വിവാദ സ്പ്രിങ്ക്ളർ കരാര്‍: രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവരുടെ ഹർജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

Jaihind News Bureau
Friday, April 24, 2020

 

സ്പ്രിങ്ക്ളർ ഡാറ്റാ കരാർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പടെയുള്ളവർ സമർപ്പിച്ച ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അതിനിടെ സ്പ്രിങ്ക്ളറിൽ സംസ്ഥാന സർക്കാരിന്‍റെ വാദം തള്ളി കേന്ദ്രം. വൻതോതിലുള്ള വിവര ശേഖരണത്തിന് ഇന്ത്യൻ സംവിധാനം പര്യാപ്തമെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ നൽകിയ
സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. സ്പ്രിങ്ക്ളർ കരാർ പൗരന്‍റെ വിവരങ്ങൾ സൂക്ഷിക്കാൻ പര്യാപ്തമല്ലെന്നും കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. ഇതോടെ സ്പ്രിങ്ക്ളർ ഡാറ്റാ കരാറിൽ സംസ്ഥാന സർക്കാർ കൂടുതൽ പ്രതിരോധത്തിലായി.

വൻതോതിലുള്ള വിവര ശേഖരണത്തിന് ഇന്ത്യൻ കമ്പനികളിൽ സംവിധാനമില്ല എന്നും സ്പ്രിങ്ക്ളർ ഇടപാടിലൂടെ വ്യക്തി വിവരങ്ങൾ ചോർന്നിട്ടില്ലെന്നുമാണ് കഴിഞ്ഞ ദിവസം സർക്കാർ കോടതിയെ അറിയിച്ചത്. എന്നാൽ കേന്ദ്ര സർക്കാരിന്‍റെ സത്യവാങ്മൂലം സംസ്ഥാന സർക്കാരിന് തിരിച്ചടിയായി. സ്പ്രിങ്ക്ളറില്‍ സംസ്ഥാന സർക്കാർ വാദം തളളിയാണ് കേന്ദ്ര സർക്കാർ സത്യവാങ് മൂലം സമർപ്പിച്ചത്. വൻതോതിലുള്ള വിവര ശേഖരണത്തിന് ഇന്ത്യൻ സംവിധാനം പര്യാപ്തമാണെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. സംസ്ഥാനം ആവശ്യപ്പെട്ടാൽ ഇത് നിർവഹിക്കാൻ കേന്ദ്രം തയാറാണ്. കേന്ദ്ര സർക്കാർ സ്ഥാപനമായ NIC യുടെ സഹായത്തോടെ വൻ തോതിലുള്ള വിവര ശേഖരണം സാധിക്കും. ആരോഗ്യ സേതു പദ്ധതി ഇതിന് ഉദാഹരണമാണ്. 7 കോടി ആളുകളുടെ വിവരമാണ് ഈ ആപ്പിലൂടെ സൂക്ഷിക്കുന്നത്.

സ്പ്രിങ്ക്ളർ കരാർ പൗരന്‍റെ വിവരങ്ങൾ സൂക്ഷിക്കാൻ പര്യാപ്തമല്ലെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. കമ്പനികളുമായി കരാർ ഒപ്പിടുന്നത് രാജ്യത്തെ ഐ.ടി ആക്ടിന് വിധേയമായിരിക്കണം. കരാറിൽ ഏർപ്പെടുന്ന സ്ഥാപനത്തിന്‍റെ വിശ്വാസ്യത വളരെ പ്രധാനമാണെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. സർക്കാർ ഏജന്‍സികൾ തന്നെ വ്യക്തി വിവരങ്ങൾ ശേഖരിച്ച് സൂക്ഷിക്കുന്നതാണ് ഉചിതമെന്നും കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു.

സ്പ്രിങ്ക്ളർ കരാർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പടെയുള്ളവർ സമർപ്പിച്ച ഹർജികൾ ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് കേന്ദ്രം സത്യവാങ്മൂലം നൽകിയത്. കോടതി നിർദ്ദേശത്തെ തുടർന്ന് ബുധനാഴ്ച സംസ്ഥാന സർക്കാരും ഹൈക്കോടതിയിൽ വിശദമായ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ഹർജി പരിഗണിച്ച ഡിവിഷൻ ബെഞ്ച് സ്പ്രിങ്ക്ളർ ഡാറ്റ ഇടപാടിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. ഹർജിയിൽ തീർപ്പുണ്ടാവുന്നതുവരെ സ്പ്രിങ്ക്ളറിന് വ്യക്തിവിവരങ്ങൾ അപ് ലോഡ് ചെയ്യരുതെന്നും കോടതി സർക്കാരിനോട്
നിർദ്ദേശിക്കുകയുണ്ടായി.