ശ്രീലങ്കയിൽ വീണ്ടും സ്‌ഫോടനം

Jaihind Webdesk
Thursday, April 25, 2019

ശ്രീലങ്കയിൽ വീണ്ടും സ്‌ഫോടനം. കൊളംബോയിൽ നിന്ന് 40 കിലോമീറ്റർ അകലെ പുഗോഡയിലാണ് സ്‌ഫോടനം ഉണ്ടായത്. കോടതിയ്ക്ക് സമീപം ഒഴിഞ്ഞ പറമ്പിലായിരുന്നു സ്‌ഫോടനം. ആളപായമില്ല.

പുഗോഡയിലെ സ്‌ഫോടനം പൊലീസ് അന്വേഷിക്കുകയാണ്. ഈസ്റ്റർ ദിനത്തിൽ നടന്ന സ്‌ഫോടനങ്ങളിൽ ഉപയോഗിച്ച തരം സ്‌ഫോടക വസ്തു അല്ല ഉപയോഗിക്കപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. സ്‌ഫോടന പരമ്പരയ്ക്ക് കാരണം സുരക്ഷാവീഴ്ചയെന്ന് ശ്രീലങ്ക സമ്മതിച്ചു. സുരക്ഷാ വീഴ്ചക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി തുടങ്ങി. പൊലീസ് മേധാവിയോടും പ്രതിരോധ സെക്രട്ടറിയോടും രാജിവെക്കാൻ പ്രസിഡൻറ് മൈത്രിപാല സിരിസേന ആവശ്യപ്പെട്ടു. രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പു നൽകിയിട്ടും പ്രതികരിക്കാത്തതിനാണ് നടപടി. കൊളംബോയിൽ ഭീകരാക്രമണ സാധ്യതയുള്ളതായി ഈ മാസം ആദ്യം എൻഐഎ അടക്കമുള്ള ഏജൻസികൾ ശ്രീലങ്കയ്ക്ക് വിവരം നൽകിയിരുന്നു.
ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയെ നടുക്കിയ സ്‌ഫോടന പരമ്പരയിൽ ആക്രമണം നടത്തിയത് ഒരു സ്ത്രീയുൾപ്പെടെ 9 ചാവേറുകളാണെന്നാണ് വിവരം, മൂന്ന് പള്ളികളിലും നാല് ഹോട്ടലുകളിലുമാണ് ചാവേറുകൾ ആക്രണം നടത്തിയത്. ആക്രണത്തിൻറെ ഉത്തരവാദിത്തം പിന്നീട് ഐഎസ് ഏറ്റെടുത്തിരുന്നു.

ഈസ്റ്റര്‍ ദിനത്തില്‍ എട്ടിടങ്ങളിലായുണ്ടായ സ്ഫോടനങ്ങളില്‍ 320 ലേറെ പേര്‍ കൊല്ലപ്പെടുകയും അഞ്ഞൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മരിച്ചവരിൽ 8 ഇന്ത്യക്കാരും ഉൾപ്പെടുന്നു. കൊളംബോയിലെ സെന്‍റ് ആന്‍റണീസ് പള്ളി, നെഗോംബോയിലെ സെന്‍റ് സെബാസ്റ്റ്യന്‍ പള്ളി, കിഴക്കന്‍ നഗരമായ ബട്ടിക്കലോവയിലെ സെന്‍റ് മിഖായേല്‍ പള്ളി, കൊളംബോയിലെ ആഢംബര ഹോട്ടലുകളായ ഷാന്‍ഗ്രി-ലാ, സിനമണ്‍ ഗ്രാന്‍ഡ്, കിംഗ്സ്ബറി എന്നിവിടങ്ങളിലും കൊളംബോയിലെ ദേഹിവെലയിലെ പ്രശസ്തമായ മൃഗശാലയ്ക്ക് സമീപമുള്ള ഹോട്ടലിലും തെമെട്ടകൊടെ ജില്ലയിലുമാണ് സ്‌ഫോടനങ്ങളുണ്ടായത്. ഈസ്റ്റര്‍ ദിന പ്രത്യേക പ്രാര്‍ത്ഥനകള്‍ നടക്കുന്ന സമയങ്ങളിലാണ് സ്ഫോടനങ്ങളുണ്ടായത്.

ചാവേർ സ്ഫോടനപരമ്പരയുടെ ഉത്തരവാദിത്തം ഇസ്‌ലാമിക് സ്റ്റേറ്റ് (ISIS) ഏറ്റെടുത്തു. ഐ.എസിന്‍റെ ഔദ്യോഗിക ന്യൂസ് പോര്‍ട്ടലായ അല്‍ അമാഖ് വഴിയാണ് സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി അറിയിപ്പ് വന്നത്. തങ്ങളെ ആക്രമിക്കുന്ന രാജ്യങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും എതിരെയുള്ള മുന്നറിയിപ്പാണ് ശ്രീലങ്കയിലെ ആക്രമണമെന്ന് ഇസ്‌ലാമിക് സ്റ്റേറ്റ് വ്യക്തമാക്കി.