അതിര്‍ത്തിയിലെ പ്രശ്നങ്ങളില്‍ പ്രധാനമന്ത്രി സത്യം വെളിപ്പെടുത്തണമെന്ന് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും; സൈനികര്‍ക്കായി കോണ്‍ഗ്രസിന്‍റെ ‘സ്പീക്ക് അപ് ഫോര്‍ ജവാന്‍സ്’ ക്യാമ്പെയ്ന്‍

 

ഇന്ത്യ-ചെെന അതിര്‍ത്തിയിലെ പ്രശ്നങ്ങളില്‍ പ്രധാനമന്ത്രി സത്യം വെളിപ്പെടുത്തണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി.  രാജ്യം സുരക്ഷിതമായിരിക്കുന്നത് ജീവൻ പണയം വെച്ച് സൈന്യം സേവനം അനുഷ്ഠിക്കുന്നതു കൊണ്ടാണെന്നും കോണ്‍ഗ്രസ് അധ്യക്ഷ പറഞ്ഞു. ചൈനീസ് കടന്നുകയറ്റം യാഥാർഥ്യമാണ്. സാറ്റലൈറ്റ് ദൃശ്യങ്ങൾ അത് വ്യക്തമാക്കുന്നു. ചൈന കൈയ്യടക്കിയ പ്രദേശങ്ങൾ എങ്ങനെ കേന്ദ്ര സർക്കാർ തിരിച്ചെടുക്കുമെന്നും സോണിയാ ഗാന്ധി ചോദിച്ചു.  ‘സ്പീക്ക് അപ് ഫോര്‍ ജവാന്‍സ്’ എന്ന പേരിൽ കോണ്‍ഗ്രസ് സംഘടിപ്പിച്ച ഓൺലൈൻ ക്യാമ്പയിനില്‍ സംസാരിക്കുകയായിരുന്നു സോണിയാ ഗാന്ധി.

അതിർത്തിയിൽ നടക്കുന്ന സംഘർഷങ്ങളുമായി ബന്ധപ്പെട്ട സത്യം പ്രധാനമന്ത്രി രാജ്യത്തെ അറിയിക്കണമെന്ന് രാഹുല്‍ ഗാന്ധിയും ആവശ്യപ്പെട്ടു. വ്യത്യസ്തങ്ങളായ പ്രസ്താവനകൾ നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി സൈന്യത്തെ അപമാനിക്കുന്നു എന്ന ആരോപണത്തിനു  പിന്നാലെയാണ് കോൺഗ്രസ് ‘ഷഹീദോം കോ സലാം ദിവസ്’ ആചരിച്ചത്.  ഗല്‍വാൻ സംഘർഷം സംബന്ധിച്ച ചോദ്യങ്ങൾ ആവർത്തിച്ചു ‘സ്പീക്ക് അപ്പ് അവർ ജവാൻ’ എന്ന പേരിൽ ഓൺലൈൻ ക്യാമ്പയ്‌നും സംഘടിപ്പിച്ചിരുന്നു.

അതിർത്തിയിലെ പ്രശ്നങ്ങളില്‍ വീഴ്ച മറയ്ക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പിയും പറഞ്ഞു. രാജ്യം ആവശ്യപ്പെടുന്ന ആത്മാർത്ഥതയോടയുള്ള നടപടികൾ ഈക്കാര്യത്തിൽ പ്രധാനമന്ത്രിയിൽ നിന്നോ കേന്ദ്ര സർക്കാരിൽ നിന്നോ ഉണ്ടായിട്ടില്ല എന്നത് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

 

Comments (0)
Add Comment