ചാരവൃത്തി കേസില്‍ അറസ്റ്റിലായ വ്ലോഗര്‍ ജ്യോതി മല്‍ഹോത്ര കേരളത്തില്‍ വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടന യാത്രയില്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നു. അന്ന് കേന്ദ്രമന്ത്രിയായിരുന്ന ബിജെപി നേതാവ് വി മുരളീധരനുമായി ഇവര്‍ സംസാരിക്കുന്നതും വീഡിയോയില്‍ ഉണ്ട്. 2023 സെപ്റ്റംബര്‍ 24 ന് കാസര്‍കോട്ട് ഫ്ലാഗ്ഓഫ് ചെയ്ത, കേരളത്തിന്റെ രണ്ടാം വന്ദേഭാരതിലാണ് ഇവര്‍ യാത്ര ചെയ്തത്.
കേരള സര്‍ക്കാരിന്റ അതിഥിയായി കേരളത്തിലെത്തിയ ജ്യോതി മല്‍ഹോത്ര ഇതിനു ശേഷവും കേരളത്തില്‍ എത്തിയിരുന്നതായി സ്ഥിരീകരണമുണ്ട്. 2023 ഓഗസ്റ്റിലും തുടര്‍ന്ന് 2025 ജനുവരിയിലും ജ്യോതി കേരളം സന്ദര്‍ശിച്ചിരുന്നതായാണ് വിവരം . ട്രാവല്‍ വിത്ത് ജോ എന്ന തന്റെ വ്ലോഗിലൂടെ ഇവര്‍ കേരള സന്ദര്‍ശനത്തിന്റെ വിഡിയോകള്‍ പങ്കുവച്ചിട്ടുണ്ട്. ഇവ പരിശോധിക്കുന്ന കേന്ദ്ര ഏജന്‍സികള്‍, തിരുവനന്തപുരത്ത് തന്ത്രപ്രധാനമായ സ്ഥലങ്ങള്‍ ജ്യോതി കൂടുതലായി സന്ദര്‍ശിച്ചെന്നോ പ്രമുഖ വ്യക്തികളെ ബന്ധപ്പെട്ടെന്നോ എന്ന അന്വേഷണത്തിലാണ്.