പ്രസിഡന്‍റും പ്രധാനമന്ത്രിയും രാജിവെക്കണമെന്ന് സർവകക്ഷിയോഗം: രാജിസന്നദ്ധത അറിയിച്ച് വിക്രമസിംഗെ; പ്രധാനമന്ത്രിയുടെ വസതിയും കയ്യേറി പ്രക്ഷോഭകര്‍

കൊളംബോ: സാമ്പത്തിക പ്രതിസന്ധിക്ക് പിന്നാലെ ആഭ്യന്തര കലാപം രൂക്ഷമായ സാഹചര്യത്തില്‍ രാജി സന്നദ്ധത അറിയിച്ച് ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ.  പ്രക്ഷോഭക്കാർ പ്രസിഡന്‍റിന്‍റെ വസതി കയ്യേറിയതിന് പിന്നാലെ  പ്രധാനമന്ത്രി അടിയന്തര സര്‍വകക്ഷി യോഗം വിളിച്ചിരുന്നു. ഈ യോഗത്തില്‍ പ്രസിഡന്‍റും പ്രധാനമന്ത്രിയും രാജിവെക്കണമെന്ന് ആവശ്യമുയർന്നു. ഇതിന് പിന്നാലെ പ്രധാനമന്ത്രി രാജി സന്നദ്ധത അറിയിക്കുകയായിരുന്നു. സർവകക്ഷി സർക്കാർ രൂപീകരണത്തിന് തയാറെന്നും വിക്രമസിംഗെ അറിയിച്ചു.

അതേസമയം പ്രസിഡന്‍റ് ഗോട്ടബയ രാജപക്‌സെയും രാജിസന്നദ്ധത അറിയിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഒരു സൈനിക കപ്പലില്‍ ഇരുന്നാണ് അദ്ദേഹം രാജി സന്നദ്ധത അറിയിച്ചതെന്നാണ് വിവരം. പ്രസിഡന്‍റിന്‍റെ വസതി പ്രക്ഷോഭകര്‍ കൈയടക്കുന്നതിന് മുമ്പേ അദ്ദേഹം രാജ്യം വിട്ടതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. സൈനിക കപ്പലില്‍ ലങ്കന്‍ തീരത്തുതന്നെയുള്ള പ്രസിഡന്‍റ് നിലവിലെ കലുഷിതമായ സാഹചര്യം മാറിയാല്‍ മാത്രമേ കൊളംബോയിലേക്ക് തിരിച്ചെത്തുകയുള്ളുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

പോലീസ് ബാരിക്കേഡുകള്‍ ഭേദിച്ച് പതിനായരിക്കണക്കിന് ജനങ്ങളാണ് ശനിയാഴ്ച പ്രസിഡന്‍റിന്‍റെ വസതിയിലേക്ക് ഇരച്ചുകയറിയത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്ന് ബസുകളിലും ട്രെയിനുകളിലുമാണ് പ്രക്ഷോഭകര്‍ കൊളംബോയിലേക്ക് എത്തിയത്. വിവിധ ഇടങ്ങളില്‍ റോഡ്, ട്രെയിന്‍ ഗതാഗതം പ്രക്ഷോഭകര്‍ നിയന്ത്രണത്തിലാക്കി. കൊളംബോ നഗരം പൂര്‍ണമായും പ്രക്ഷോഭകരുടെ നിയന്ത്രണത്തിലാണ്. കൂടുതല്‍ പ്രക്ഷോഭകര്‍ കൊളേമ്പോയിലേക്ക് ഒഴുകിയെത്തുകയാണ്. പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെ വസതിയും പ്രക്ഷോഭകർ കയ്യേറിയതയാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.

Comments (0)
Add Comment