ഈസ്റ്റർ ദിന ചാവേർ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത് 253 പേരെന്ന് ഔദ്യോഗിക കണക്ക്


ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിലുണ്ടായ ചാവേർ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം പുറത്ത്‌വിട്ട് സർക്കാർ. സ്‌ഫോടനങ്ങളിൽ 253 പേരാണ് മരിച്ചതെന്ന് സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. നേരത്തെ 353 പേർ മരിച്ചതായാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത്.

നേരത്തെ അനൗദ്യോഗിക കണക്കുകൾ പുറത്തുവന്നതിലും കുറവാണെന്ന് ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. മൃതദേഹങ്ങൾ പരിശോധിച്ചപ്പോഴുണ്ടായ പിഴവാണ് മരണ സംഖ്യ തെറ്റായി കണക്കാക്കാൻ ഇടയാക്കിയതെന്നും ലങ്കൻ അധികൃതർ അറിയിച്ചു. മൃതദേഹങ്ങൾ ചിതറിയ നിലയിലായിരുന്നതിനാൽ ഒരാളുടെ തന്നെ മൃതദേഹം പലതായി കണക്കാക്കി. വ്യാഴാഴ്ച രാത്രിയോടെയാണ് പോസ്റ്റ്‌മോർട്ടം നടപടികൾ അവസാനിച്ചത്. ഇതിനു ശേഷമാണ് കൃത്യമായ കണക്ക് ലഭിച്ചതെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.മൂന്നു ക്രൈസ്തവ ദേവാലയങ്ങളിലും നക്ഷത്ര ഹോട്ടലുകളിലുമായാണ് ഈസ്റ്റർ ദിനത്തിൽ സ്‌ഫോടന പരമ്പര അരങ്ങേറിയത്. അഞ്ഞൂറോളം പേർ പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇവരിൽ പലരുടേയും നില ഗുരുതരമാണ്. ഭീകരർക്കായി പോലീസ് റെയ്ഡ് തുടരുകയാണ്.സംഭവുമായി ബന്ധപ്പെട്ട് ഏഴു പേർ കൂടി ഇനി പിടിയിലാകാനുണ്ട്. ഇവരുടെ ചിത്രങ്ങൾ പോലീസ് പുറത്തുവിട്ടു. പ്രദേശിക തീവ്ര ഇസ്ലാമിക് സംഘടനയായ നാഷണൽ തൗഹീദ്ജമാ അത്ത് (എൻടിജെ) ആണ് ആക്രമണത്തിനു പിന്നിലെന്നാണ് പോലീസ് കരുതുന്നത്. എന്നാൽ ഭീകരർക്ക് പുറത്തുനിന്നും സഹായം ലഭിച്ചതായും പോലീസ് സംശയിക്കുന്നു. വിദേശ സഹായത്തോടെയാണ് ഭീകരാക്രമണ പദ്ധതി നടപ്പാക്കിയതെ ന്നാണ് വിലയിരുത്തൽ. ഇസ്ലാമിക ത്രീവവാദികൾക്കെതിരേ കർക്കശ നടപടിക്കാണ് ശ്രീലങ്ക തയാറെടുക്കുന്നത്.

Comments (0)
Add Comment