ശ്രീലങ്കയില്‍ TNA പിന്തുണ നേടാന്‍ രജപക്സെയുടെ നീക്കം

ശ്രീലങ്കയിൽ തമിഴ് നാഷണൽ അലയൻസിന്‍റെ പിന്തുണ ഉറപ്പിക്കാൻ നിലവിലെ പ്രധാനമന്ത്രി രജപക്സെയുടെ നീക്കം. ആഭ്യന്തരയുദ്ധത്തിൽ ജയിലിലടച്ച തമിഴ് തടവുകാരെ മോചിപ്പിച്ച് ടി.എൻ.എയുടെ പിന്തുണ ഉറപ്പിക്കാനുള്ള നീക്കമാണ് ആരംഭിച്ചിട്ടുള്ളത്. പ്രസിഡന്‍റ് മൈത്രിപാല സിരിസേന പ്രധാനമന്ത്രി റനിൽ വിക്രമസിംഗയെ പുറത്താക്കിയതിനെ തുടർന്നുള്ള രാഷ്ട്രീയ അസ്ഥിരത ശ്രീലങ്കയിൽ തുടരുകയാണ്.

2009ൽ എൽ.ടി.ടി.ഇയുമായുള്ള പോരാട്ടം അവസാനിച്ചതിന് പിന്നാലെ ജയിലിലടച്ച തമിഴ് തടവുകാരെ മോചിപ്പിക്കാമെന്നാണ് രജപക്സെ വാഗ്ദാനം നൽകിയിട്ടുള്ളത്. 100 എം.പിമാരുടെ പിന്തുണയാണ് നിലവിൽ രജപക്സെക്കുള്ളത്. നിലവിൽ 103 എം.പിമാരുടെ പിന്തുണയുള്ള പുറത്താക്കപ്പെട്ട പ്രധാനമന്ത്രി വിക്രമസിംഗെയെ മറികടക്കാനാണ് രജപക്സെ ഇത്തരത്തിൽ നീക്കം നടത്തുന്നത്. 225 അംഗ പാർലമെന്‍റിൽ 113 അംഗങ്ങളുടെ പിന്തുണ നേടിയാൽ പാർലമെന്‍റിൽ ഭൂരിപക്ഷം നിലനിർത്താനാവും. 15 അംഗങ്ങളാണ് ടി.എൻ.എയ്ക്കുള്ളത്. ഇവരുടെ പിന്തുണ ഈ നീക്കത്തിലൂടെ ഉറപ്പിച്ചാൽ രജപക്സെക്ക് പ്രധാമന്ത്രി സ്ഥാനത്ത് തുടരാനാവും.

ആഭ്യന്തര യുദ്ധത്തിനു ശേഷം മഹീന്ദ രജപക്സെ പ്രസിഡന്‍റായിരുന്നപ്പോഴാണ് എൽ.ടി.ടി അനുകൂലികളെ ജയിലിലടച്ചത്. ഇവർക്കെതിരെ ഭീകര വിരുദ്ധ നിയമവും പ്രയോഗിച്ച അന്നത്തെ സർക്കാർ ഇവരെ രാഷ്ട്രീയത്തടവുകാരായി പരിഗണിച്ചിരുന്നില്ല. എന്നാൽ രജപക്സെയ്ക്ക് അനുകൂലമായി ടി.എൻ.എയിൽ നിന്നും പ്രതികരണങ്ങളുണ്ടായിട്ടില്ല. രജപക്സെക്കെ് എതിരായ അവിശ്വാസത്തെ പിന്തുണയ്ക്കുമെന്ന നിലപാടാണ് നിലവില്‍ ടി.എൻ.എയ്ക്കുള്ളത്.

Mahinda Rajapaksa
Comments (0)
Add Comment