
കേരളത്തില്‍ വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര സൂക്ഷ്മപരിശോധന (Special Intensive Revision – SIR) നടപ്പിലാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുങ്ങുമ്പോള്‍, ഇത് സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുകയാണ്. വോട്ടര്‍ പട്ടിക ശുദ്ധീകരിക്കുക എന്ന ഔദ്യോഗിക ലക്ഷ്യമുണ്ടെങ്കിലും, ഇതിന്റെ രാഷ്ട്രീയപരമായ മാനങ്ങളും തുടര്‍ന്നുണ്ടാകാന്‍ സാധ്യതയുള്ള മാറ്റങ്ങളും ഏറെയാണ്. ബീഹാറില്‍ വിജയകരമായി നടപ്പാക്കിയെന്ന് കമ്മിഷന്‍ അവകാശപ്പെടുന്നുണ്ടെങ്കിലും പ്രതിപക്ഷത്തിന് വ്യാപക പരാതിയാണ് എസ് ഐ ആറിനോടുള്ളത്. അതേ SIR മോഡല്‍ കേരളത്തില്‍ എങ്ങനെ പ്രതിഫലിക്കും, അത് രാഷ്ട്രീയ പാര്‍ട്ടികളെ എങ്ങനെ ബാധിക്കും എന്നതാണ് പ്രധാനം.
വോട്ടര്‍ പട്ടികയിലെ തെറ്റുകള്‍, ഇരട്ടിപ്പുകള്‍, മരണപ്പെട്ടവരുടെ പേരുകള്‍ നീക്കം ചെയ്യാതിരിക്കുന്നത്, അനര്‍ഹരായവരെ ഉള്‍പ്പെടുത്തുന്നത് തുടങ്ങിയ പ്രശ്‌നങ്ങള്‍ എല്ലാ കാലത്തും രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രധാന ആക്ഷേപങ്ങളില്‍ ഒന്നാണ്. ഇത്തരം പ്രശ്‌നങ്ങള്‍ തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നു. ലോക് സഭാ തിരഞ്ഞെടുപ്പിലും മഹാരാഷ്ട്ര, കര്‍ണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഉണ്ടായ വോട്ട് ചോരിയെ കുറിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തന്നെ ചോദ്യം ചെയ്തിരുന്നു. ഇതിനെല്ലാമുള്ള പരിഹാരം എന്ന രീതിയിലാണ് എസ് ഐ ആര്‍ എന്നാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അവകാശപ്പെടുന്നത്.
വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍, പ്രത്യേകിച്ച് ഇരട്ടിപ്പുകള്‍, ഭരണകക്ഷിയുടെ പക്ഷപാതപരമായ ഇടപെടലുകളുടെ ഫലമാണെന്ന് പ്രതിപക്ഷം തെളിവു സഹിതം ആരോപിച്ചിരുന്നു. എസ് ഐ ആര്‍ നടപ്പിലാക്കുന്നത് അത്തരം ക്രമക്കേടുകള്‍ കണ്ടെത്താനും ഭരണകക്ഷിയെ പ്രതിരോധത്തിലാക്കാനുമുള്ള ഒരു അവസരമായി പ്രതിപക്ഷം കാണും. പ്രതിപക്ഷ സ്വാധീന മേഖലകളിലെ യോഗ്യരായ വോട്ടര്‍മാര്‍ തഴയപ്പെടാതിരിക്കാനും ദളിതരും മതന്യൂനപക്ഷങ്ങളും കൃത്യമായി പട്ടികയില്‍ ഉള്‍പ്പെടുന്നു എന്ന ഉറപ്പു വരുത്തേണ്ടതും പ്രതിപക്ഷ ഉത്തരവാദിത്തമാണ്.
എസ് ഐആര്‍ പ്രഖ്യാപിച്ചു കഴിഞ്ഞ് അര്‍ദ്ധരാത്രിയോടെ കേരളത്തിന്റെ വോട്ടര്‍ പട്ടിക മരവിപ്പിക്കപ്പെടും. പുതിയതായി അതില്‍ ആരെയെങ്കിലും കൂട്ടിച്ചേര്‍ക്കാനോ വിട്ടുകളയാനോ ഇനി സാധിക്കില്ല. തുടര്‍ന്ന് വോട്ടര്‍മാരെ നേരില്‍ കണ്ട് ഒരു എന്യൂമറേഷന്‍ ഫോറം നല്‍കും. വോട്ടര്‍ നല്‍കുന്ന വിവരങ്ങളാണ് പട്ടികയില്‍ കൂട്ടിച്ചേര്‍ക്കപ്പെടുന്നത്. പ്രതിപക്ഷത്തിന്റെ നിരന്തരമായ ആവശ്യങ്ങള്‍ക്കൊടുവിലാണ് തിരിച്ചറിയല്‍ രേഖകളുടെ ഒപ്പം ആധാര്‍ കാര്‍ഡും ഉള്‍പ്പെടുത്തിയിരിക്കുന്നത്
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനോ നിലവിലുള്ള വിവരങ്ങള്‍ തിരുത്താനോ താഴെ പറയുന്ന തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിക്കാം:
പാസ്‌പോര്‍ട്ട്
ഡ്രൈവിംഗ് ലൈസന്‍സ്
ആധാര്‍ കാര്‍ഡ്
ബാങ്ക്/പോസ്റ്റ് ഓഫീസ് പാസ്ബുക്കുകള്‍ (ചിത്രം സഹിതം)
പാര്‍ലമെന്റ്/നിയമസഭ/കൗണ്‍സില്‍ അംഗങ്ങള്‍ക്കുള്ള ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡുകള്‍
സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡുകള്‍
NREGA ജോബ് കാര്‍ഡ്
പെന്‍ഷന്‍ രേഖ (ചിത്രം സഹിതം)
ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്
ഫോട്ടോ പതിച്ച മറ്റ് കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ രേഖകള്‍
സ്വാതന്ത്ര്യാനന്തരമുള്ള ഒമ്പതാമത്തെ പ്രത്യേക തീവ്ര പരിശോധനയാണ് നടത്തുന്നത്. 1951 നും 2004 നും ഇടയില്‍ രാജ്യം മുമ്പ് എട്ട് തവണ എസ് ഐ ആര്‍ നടത്തിയിരുന്നു. ഇതിനു മുമ്പ് 21 വര്‍ഷം മുമ്പ്, 2002 നും 2004 നും ഇടയിലാണ് നടന്നത്. SIR പ്രക്രിയയ്ക്ക് കീഴില്‍, ഓരോ ബൂത്ത് ലെവല്‍ ഓഫീസര്‍ക്കും (BLO) ഏകദേശം 1,000 വോട്ടര്‍മാരുടെ ഉത്തരവാദിത്തം നല്‍കിയിട്ടുണ്ട്. ഓരോ നിയമസഭാ മണ്ഡലവും ഒരു ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ (ERO) ആണ് മേല്‍നോട്ടം വഹിക്കുന്നത്, പൊതുവെ ഒരു SDM റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ഇത്, ഒന്നിലധികം പേര്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരായി ഉണ്ടാവും