കൊളംബോ: അടിയന്തരാവസ്ഥയ്ക്കും കർഫ്യൂവിനും പിറകെ ശ്രീലങ്കയിൽ സാമൂഹ്യമാധ്യമങ്ങള്‍ക്കും വിലക്കേർപ്പെടുത്തി സർക്കാർ. ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്സ്ആപ്പ്, യൂട്യൂബ്, സ്നാപ് ചാറ്റ്, ഇന്‍സ്റ്റഗ്രാം എന്നിവയുള്‍പ്പെടെ പന്ത്രണ്ടോളം സമൂഹിക മാധ്യമങ്ങള്‍ക്കാണ് വിലക്ക്.
തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാനാണ് നടപടിയെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. ശ്രീലങ്കയില്‍ പ്രതിഷേധങ്ങള്‍ രൂക്ഷമായതിനെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി വൈകി രാജ്യവ്യാപക അടിയന്തരാവസ്ഥയും ശനിയാഴ്ച വൈകിട്ട് ആറുമുതല്‍ 36 മണിക്കൂര്‍ കര്‍ഫ്യൂവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ‘അറബ് വസന്ത’പ്രക്ഷോഭങ്ങളുടെ മാതൃകയില്‍ ഞായറാഴ്ച രാജ്യവ്യാപക പ്രതിഷേധ പ്രകടനങ്ങള്‍ക്ക് സാധ്യതയുള്ള പശ്ചാത്തലത്തിലാണ് തിങ്കളാഴ്ച രാവിലെ 6 മണി വരെ കര്‍ഫ്യൂ പ്രഖ്യാപിച്ചത്. പ്രസിഡന്‍റ് ഗോതാബയ രാജപക്സെയുടെ മിരിഹാനയിലെ വീടിനുമുന്നില്‍ കഴിഞ്ഞദിവസം നടന്ന പ്രതിഷേധപ്രകടനം അക്രമാസക്തമായിരുന്നു. ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിൽ വന്‍ പ്രതിഷേധമാണ് അരങ്ങേറുന്നത്. പ്രസിഡന്‍റ് സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭകാരികള്‍ പൊലീസുമായി ഏറ്റുമുട്ടി.
ബസ്, ട്രെയിന്‍ സർവീസുകള്‍ ശ്രീലങ്കയില്‍ തിങ്കളാഴ്ച രാവിലെ വരെ നിര്‍ത്തിവെച്ചിരിക്കുകയാണ്. രാജ്യത്തിന്‍റെ വിവിധഭാഗങ്ങളില്‍ പട്ടാളത്തെ വിന്യസിച്ചിട്ടുണ്ട്. രാജ്യമൊട്ടാകെ സുരക്ഷ ശക്തമാക്കിയതായതായി മന്ത്രാലയം അറിയിച്ചു. സ്വാതന്ത്ര്യം നേടിയ ശേഷം ശ്രീലങ്ക അഭിമുഖീകരിക്കുന്ന ഏറ്റവും ഭീകരമായ സാമ്പത്തിക മാന്ദ്യമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. ആഴ്ചകളായി ഭക്ഷണത്തിനും അവശ്യ വസ്തുക്കൾക്കും ഇന്ധനത്തിനും വാതകത്തിനും ഗുരുതരമായ ക്ഷാമത്തിലാണ് രാജ്യം. വൈദ്യുതി മുടക്കവും മരുന്നുകളുടെ ദൗർലഭ്യവും കാരണം ആശുപത്രികളുടെ പ്രവർത്തനത്തിലും തടസം നേരിടുന്നുണ്ട്.