സ്പ്രിങ്ക്ളർ : പുതിയ സമിതിയുടെ പേരില്‍ ലക്ഷങ്ങള്‍ ധൂർത്തടിച്ച് സർക്കാർ


തിരുവനന്തപുരം : സ്പ്രിങ്ക്ളർ കരാറിലെ റിപ്പോർട്ട് വിശകലനം ചെയ്യാന്‍ നിയമിച്ച പുതിയ സമിതിയുടെ പേരില്‍ സർക്കാർ ധൂർത്ത്. ശമ്പളവും മറ്റ് അലവന്‍സുകളുമായി ലക്ഷങ്ങളാണ് സമിതിക്ക് വേണ്ടി ചെലവഴിക്കുന്നത്. സ്പ്രിങ്ക്‌ളര്‍ കരാര്‍ പരിശോധിച്ച മാധവന്‍ നമ്പ്യാര്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വിശകലനം ചെയ്യാനായും പഠിക്കാനുമായാണ് പുതിയ മൂന്നംഗ സമിതി രൂപീകരിച്ചത്.  മുന്‍ ജില്ലാ ജഡ്ജി കെ ശശിധരന്‍ നായരാണ് പുതിയ സമിതിയുടെ ചെയർമാന്‍.

സമിതി ചെയര്‍മാന് 75,000 രൂപയാണ് പ്രതിമാസ ശമ്പളം നിശ്ചയിച്ചിരിക്കുന്നത്. സമിതി അംഗമായ പ്രൊഫസര്‍ സുമേഷ് ദിവാകരന് 3,000 രൂപ സിറ്റിംഗ് ഫീസായി ലഭിക്കും. മറ്റൊരു അംഗമായ പ്രൊഫസർ ഡോ. വിനയ് ബാബുവിന്‍റെ പ്രതിഫലം തീരുമാനിച്ചിട്ടില്ല. സമിതിക്കാവശ്യമായ ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്.സ്പ്രിങ്ക്‌ളര്‍ കരാറില്‍ വീഴ്ചയുണ്ടായി എന്ന് കണ്ടെത്തിയ  മാധവന്‍ നമ്പ്യാര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നടപടിയെടുക്കാതെയാണ് സര്‍ക്കാര്‍ പുതിയ സമിതിയെ നിയമിച്ചത്.

കൊവിഡ് വിവര വിശകലനത്തിന് അമേരിക്കന്‍ കമ്പനിയായ സ്പ്രിങ്ക്‌ളറുമായി ഐ.ടി സെക്രട്ടറിയായിരുന്ന എം ശിവശങ്കര്‍ കരാറുണ്ടാക്കിയത് മുഖ്യമന്ത്രി പിണറായി വിജയനോ ചീഫ് സെക്രട്ടറിയോ അറിയാതെയും ആരോഗ്യവകുപ്പുമായി ആലോചിക്കാതെയുമെന്ന് ആദ്യ അന്വേഷണ സമിതിയുടെ കണ്ടെത്തല്‍. ധനകാര്യ- നിയമ വകുപ്പുകളുടെ ഉപദേശം തേടാതെയും നടപടി ക്രമങ്ങള്‍ പാലിക്കാതെയുമാണ് കരാറിലേര്‍പ്പെട്ടതെന്നും 1.8 ലക്ഷം പേരുടെ ഡാറ്റ സ്പ്രിംഗ്ലറിന് ലഭ്യമായിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. ഈ വിവരങ്ങള്‍ തിരിച്ചുകൈമാറിയോ എന്നത് സംബന്ധിച്ച് റിപ്പോർട്ടില്‍ പരാമർശമില്ല.

സ്പ്രിങ്ക്ളറിന് വഴിവിട്ട രീതിയില്‍ വിവരകൈമാറ്റം നടത്തുന്ന വിവരം പുറത്തുകൊണ്ടുവന്നത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്. സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യവിവരങ്ങള്‍ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് അമേരിക്കന്‍ കമ്പനിക്ക് കൈമാറിയത്. നിയമപരിഷ്‌ക്കാര കമ്മീഷന്‍ ഓഫീസിലായിരിക്കും പുതിയ സമിതിയുടെ പ്രവര്‍ത്തനം. സമിതിക്കാവശ്യമായ ജീവനക്കാരെയും നിയമിച്ചു.

 

Comments (0)
Add Comment