‘ഈ ഭൂമിയില്‍ എന്താണ് വിലയ്ക്കു വാങ്ങാനാവാത്തത്? സത്യം, നീതി, നന്മ എല്ലാം മഹദ്വചനങ്ങളില്‍ ഉറങ്ങുന്നു’; പരോക്ഷ വിമര്‍ശനവുമായി ശ്രീകുമാരന്‍ തമ്പി

Jaihind News Bureau
Monday, December 8, 2025

നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയെ പരോക്ഷമായി വിമര്‍ശിച്ച് ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി. ബംഗാളി നോവലിസ്റ്റ് ബിമല്‍ മിത്ര എഴുതിയ ‘വിലയ്ക്കു വാങ്ങാം’ എന്ന പുസ്തകം മൂന്നാം തവണ വായിക്കുകയാണെന്ന് ഫെയ്‌സ്ബുക്കില്‍ കുറിച്ച ശ്രീകുമാരന്‍ തമ്പി ഈ ഭൂമിയില്‍ എന്തിനെയും വിലയ്ക്കു വാങ്ങാമെന്നും സത്യം, നീതി, നന്മ തുടങ്ങിയ മൂല്യങ്ങളെല്ലാം മഹദ്വചനങ്ങളില്‍ ഉറങ്ങുകയാണെന്നും ചൂണ്ടിക്കാട്ടി.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

“വിലയ്ക്കു വാങ്ങാം”
ഞാൻ ഇന്ന് വായിക്കാൻ എടുത്ത പുസ്തകം പ്രശസ്ത ബംഗാളി നോവലിസ്റ്റ് ബിമൽ മിത്ര എഴുതിയ” কড়ি দিয়ে কিনলাম “ന്റെ മലയാള പരിഭാഷ “വിലയ്ക്കു വാങ്ങാം”. മൂന്നാം തവണ വായിക്കുന്നു. ഈ ഭൂമിയിൽ എന്തും വിലയ്ക്കു വാങ്ങാം എന്നു വിശ്വസിക്കുന്ന അഘോരനപ്പൂപ്പൻ എന്ന കഥാപാത്രത്തെ മറക്കാനാവില്ല . സത്യമല്ലേ ? ഇന്ന് ഈ ഭൂമിയിൽ എന്താണ് വിലയ്ക്കു വാങ്ങാനാവാത്തത്. സത്യം , നീതി, നന്മ – എല്ലാം മഹദ്വചനങ്ങളിൽ ഉറങ്ങുന്നു.