സ്പ്രിങ്ക്ളര്‍ ഡാറ്റാ കച്ചവടം: മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണം; പി.ബി നിലപാട് വ്യക്തമാക്കണം: മുല്ലപ്പള്ളി രാമചന്ദ്രന്‍

 

തിരുവനന്തപുരം: സ്പ്രിങ്ക്ളര്‍ ഡാറ്റാ കച്ചവടത്തില്‍ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. വിഷയത്തില്‍ സി.പി.എം പോളിറ്റ് ബ്യൂറോ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനാധിപത്യ തെരഞ്ഞടുപ്പുകള്‍ അട്ടിമറിക്കുന്നതിനായി ഡാറ്റ ദുരുപയോഗം ചെയ്ത് വിവാദത്തിലായ ക്രേംബ്രിഡ്ജ് അനലിസ്റ്റിക് എന്ന ബ്രട്ടീഷ് കമ്പനിക്കെതിരെ 2018 മാര്‍ച്ച് 24ന് അതിശക്തമായ നിലപാടെടുക്കുകയും പ്രസ്താവനയിറക്കുകയും ചെയ്ത സി.പി.എം പോളിറ്റ് ബ്യൂറോ സ്പ്രിങ്ക്ളര്‍ കമ്പനിയുമായി കേരള സര്‍ക്കാറിന്‍റെ ഡാറ്റാ കച്ചവടത്തില്‍ എന്ത് നിലപാടാണ് സ്വീകരിക്കാന്‍ പോകുന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ചോദിച്ചു.

ക്രേംബ്രിഡ്ജ് അനലിസ്റ്റിക്കുമായി സഹകരിച്ച് പ്രവര്‍ത്തിച്ച ഇന്ത്യന്‍ കമ്പനികള്‍ക്കെതിരെയും പി.ബി അന്ന് നിലാപാടെടുത്തിരുന്നു. സാങ്കേതിക വിദ്യയുടെ കുത്തകക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച രാഷ്ട്രീയ പ്രസ്ഥാനമാണ് സി.പി.എം. ഡാറ്റാ ചൂഷണത്തിനെതിരെ സി.പി.എം ശക്തമായ നിലപാട് സ്വീകരിക്കുമ്പോള്‍ ഇപ്പോഴത്തെ കേരള മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തില്‍ നിന്നുള്ള മറ്റ് മൂന്ന് പി.ബി അംഗങ്ങളും ആ യോഗത്തില്‍ പങ്കെടുത്തിരുന്നുവെന്നത് വിരോധാഭാസമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

പിണറായി വിജയന്‍ മുഖ്യമന്ത്രിയായപ്പോള്‍ ഡാറ്റാ കച്ചവടത്തിന് വഴിയൊരുക്കി കൊവിഡ് രോഗികളുടെയും ലക്ഷകണക്കിന് നീരീക്ഷണത്തിനുള്ളവരുടെയും വിശദവിരങ്ങള്‍ ശേഖരിക്കാന്‍ സ്പ്രിങ്ക്ളര്‍ എന്ന അമേരിക്കന്‍ കമ്പനിക്ക് അനുമതി നല്‍കുകയാണ് ചെയ്തത്. ഫേസ്ബുക്ക്, ഗൂഗിള്‍ എന്നിവ ഡാറ്റാ ദുരുപയോഗം ചെയ്യുന്നതിനെതിരെ കര്‍ശന നിയമനിര്‍മ്മാണം നടത്തണമെന്നാണ് പോളിറ്റ് ബ്യൂറോയുടെ ഒരു ആവശ്യം. അത്തരമൊരു നിയമനിര്‍മ്മാണം നടത്താന്‍ കേരള സര്‍ക്കാരിനോട് പോളിറ്റ് ബ്യൂറോ ഇപ്പോള്‍ നിര്‍ദ്ദേശം നല്‍കുമോയെന്നറിയാന്‍ ആഗ്രഹമുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ കാലങ്ങളായി ശക്തമായ നിലപടാണ് സി.പി.എം സ്വീകരിച്ചിട്ടുള്ളത്. സി.പി.എമ്മിന്‍റെ ഇതുവരെയുള്ള എല്ലാ നിലപാടുകളും വെറും വാചോടാപം മാത്രമാണെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുന്നതാണ് സ്പ്രിങ്ക്ളര്‍ കമ്പനിയുമായുള്ള കരാറെന്നും മുല്ലപ്പള്ളി പറഞ്ഞു. ദേശീയ പൗരത്വ രജിസ്റ്ററിന്‍റെ ഭാഗമായി ഇന്ത്യന്‍ പൗരന്‍മാരുടെ വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ശേഖരിക്കുന്നതിനെതിരെ ശക്തമായ നിലപാടെടുത്ത പാര്‍ട്ടിയാണ് സി.പി.എം. കേരളത്തില്‍ സി.പി.എം നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ തന്നെ സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യവിവരങ്ങളടങ്ങുന്ന സുപ്രധാന രേഖകള്‍ അമേരിക്കന്‍ കമ്പനിക്ക് കൈമാറുന്നത് അത്യന്തം വിചിത്രമാണ്.

സ്പ്രിങ്ക്ളര്‍ ഒരു വിവാദ കമ്പനി തന്നെയാണ്. 2016ലെ അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന് കൃത്രിമ വിജയം നേടാന്‍ സഹായിച്ച കമ്പനികളില്‍ ഒന്നാണ് സ്പ്രിങ്ക്ളര്‍ എന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇപ്പോള്‍ കമ്പനി നല്‍കുന്ന വിശദീകരണം വിശ്വാസയോഗ്യമല്ല. മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ഇത്തരമൊരു വിവാദ കമ്പനിയുമായി സര്‍ക്കാര്‍ കരാറില്‍ ഏര്‍പ്പെട്ടതെന്തിനെന്നത് വ്യക്തമാക്കണം. രോഗികളുടെ ആരോഗ്യവിവരങ്ങള്‍ സംബന്ധിക്കുന്ന അതീവ രഹസ്യവിവരങ്ങളാണ് സര്‍ക്കാര്‍ ഈ കമ്പനിക്ക് കൈമാറുന്നത്. ഡാറ്റാ വിശകലനത്തിന് പ്രാവീണ്യമുള്ള ഏജന്‍സികളായ സി-ഡിറ്റ്, ഐ.ടി മിഷന്‍ എന്നിവയെ തഴഞ്ഞുള്ള സര്‍ക്കാരിന്‍റെ വഴിവിട്ട ഈ നടപടി എന്തിനാണെന്ന് ഐ.ടിയുടെ ചുമതലയുള്ള മുഖ്യമന്ത്രി തന്നെ വിശദീകരിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

പിണറായി വിജയന്‍ ചങ്ങാത്ത മുതലാളിത്വത്തിന്‍റെ നേതാവാണെന്നും ഒരു കമ്യൂണിസ്റ്റായി കാണാന്‍ സാധ്യമല്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഡാറ്റാ ഇടപാടില്‍ മുഖ്യമന്ത്രിയുടെ പങ്കിനെ കുറിച്ച് അന്വേഷിക്കുന്നതോടൊപ്പം ധനകാര്യമന്ത്രി തോമസ് ഐസ്‌ക്കിന്‍റെ അമേരിക്കന്‍ ബന്ധത്തെ കുറിച്ചും അനേഷിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

Comments (0)
Add Comment