പാര്‍ലമെന്‍റ് പ്രത്യേക സമ്മേളനം; അജണ്ട വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സോണിയ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തയച്ചു

Jaihind Webdesk
Wednesday, September 6, 2023

ന്യൂഡല്‍ഹി: പാര്‍ലമെന്റ് പ്രത്യേക സമ്മേളനത്തിന്റെ അജണ്ട വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സോണിയ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തയച്ചു. വിലക്കയറ്റം, തൊഴിലില്ലായ്മ, അദാനി വിഷയം, മണിപ്പുര്‍ കലാപം, ചൈനീസ് കടന്നുകയറ്റം അടക്കമുള്ള വിഷയങ്ങളിലാണ് ചര്‍ച്ച ആവശ്യപ്പെട്ടാണ് കത്ത്. ഇന്ത്യ സഖ്യത്തിന് വേണ്ടിയാണ് സോണിയയുടെ കത്ത്.

അതേസമയം സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ നടക്കാനിരിക്കുന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പു’മായി ബന്ധപ്പെട്ട ചില പരാമര്‍ശങ്ങള്‍ ഉണ്ടായേക്കാമെന്നും വിവരമുണ്ട്. ഇന്ത്യയെന്ന പേരുമാറ്റി ഭാരതം എന്നാക്കാനുള്ള നീക്കത്തിലും ചര്‍ച്ചകള്‍ ഉയര്‍ന്നേക്കാം.
എന്നാല്‍ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് എടുത്താല്‍ ശക്തമായി പ്രതിരോധിക്കാനാണ് പ്രതിപക്ഷ നീക്കം. ഈ മാസം 18 ആരംഭിക്കുന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിലെ അജണ്ടകള്‍ വ്യക്തമായതിനുശേഷം യോജിച്ച പ്രതിഷേധത്തിലേക്ക് നീങ്ങാനാണ് ഇന്‍ഡ്യ മുന്നണിയുടെ  തീരുമാനം.

ഇതിനിടെ, ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ പഠിക്കാന്‍ രൂപീകരിച്ച സമിതിയുടെ ആദ്യയോഗം ബുധനാഴ്ച ചേരും. മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ വസതിയിലാണ് യോഗം. രാം നാഥ് കോവിന്ദാണ് സമിതി അധ്യക്ഷന്‍.