തുര്‍ക്കി, സിറിയ ഭൂകമ്പ ബാധിതര്‍ക്കായി യുഎഇയിലെ മസ്ജിദുകളില്‍ വെള്ളിയാഴ്ച പ്രത്യേക പ്രാര്‍ത്ഥന

JAIHIND TV DUBAI BUREAU
Thursday, February 9, 2023

ദുബായ്: തുര്‍ക്കി, സിറിയ ഭൂകമ്പ ബാധിതര്‍ക്കായി വെള്ളിയാഴ്ച യുഎഇയിലെ എല്ലാ മസ്ജിദുകളിലും പ്രത്യേക പ്രാര്‍ത്ഥന നടത്തും. യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദാണ് പ്രത്യേക പ്രാര്‍ത്ഥന നടത്താന്‍ നിര്‍ദേശിച്ചത്. വെള്ളിയാഴ്ച രാജ്യത്തുടനീളമുള്ള എല്ലാ മസ്ജിദുകളിലും ജുമാ നമസ്‌കാരത്തിന് ശേഷം മയ്യിത്ത് നമസ്‌കാരം നടക്കും.

ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം പതിനായിരങ്ങള്‍ കവിഞ്ഞ പശ്ചാത്തലത്തില്‍ കൂടിയാണിത്. നേരത്തെ ഭൂകമ്പത്തില്‍ നാശനഷ്ടം സംഭവിച്ചവരുടെ സഹായത്തിന് 100 മില്യണ്‍ ഡോളര്‍ നല്‍കാന്‍ ഷെയ്ഖ് മുഹമ്മദ് ഉത്തരവിട്ടിരുന്നു. ദുരിതബാധിതരെ സഹായിക്കാന്‍ ഒരു ഫീല്‍ഡ് ഹോസ്പിറ്റല്‍ സ്ഥാപിച്ചു. ഒപ്പം ദുരിതബാധിതരെ സഹായിക്കാന്‍ യുഎഇ ഇതിനകം സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ടീമിനെയും സ്ഥലത്തേക്ക് അയച്ചിരുന്നു. അബുദാബിയിലെ തുര്‍ക്കി എംബസിയും ദുബായിലെ കോണ്‍സുലേറ്റും ഭൂകമ്പ ദുരന്തത്തില്‍പ്പെട്ടവര്‍ക്കുള്ള സഹായങ്ങള്‍ ശേഖരിച്ച് വരികയാണ്.