമ്പോഴായിരുന്നു സമരം ചെയ്ത തൊഴിലാളികളെ വെടിവെച്ച വിവരം അറിഞ്ഞതെന്ന് ദാമോദരൻ പറയുന്നുണ്ട്.
ചന്ദനത്തോപ്പിൽ സമരം നടത്തിയ ആർ.എസ്.പി തൊഴിലാളികൾക്കെതിരെ പോലിസ് നടത്തിയ വെടിവെപ്പിനെ അപലപിക്കുക, തൊഴിലാളികളോട് മാപ്പു പറയുക, അന്വേഷണ മേർപ്പെടുത്തുക ഇതൊക്കെയായി രുന്നു തൊഴിലാളി വർഗ പാർട്ടിയുടെ സഹജമായ നിലപാട്. പക്ഷേ, ഇ.എം.എസ് ഉൾപ്പടെയുള്ള നേതാക്കൾ ഇടപെട്ടതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. അതേക്കുറിച്ച് ദാമോദരൻ ഇങ്ങനെ പറയുന്നു.
“നാം പോലീസിനെ ആക്രമിച്ചാൽ , അവരുടെ വീര്യം കാര്യമായി കുറയും. അവരുടെ വീര്യം ഗണ്യമായി കുറഞ്ഞാൽ കമ്യൂണിസ്റ്റ് വിരുദ്ധ പ്രസ്ഥാനത്തിന് ശക്തി കൂടും. വിരുദ്ധ പ്രസ്ഥാനത്തിന് ശക്തി കൂടിയാൽ നമ്മുടെ ഗവണ്മെന്‍റ് മറിഞ്ഞു വീഴും. നമ്മുടെ ഗവണ്മെന്‍റ് മറിഞ്ഞുവീണാൽ അത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരായ വലിയൊരടിയായിരിക്കും. പാർട്ടി ഒടുവിൽ പാസാക്കിയ പ്രമേയം പോലിസിന്‍റെ പ്രവർത്തിയെ ന്യായീകരിക്കുന്നതായിരുന്നു. ആരെങ്കിലുമൊരാൾ ഞങ്ങളുടെ വീക്ഷണം വിശദീകരിക്കാനും ആർ.എസ്.പി യെ ആക്രമിക്കാനും പോലീസിന്‍റെ പ്രവർത്തിയെ ന്യായീകരിക്കാനുമായി സ്ഥലത്ത് പോകേണ്ടതാണെന്നും നിശ്ചയിക്കപ്പെട്ടു. ( പാർട്ടിയിൽ പണ്ടേ ന്യായീകരണ തൊഴിലാളികൾ ഉണ്ടായിരുന്നു). ഞാൻ പാർട്ടിയുടെ ശക്തരായ മലയാളം പ്രസംഗക്കാരിൽ ഒരാളെന്നായിരുന്നു സങ്കല്പം . അതിനാൽ കേരള കമ്യൂണിസ്റ്റ് പാർട്ടിയെ പ്രതിനിധാനം ചെയ്ത് സംസാരിക്കാൻ ഞാൻ നിയോഗിക്കപ്പെട്ടു. പറ്റില്ലെന്ന് പറയാനും കൗൺസിലെടുത്ത തീരുമാനം എനിക്ക് ദഹിച്ചിട്ടില്ലാത്തതിനാൽ എനിക്കതിനെ ന്യായീകരിക്കാൻ കഴിയില്ലെന്ന് അഭിപ്രായപ്പെടാനുമായിരുന്നു എനിക്ക് തോന്നിയത്. അപ്പോൾ പാർട്ടി നേതൃത്വം ഔപചാരികമായിത്തന്നെ എന്നോട് പോയി പാർടിയെ ന്യായീകരിക്കാനാവശ്യപ്പെട്ടു.
ഞാൻ പോയി ഒന്നര മണിക്കൂർ സംസാരിച്ചു. തനി വായാടിത്തം. മൂന്ന് തൊഴിലാളികളുടെ മരണം ഞാൻ ആർ.എസ്.പിയുടെ നിരുത്തരവാദിത്തത്തിൽ ആരോപിച്ചു. ഈ തൊഴിലാളികളെ കൊലയ്ക്ക് കൊടുത്തതെന്തിനാണെന്ന് ജനങ്ങളോട് വിശദീകരിക്കാൻ ഞാനവരോട് ആവശ്യപ്പെട്ടു. പണിമുടക്കിന്‍റെ നേതാക്കളെ പരുഷമായി ആക്രമിച്ചു. അന്നു രാത്രി വീട്ടിൽ മടങ്ങിയെത്തിയപ്പോൾ എനിക്ക് ഉള്ളിൽ ഓക്കാനം വന്നു. എനിക്കുറങ്ങാനായില്ല. പാർട്ടിയെ ന്യായീകരിക്കുന്ന പണി ഞാൻ നിഷേധിക്കേണ്ടതായിരുന്നുവെന്ന് എനിക്ക് തോന്നി. എനിക്ക് ഭ്രാന്ത് പിടിക്കുമെന്ന് തോന്നിപ്പോയി. ഞാൻ ഭാര്യയെ ശകാരിച്ചു. എന്നെ ഇത്തരമൊരവസ്ഥയിൽ കൊണ്ടെത്തിച്ച പാർട്ടി നേതാക്കളോട് ആക്രോശിക്കുകയും അവരെ ശകാരിക്കുകയും ചെയ്യേണ്ടതിന് പകരം, ഞാനെന്‍റെ ഭാര്യയോട് വക്കാണം കൂടി… പിറ്റേന്ന് മൂന്ന് സ്ഥലങ്ങളിൽ അതേ പ്രസംഗം നടത്താൻ എന്നോടാവശ്യപ്പെട്ടു. ഇക്കുറി ഞാൻ കണ്ണടച്ചു നിരസിച്ചു. അതവർ സ്വീകരിച്ചു ” – (പേജ്. 51 – 52 )
അധികാരമാണ് കമ്യൂണിസ്റ്റുകാരുടെ പരമമായ ലക്ഷ്യം. അത് നിലനിർത്താൻ പോലീസിനെ തരാതരം പോലെ ഉപയോഗിക്കും. എന്നിട്ട് വിഡ്ഡികളായ അണികൾക്കായി ന്യായീകരണ ഹോമം നടത്തും. എല്ലാ കരിനിയമങ്ങളും നടപ്പാക്കും. കുറ്റം പോലീസിന്‍റെ യും ഉദ്യോഗസ്ഥരുടേയും തലയിൽ കെട്ടിവെച്ച് ന്യായീകരണം നടത്തും. എന്നിട്ട് നേതാക്കളെയും പാർട്ടിയേയും പാടിപ്പുകഴ്ത്തും – മേമ്പൊടിക്ക് കോൺഗ്രസ്, ബി.ജെപി നേതാക്കളെ പത്ത് പുലഭ്യവും പറയും. വീണ്ടും ശിക്കാരി ശംഭു പഴയ തട്ടിപ്പും ന്യായീകരണവുമായി നാട്ടിലിറങ്ങും – നാട്ടുകാരെ പറ്റിക്കും.
– റോയ് മാത്യു (മാധ്യമപ്രവർത്തകന്‍)