മോദിയെ കേട്ടത് ഒഴിഞ്ഞ കസേരകള്‍! മീററ്റിലെ തെരഞ്ഞെടുപ്പ് റാലി ബിജെപിയ്ക്ക് തലവേദനയാകുന്നു

webdesk
Thursday, March 28, 2019

ലോക്സഭാ തെരഞ്ഞെടുപ്പ് ഗോദയിലേക്ക് നേരിട്ട് ഇറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആദ്യദിനങ്ങളില്‍ തന്നെ നേരിടേണ്ടി വരുന്നത് കനത്ത തിരിച്ചടിയെന്ന് റിപ്പോര്‍ട്ട് . മോഡി പങ്കെടുക്കേണ്ടിയിരുന്ന മീററ്റിലെ തെരഞ്ഞെടുപ്പ് റാലിയില്‍ അദ്ദേഹത്തെ കാത്തിരുന്നത് ഒഴിഞ്ഞ കസേരകള്‍. മോദി എത്തിച്ചേര്‍ന്നിട്ടും മുന്‍ നിരകളില്‍ മാത്രമാണ് ആളുകളുണ്ടായിരുന്നതെന്നും പിന്നിലേയ്ക്കുള്ള കസേരകള്‍ ഒഴിഞ്ഞുതന്നെ കിടന്നുവെന്നും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോകളും ചിത്രങ്ങളും വ്യക്തമാക്കുന്നു. ഒഴിഞ്ഞ കസേരകള്‍ ചിത്രീകരിച്ച മാധ്യമപ്രവര്‍ത്തകരെ ബിജെപി അനുഭാവികള്‍ ആക്രമിച്ചത് വിവാദമാകുകയും ചെയ്തിരുന്നു.

ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കം കുറിക്കാനാണ് പ്രധാനമന്ത്രി മോദി മീററ്റിലെത്തിയത്. എന്നാല്‍ വേദിക്ക് മുന്നിലെ കസേരകള്‍ മാത്രം നിറഞ്ഞതൊഴിച്ചാല്‍ ബാക്കി വരുന്ന കസേരകളുടെ നീണ്ട നിര കാലിയായി തന്നെ കിടക്കുകയായിരുന്നെന്ന് മാധ്യമപ്രവര്‍ത്തകയായ മായ മിര്‍ചന്ദാനി പങ്കുവെച്ച ട്വീറ്റ് തെളിയിക്കുന്നു.

ചിത്രം രാവിലെ 7ന് പകര്‍ത്തിയതാകാം എന്ന കമന്‍റിന് താഴെ അല്ല ഉച്ചയ്ക്ക് 12 മണിക്കാണെന്നും മായ മറുപടി നല്‍കുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോഡി ബിജെപിക്കായി മുഴുവന്‍സമയ പ്രചാരകനായി മീററ്റില്‍ നിന്നായിരുന്നു മോഡിയുടെ തുടക്കം. തുടക്കം തന്നെ പാളിയതിന്‍റെ നിരാശയിലാണ് ബിജെപി ക്യാമ്പുകള്‍.