ലോകായുക്ത ഓർഡിനന്‍സ്: മന്ത്രിസഭയില്‍ ഭിന്നത; എതിർപ്പറിയിച്ച് സിപിഐ

Jaihind Webdesk
Tuesday, August 16, 2022

തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ഓർഡിനന്‍സിനെച്ചൊല്ലി മന്ത്രിസഭയില്‍ ഭിന്നത. എതിര്‍പ്പറിയിച്ച് സിപിഐ മന്ത്രിമാര്‍ രംഗത്തെത്തി. മതിയായ കൂടിയാലോചന ഇല്ലാതെ ബില്‍ അവതരിപ്പിക്കുന്നതിനോട് യോജിക്കാനാവില്ലെന്ന് മന്ത്രിമാരായ കെ രാജനും പി പ്രസാദും നിലപാടെടുത്തു.

രാഷ്ട്രീയ കൂടിയാലോചന നടത്തിയേ മതിയാകൂ എന്നാണ് സിപിഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ അറിയിച്ചത്. ലോകായുക്തയുടെ വിധി അതേപടി നടപ്പാക്കണം എന്നതിന് പകരം ലോകായുക്തയുടെ വിധിക്ക് മേല്‍ മുഖ്യമന്ത്രിക്ക് പുനഃപരിശോധനാ അധികാരം നല്‍കുന്ന വ്യവസ്ഥയാണ് ബില്ലിന്‍റെ കരടിലുള്ളത്. ബില്‍ ഇത്തരത്തില്‍ അവതരിപ്പിക്കുന്നതിനോട് യോജിക്കാനാകില്ലെന്ന് സിപിഐ മന്ത്രിമാർ അറിയിച്ചു. ലോകായുക്തയുടെ തീരുമാനത്തെ തള്ളാൻ സർക്കാരിന് അധികാരം നൽകുന്നതിന് പകരം സ്വതന്ത്ര സ്വഭാവമുള്ള ഉന്നത സമിതിയുടെ തീരുമാനത്തിന് വിടണമെന്നാണ് സിപിഐ നിർദേശം.

ഗവർണർ ഒപ്പ് വെക്കാതിരുന്നതോടെ അസാധുവായ ലോകായുക്ത ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായി മന്ത്രിസഭാ യോഗത്തിന്‍റെ പരിഗണയ്ക്ക് കൊണ്ടുവന്നപ്പോഴാണ് സിപിഐ എതിർപ്പ് അറിയിച്ചത്. ഓഗസ്റ്റ് 22 മുതല്‍ നിയമ നിര്‍മാണത്തിനായി നിയമസഭയുടെ പ്രത്യേക സമ്മേളനം ചേരാനിരിക്കുകയാണ്.  സിപിഐ എതിർത്തതോടെ വിഷയം ചര്‍ച്ച ചെയ്യാമെന്ന്  മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്.