‘ഓക്സിജന്‍ മാന്‍ ജനങ്ങളെ സഹായിക്കുകയായിരുന്നു’ ; ശ്രീനിവാസിന് ഡല്‍ഹി പൊലീസിന്‍റെ ക്ലീന്‍ ചിറ്റ്

Jaihind Webdesk
Monday, May 17, 2021

ന്യൂഡല്‍ഹി : യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി ശ്രീനിവാസിന് ക്ലീന്‍ ചിറ്റ് നല്‍കി ഡല്‍ഹി പൊലീസ്. ശ്രീനിവാസിനെതിരായ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കി. ആരോപണ വിധേയരായ മറ്റ് എട്ട് പേര്‍ക്കും പോലീസ് ക്ലീന്‍ ചിറ്റ് നല്‍കി.

കൊവിഡ് ദുരിതത്തില്‍ വലയുന്ന ജനത്തെ സഹായിക്കാന്‍ ശ്രീനിവാസിന്‍റെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ്24 മണിക്കൂറും കര്‍മനിരതരായി രംഗത്തുണ്ട്. കൊവിഡ് രോഗികള്‍ക്ക് ഓക്സിജന്‍ എത്തിക്കുന്ന പ്രവര്‍ത്തനം ഏവരാലും പ്രശംസിക്കപ്പെടുകയും ചെയ്തിരുന്നു. ഓക്‌സിജന്‍ ക്ഷാമം മൂലം ദുരിതത്തിലായ ജനങ്ങള്‍ ശ്രീനിവാസിനെ ടാഗ് ചെയ്യുകയും അവര്‍ക്ക് അത് ലഭ്യമാകുകയും ചെയ്തതോടെ ഓക്‌സിജന്‍ മാന്‍ എന്ന വിളിപ്പേരും ശ്രീനിവാസിന് വിശേഷണമായിലഭിച്ചു. എന്നാല്‍ ശ്രീനിവാസ് ഉള്‍പ്പെടെയുള്ള ചില രാഷ്ട്രീയ നേതാക്കള്‍ കോവിഡ് പ്രതിരോധ, ചികിത്സാ ഉപകരണങ്ങള്‍ പൂഴ്ത്തിവെക്കുന്നുവെന്നും കരിഞ്ചന്തയില്‍ വില്‍ക്കുന്നുവെന്നുമുള്ള പരാതിയിലാണ് ഇദ്ദേഹത്തിനെതിരെ അന്വേഷണം നടത്താന്‍ കോടതി ആവശ്യപ്പെട്ടത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഉറവിടം ഏതാണെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീനിവാസിനെ ഡല്‍ഹി പൊലീസ് ക്രൈംബ്രാഞ്ച് വെള്ളിയാഴ്ച ചോദ്യം ചെയ്തിരുന്നു.

ചോദ്യംചെയ്യലിന്‍റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ ഇടക്കാല റിപ്പോര്‍ട്ടില്‍ ആണ് ശ്രീനിവാസിന് ക്ലീന്‍ ചിറ്റ് നല്‍കിയത്. മരുന്നും ഓക്‌സിജനും പണം ഈടാക്കാതെ നല്‍കി ആളുകളെ സഹായിക്കുകയായിരുന്നു ശ്രീനിവാസ് എന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആരോപണ വിധേയരായ 9 പേര്‍ക്കെതിരെ പ്രാഥമിക അന്വേഷണത്തില്‍ തെളിവുകളില്ലെന്നും ഇതിന്‍റെ അടിസ്ഥാനത്തിലാണ് ക്ലീന്‍ ചിറ്റ് നല്‍കിയതെന്നും പോലീസ് വ്യക്തമാക്കി.

ദുരിതമനുഭവിക്കുന്നവർക്ക് എത്രയും വേഗം സഹായമെത്തിക്കുക മാത്രമാണ് ലക്ഷ്യമെന്നും എന്തു തടസം നേരിട്ടാലും അതിൽ നിന്ന് പിന്നോട്ടില്ലെന്നും സഹായം തുടരുമെന്നും ബി.വി ശ്രീനിവാസ് വ്യക്തമാക്കി. ശ്വാസം കിട്ടാതെ പിടയുന്നവർക്കു സഹായമെത്തിച്ചതാണോ കുറ്റമെന്നും അദ്ദേഹം ചോദിച്ചു. ആരെയും ഭയക്കാതെ മുന്നോട്ടു പോവുക എന്ന സന്ദേശമാണ് രാഹുൽ ഗാന്ധി നൽകിയിരിക്കുന്നത്. രാജ്യതലസ്ഥാനത്തും മറ്റു സംസ്ഥാനങ്ങളിലും കൊവിഡ് ബാധിതർക്കു സഹായമെത്തിക്കാൻ യൂത്ത് കോൺഗ്രസ് രാപ്പകൽ അധ്വാനിക്കുകയാണ്. പൊലീസിനെ ഉപയോഗിച്ച് അത് അട്ടിമറിക്കാമെന്നു കരുതേണ്ട. ജനങ്ങളെ സഹായിക്കാൻ കഴിവിന്‍റെ പരമാവധി  പ്രവർത്തിക്കുമെന്നും ശ്രീനിവാസ് വ്യക്തമാക്കി.