‘സ്പ്രിങ്ക്ളർ’ മുഖ്യമന്ത്രി അറിയാതെ ; നടപ്പാക്കിയവർക്ക് സാങ്കേതിക-നിയമ വൈദഗ്ധ്യമില്ല ; റിപ്പോർട്ടില്‍ ഗുരുതര കണ്ടെത്തലുകള്‍

Jaihind News Bureau
Wednesday, January 20, 2021

 

തിരുവനന്തപുരം : സ്പ്രിങ്ക്ളർ കരാർ നടപ്പാക്കിയവർക്ക് സാങ്കേതിക – നിയമ വൈദഗ്ധ്യം വേണ്ടത്രയില്ലെന്ന് വിദ്ഗധ സമിതിയുടെ അന്വേഷണ റിപ്പോർട്ട്. കരാർ ഒപ്പിട്ടത് മുഖ്യമന്ത്രി അറിയാതെയെന്നും സമിതി കണ്ടെത്തി. മുഖ്യമന്ത്രിയുടെ വകുപ്പുകളിൽ നടക്കുന്ന കാര്യങ്ങൾ പോലും അദ്ദേഹം അറിയുന്നില്ലെന്ന പ്രതിപക്ഷാരോപണം ശരിവയ്ക്കുന്നതാണ് പുറത്തുവന്ന വിദഗ്ധ സമിതി റിപ്പോർട്ട്. റിപ്പോർട്ടിന്‍റെ പകർപ്പ് ജയ്ഹിന്ദ് ന്യൂസിന് ലഭിച്ചു.

കൊവിഡ് വിവരവിശകലനത്തിന് സ്പ്രിങ്ക്ളറുമായി കരാറിലെത്തിയത് മുഖ്യമന്ത്രിയുടെ അനുമതിയോ ചീഫ് സെക്രട്ടറിയുടെ അറിവോ ഇല്ലാതെയാണെന്ന് മാധവന്‍ നമ്പ്യാര്‍– ഗുല്‍ഷന്‍ റായ് വിദഗ്ധസമിതിയുടെ റിപ്പോർട്ടിൽ പറയുന്നു. സ്പ്രിങ്ക്ളർ കരാർ വ്യവസ്ഥകൾ ദുരുപയോഗം ചെയ്യാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. യുഎസിലെ കോടതിയുടെ പരിധിയിൽ ആയതുകൊണ്ടുതന്നെ സ്പ്രിങ്ക്ളറിനെതിരെ നിയമ നടപടി എടുക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

കരാർ പുറത്തുകൊണ്ടുവന്ന പ്രതിപക്ഷ നേതാവിന്‍റെ ആരോപണങ്ങൾ ശരിവെക്കുന്നതാണ് വിദഗ്ധസമിതിയുടെ റിപ്പോർട്ട്. കരാര്‍ നടപ്പാക്കുന്നതിന് മുമ്പ് ആരോഗ്യവകുപ്പുമായോ നിയമവകുപ്പുമായോ ചര്‍ച്ച നടത്തിയില്ല. മുഖ്യമന്ത്രിയുടെ അറിവില്ലാത അന്നത്തെ ഐടി സെക്രട്ടറിയും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും ആയിരുന്ന എം ശിവശങ്കർ നേരിട്ടാണ് കരാർ നടപ്പാക്കിയതെന്ന് റിപ്പോർട്ടിൽ അടിവരയിട്ട് പറയുമ്പോഴും വിവാദങ്ങൾ അവസാനിക്കുന്നില്ല.

വിവിധ കേസുകളിൽപെട്ട് ജയിലിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ബലിയാടാക്കി ഇടത് സർക്കാർ സ്പ്രിങ്ക്ളർ വിവാദം കൈയ്യൊഴിയുകയാണെന്ന ആക്ഷേപവും ശക്തമാവുകയാണ്. തന്‍റെ വകുപ്പിനു കീഴിൽ നടക്കുന്ന ഒന്നും മുഖ്യമന്ത്രി അറിയുന്നില്ല എന്ന പ്രതിപക്ഷ ആരോപണത്തിന്‍റെഏറ്റവും അവസാനത്തെ ഉദാഹരണം കൂടിയാണ് സ്പ്രിങ്ക്ളറിനെ കുറിച്ചുള്ള വിദഗ്ധസമിതി റിപ്പോർട്ട്.