വിഡ്ഢിയെന്ന് വിളിച്ചതിനെതിരെ മീണക്കെതിരെ കേസ് കൊടുക്കുമെന്ന് ശ്രീധരന്‍പിള്ള

Jaihind Webdesk
Wednesday, April 24, 2019

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തയതിന് ശേഷംമുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറോട് മാപ്പ് പറഞ്ഞുവെന്ന വാര്‍ത്ത നിഷേധിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി എസ് ശ്രീധരന്‍പിള്ള. താന്‍ മാപ്പ് പറഞ്ഞെന്നുള്ള ടിക്കാറാം മീണയുടെ പരാമര്‍ശം തെറ്റാണ്. താന്‍ പുറത്തിറങ്ങി വിഡ്ഢിത്തം വിളമ്പുകയാണെന്നാണ് മീണ മാധ്യമങ്ങളോട് പറഞ്ഞത്. അതെന്താണെന്ന് വ്യക്തമാക്കാന്‍ മീണ തയാറാകണം. തനിക്കെതിരെ വൈരാഗ്യ ബുദ്ധിയോടെയാണ് മീണ പ്രവര്‍ത്തിച്ചത്. ഒരു പൊതുപ്രവര്‍ത്തകനോടും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്തരത്തില്‍ പെരുമാറാന്‍ പാടില്ലെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും സിവില്‍ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.