തൃക്കാക്കര തോല്‍വിക്ക് പിന്നാലെ സിപിഎമ്മില്‍ കലഹം: സംസ്ഥാന നേതൃത്വത്തിനെതിരെ വിമർശനം; തോല്‍വി പരിശോധിക്കും

Sunday, June 5, 2022

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് തോൽവിയിൽ പരിശോധനയ്ക്ക് ഒരുങ്ങി സിപിഎം. കനത്ത തോൽവിക്ക് പിന്നാലെ സ്ഥാനാർത്ഥിയെ സംസ്ഥാന നേതാക്കൾ അടിച്ചേൽപ്പിച്ചതിൽ ജില്ലാ നേതൃത്വത്തിൽ പ്രതിഷേധം പുകയുന്നു. തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കില്ലെന്ന നിലപാടിലാണ് ജില്ലാ ഘടകം.

മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ഉൾപ്പെടെ നേതാക്കളെല്ലാം തൃക്കാക്കരയിൽ തമ്പടിച്ച് പ്രചാരണം നടത്തിയിട്ടും വൻ പരാജയം ഏറ്റുവാങ്ങേണ്ടിവന്നത് സിപിഎമ്മിൽ ഭിന്നത രൂക്ഷമാക്കിയിരിക്കുകയാണ്. തോൽവിക്ക് പിന്നിലെ പ്രധാന വീഴ്ച സ്ഥാനാർത്ഥി നിർണ്ണയം തന്നെ എന്നാണ് സിപിഎം ജില്ലാ ഘടകത്തിന്‍റെ ആരോപണം. പാർട്ടി നേതാവിനെ തന്നെ രംഗത്തിറിക്കി രാഷ്ട്രീയ മത്സരം കാഴ്ചവെക്കണമെന്ന ജില്ലാ നേതൃത്വത്തിന്‍റെയും എം സ്വരാജിന്‍റെയും അഭിപ്രായം സിപിഎം സംസ്ഥാന നേതൃത്വം തള്ളിയിരുന്നു. ജില്ലാ നേതൃത്വത്തിന്‍റെ നിർദ്ദേശം പരിഗണിച്ചിരുന്നെങ്കിൽ ഇത്ര വലിയ തിരിച്ചടി ഉണ്ടാകുമായിരുന്നില്ല എന്നാണ് തോൽവിക്ക് ശേഷം സിപിഎം ജില്ലാ ഘടകത്തിന്‍റെ വാദം.

ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടറിയേറ്റിൽ വിഷയം വിശദമായ ചർച്ചയ്ക്കെടുത്തില്ലെങ്കിലും തോൽവിയുടെ ഉത്തരവാദിത്വം തങ്ങൾക്കല്ലെന്ന നിലപാടിലാണ് ജില്ലാ ഘടകം. തെരഞ്ഞടുപ്പ് പ്രവർത്തന ഏകോപനത്തിന് ചുക്കാൻ പിടിച്ച സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജിന് ജില്ലാ നേതാക്കളുടെ ഭാഗത്തുനിന്ന് വേണ്ടത്ര പിന്തുണ കിട്ടിയില്ല എന്ന വിമർശനവും ഉയരുന്നുണ്ട്. ഇതോടെ തോൽവിക്ക് കാരണമായത് ഏതൊക്കെ ഘടകങ്ങളാണ് എന്ന് ആത്മപരിശോധനക്ക് ഒരുങ്ങുകയാണ് സിപിഎം.

എറണാകുളം ജില്ലയ്ക്ക് പുറമെ നിന്നുള്ള സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങൾ ഉൾപ്പെടെയുള്ള അന്വേഷണ കമ്മീഷൻ ആകും തോൽവി പരിശോധിക്കുക. തൃക്കാക്കരയിലെ കനത്ത പരാജയത്തോടെ സിപിഎം ജില്ലാ ഘടകവും സംസ്ഥാന നേതൃത്വവും തമ്മിലുള്ള ഭിന്നതയാണ് മറനീക്കി പുറത്ത് വന്നിരിക്കുന്നത്.