ശ്രീ എം ഭൂമി വിവാദം : മുഖ്യമന്ത്രിയുടെയും കടകംപള്ളിയുടെയും രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് മാർച്ച്

Jaihind News Bureau
Monday, March 8, 2021

 

തിരുവനന്തപുരം : ശ്രീഎമ്മിന്‍റെ യോഗാ ഫൗണ്ടേഷന് തിരുവനന്തപുരത്ത് സർക്കാർ നാലേക്കർ ഭൂമി നൽകിയതിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ്. സർക്കാർ തീരുമാനം പിൻവലിക്കണമെന്നും മുഖ്യമന്ത്രിയും മന്ത്രി കടകംപള്ളി സുരേന്ദ്രനും രാജിവെക്കണമെന്നും ആവശ്യപ്പെട്ട് ചെറുവയ്ക്കൽ വില്ലേജ് ഓഫീസിലേക്ക് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി.

ഉള്ളൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മാർച്ച് ഡിസിസി പ്രസിഡന്‍റ് നെയ്യാറ്റിൻകര സനൽ ഉദ്‌ഘാടനം ചെയ്‌തു. ശ്രീ എമ്മിന് ഭൂമി നൽകിയതിലൂടെ സിപിഎമ്മും ആർഎസ്എസും തമ്മിലുള്ള ബന്ധം പുറത്തുവന്നെന്ന് നെയ്യാറ്റിൻകര സനൽ പറഞ്ഞു. ശ്രീ എം നേതൃത്വം നല്‍കുന്ന സത്സംഗ് ഫൗണ്ടേഷന് യോഗ ആന്‍റ് റിസര്‍ച്ച് സെന്‍റര്‍ സ്ഥാപിക്കുന്നതിന് നാലേക്കര്‍ സ്ഥലം നിബന്ധനകളോടെ പത്ത് വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കിയ സർക്കാർ ഉത്തരവ് നേരത്തെ വിവാദമായിരുന്നു.

സിപിഎം-ആർഎസ്എസ് ബാന്ധവമെന്ന ആരോപണത്തെ ശരിവെക്കുന്ന വിവരങ്ങളാണ് ശ്രീ എമ്മുമായി ബന്ധപ്പെട്ട് ഈയിടെ പുറത്തുവന്നത്. സിപിഎമ്മും ആർഎസ്എസുമായി ചർച്ചകള്‍ നടന്നിരുന്നുവെന്ന വെളിപ്പെടുത്തല്‍ വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ചർച്ചകള്‍ക്ക് ഇടനിലക്കാരനായത് ശ്രീ എം ആയിരുന്നു. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും അടക്കമുള്ള സിപിഎം നേതാക്കള്‍ ചർച്ചയില്‍ പങ്കെടുത്തു. ആർഎസ്എസ് സഹയാത്രികനായ ശ്രീ എമ്മിനുള്ള പ്രത്യുപകാരമായാണ് പിണറായി സർക്കാർ ഭൂമി അനുവദിച്ചതെന്നാണ് ഉയരുന്ന ആക്ഷേപം.