വിദ്യാർത്ഥികളുടെ പ്രതിഷേധവും എ.കെ.ആന്‍റണിയുടെ ഇടപെടലും ഫലം കണ്ടു: ഡൽഹിയിൽ കുടുങ്ങിയ വിദ്യാർഥികൾ അടക്കമുള്ള മലയാളികൾക്കായി പ്രത്യേക ട്രെയിൻ 20 ന്

Jaihind News Bureau
Saturday, May 16, 2020

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കുടുങ്ങിയ  വിദ്യാർഥികൾ അടക്കമുള്ള മലയാളികളെ നാട്ടിലെത്തിക്കുന്നതിനായി പ്രത്യേക ട്രെയിന്‍ 20 ന് കേരളത്തിലേക്ക് തിരിക്കും. ഇവര്‍ക്കായി  പ്രത്യേക ട്രെയിന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്‍റണി എം.പി കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയലിന് കത്ത് നല്‍കിയിരുന്നു.  ഇതിന് പിന്നാലെയാണ് തീരുമാനം.  യാത്ര വൈകുന്നത് മൂലം പരിഭ്രാന്തരായ വിദ്യാര്‍ത്ഥികളില്‍ നിന്നും ദിവസവും നിരവധി ഫോണ്‍ കോളുകള്‍ തനിക്ക് ലഭിക്കുന്നുണ്ടെന്നും   വിദ്യാര്‍ത്ഥികളുടെ സുരക്ഷിത യാത്രയ്ക്കായി പ്രത്യേക ട്രെയിന്‍ അനുവദിക്കണമെന്നും എ.കെ.ആന്‍റണി കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

ട്രെയിന്‍ സര്‍വീസ് ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് ഞായറാഴ്ച മുതൽ ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് കാൽനടയായി യാത്ര ആരംഭിക്കുമെന്ന് വിദ്യാർത്ഥികൾ ഉള്‍പ്പെടെ അറിയിച്ചിരുന്നു. ലോക്ക് ഡൗണ്‍ മൂലം ഡല്‍ഹിയില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ നാട്ടില്‍ എത്തിക്കുന്നതിനായി വെള്ളിയാഴ്ച യാത്ര പുറപ്പെടുമെന്ന് അറിയിച്ചിരുന്ന ഡല്‍ഹി – തിരുവനന്തപുരം ശ്രമിക് ട്രെയിനിന്‍റെ യാത്ര നീണ്ടതോടെയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

അതേസമയം പ്രത്യേക  ട്രെയിന്‍ അനുവദിച്ചതോടെ ഞായറാഴ്ച വൈകുന്നേരം തുടങ്ങുമെന്ന് പ്രഖ്യാപിച്ച കേരളത്തിലേക്കുള്ള കാൽനട യാത്ര സമരം പിൻവലിച്ചതായി വിദ്യാര്‍ത്ഥി പ്രതിനിധികള്‍ അറിയിച്ചു.