സ്പ്രിങ്ക്‌ളറുമായി സര്‍ക്കാര്‍ നടത്തിയ എല്ലാ മെയില്‍ ഇടപാടുകളുടേയും രേഖകള്‍ ലഭ്യമാക്കണം; ചീഫ് സെക്രട്ടറിക്ക് വി.ഡി സതീശന്‍ കത്ത് നല്‍കി

Jaihind News Bureau
Friday, April 17, 2020

സ്പ്രിങ്ക്‌ളര്‍ കമ്പനിയുമായി സര്‍ക്കാര്‍ നടത്തിയ എല്ലാ മെയില്‍ ഇടപാടുകളുടേയും രേഖകള്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് വി.ഡി സതീശന്‍ എംഎല്‍എ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി. സംസ്ഥാന സര്‍ക്കാരിനുവേണ്ടി കരാര്‍ ഒപ്പുവയ്ക്കാന്‍ മന്ത്രിസഭ ഐ.ടി സെക്രട്ടറിയെ ചുമതലപ്പെടുത്തികൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഇക്കാര്യത്തിലില്ലെന്നും നിയമവകുപ്പ്, ധനകാര്യവകുപ്പ് എന്നിവയുടെ സൂക്ഷ്മപരിശോധന നടന്നിട്ടില്ലെന്നും വിഡി സതീശന്‍ കത്തില്‍ പറയുന്നു.

പ്രതിപക്ഷനേതാവ് ആരോപണം ഉന്നയിച്ചതിനുശേഷം ഏപ്രില്‍ 11,12 തീയതികളില്‍ ചില മെയിലുകള്‍ കമ്പനിയില്‍ നിന്നും വന്നിരുന്നു. വിവാദമായതിനുശേഷം കരാറുള്‍പ്പടെ ചില രേഖകള്‍ കൃതൃമമായി ഉണ്ടാക്കിയിട്ടുള്ളതായി സംശയം ഉയരുന്നുണ്ട്. കരാറില്‍ ഒപ്പുവെച്ചിരിക്കുന്ന ഒപ്പും സംശയാസ്പദമാണ്. ഈ പശ്ചാത്തലത്തില്‍ കരാറിന് മുന്‍പും കരാറിന് ശേഷവും സര്‍ക്കാര്‍ അമേരിക്കന്‍ കമ്പനിയുമായി നടത്തിയ എല്ലാ മെയില്‍ ഇടപാടുകളുടേയും രേഖകള്‍ ലഭ്യമാക്കണമെന്ന് വി.ഡി സതീശന്‍ ആവശ്യപ്പെടുന്നു.