പ്രതിപക്ഷത്തിന്റെ നേതാവാരെന്ന് സ്പീക്കര്‍; മുഖ്യമന്ത്രിക്കും ഷംസീറിനും കണക്കിന് കൊടുത്ത് പ്രതിപക്ഷനേതാവ്

Jaihind Webdesk
Monday, October 7, 2024

തിരുവനന്തപുരം: നിയമസഭയില്‍ സ്പീക്കര്‍ എ.എന്‍ ഷംസീറിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പ്രതിപക്ഷത്തിന്റെ നേതാവ് ആരാണെന്ന സ്പീക്കറിന്റെ ചോദ്യമാണ് വി.ഡി സതീശനെ ചൊടിപ്പിച്ചത്. സ്പീക്കറുടെ അപക്വതയാണ് വ്യക്തമായത്. പക്വതയില്ലായ്മയാണ് തെളിയിക്കുന്നതെന്ന് പറയേണ്ടി വന്നതില്‍ ദുഖമുണ്ട്. ഒരിക്കലും ചോദിക്കാന്‍ പാടില്ലാത്ത, ഒരു സ്പീക്കറും ചോദിക്കാത്ത ചോദ്യമാണ് ചോദിച്ചത്. സ്പീക്കര്‍ പദവിക്ക് അപമാനകരമായ ചോദ്യമാണ് ഉന്നയിച്ചത്. സര്‍ക്കാറിന്റെ എല്ലാ വൃത്തിക്കേടുകള്‍ക്കും കൂട്ടുനിന്ന് പ്രതിപക്ഷത്തിന്റെ അവകാശങ്ങളാണ് സ്പീക്കര്‍ ഹനിച്ചതെന്നും സതീശന്‍ തിരിച്ചടിച്ചു.

സര്‍ക്കാറിനും മുഖ്യമന്ത്രി പിണറായി വിജയനും എതിരെ ഉയര്‍ന്ന ആരോപണങ്ങളെ സംബന്ധിച്ച നിയമസഭ ചോദ്യങ്ങള്‍ക്ക് നേരിട്ടുള്ള മറുപടി ഒഴിവാക്കാന്‍ തരംമാറ്റിയ സംഭവം പ്രതിപക്ഷ നേതാവ് ഉന്നയിച്ചു. ചോദ്യോത്തരവേള തുടങ്ങിയപ്പോള്‍ തന്നെ ഈ വിഷയം പ്രതിപക്ഷ നേതാവ് സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു. തരംമാറ്റിയ ചോദ്യങ്ങള്‍ സഭയില്‍ ഉന്നയിക്കാനുള്ള പൊതുപ്രാധാന്യമില്ലെന്നും തദ്ദേശീയ പ്രാധാന്യമുള്ള ചോദ്യം മാത്രമാണെന്നും സ്പീക്കര്‍ വിശദീകരണം നല്‍കി. അവയ്ക്ക് സഭാ തലത്തില്‍ വിശദമാക്കേണ്ട പ്രാധാന്യമില്ല. അല്ലാതെ വിവേചനം കാണിച്ചിട്ടില്ലെന്നും വീഴ്ചയില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി.

ക്രമസമാധാന ചുമതലയുള്ള എഡിജിപി ആര്‍എസ്എസ് നേതാക്കളെ കണ്ടത് പൊതു പ്രാധാന്യമില്ലേ എന്ന് സ്പീക്കറുടെ വിശദീകരണം തള്ളി സതീശന്‍ തിരിച്ചടിച്ചു. ഇതോടെ പ്രതിപക്ഷ നേതാവിന്റെ മൈക്ക് സ്പീക്കര്‍ ഓഫ് ചെയ്തു. സഭയുടെ നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷാംഗങ്ങള്‍ സ്പീക്കര്‍ക്കും മുഖ്യമന്ത്രിക്കും എതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. നടുത്തളത്തില്‍ നിന്ന് അംഗങ്ങള്‍ ഇരിപ്പിടത്തിലേക്ക് മടങ്ങാതെ വന്നതോടെ പ്രതിപക്ഷത്തിന്റെ നേതാവ് ആരാണെന്നും ഒരുപാട് നേതാക്കളുണ്ടോ എന്ന ചോദ്യം സ്പീക്കര്‍ ഉന്നയിച്ചു. ഇതില്‍ പ്രകോപിതനായ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സ്പീക്കറെ കടന്നാക്രമിക്കുകയായിരുന്നു . സ്പീക്കറുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്‌കരിച്ചു.

പ്രതിപക്ഷ നേതാവില്‍ നിന്നുണ്ടായ പരാമര്‍ശങ്ങള്‍ നിര്‍ഭാഗ്യകരമെന്ന് സ്പീക്കര്‍ വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് പ്രസംഗിക്കാന്‍ വേണ്ടി എഴുന്നേറ്റപ്പോള്‍ ചെയര്‍ മൈക്ക് നല്‍കി. അംഗങ്ങളോട് ഇരിപ്പിടത്തിലേക്ക് തിരികെ പോകാന്‍ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഭൂരിഭാഗം ആംഗങ്ങളും മടങ്ങിപ്പോയപ്പോഴും മാത്യു കുഴല്‍നാടന്‍ നടുത്തളത്തില്‍ ബഹളംവെച്ചു. അതുകൊണ്ടാണ് അത്തരം ചോദ്യം പ്രതിപക്ഷ നേതാവിനോട് ചോദിക്കേണ്ടി വന്നത്. പ്രതിപക്ഷ നേതാവ് ചെയറിനെതിരെ നടത്തിയ പരാമര്‍ശങ്ങളും സഭാരേഖകളില്‍ ഉണ്ടാകില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെയും മന്ത്രിയുടെ പരാമര്‍ശത്തിനും പ്രതിപക്ഷ നേതാവ് രൂക്ഷമായ ഭാഷയില്‍ മറുപടി പറഞ്ഞു. ”ഞാന്‍ നിലവാരമില്ലാത്തവന്‍ ആണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രി എന്നെ കുറിച്ച് നല്ല വാക്കാണ് പറഞ്ഞിരുന്നെങ്കില്‍ വിഷമിച്ചു പോയേനെ. ഞാന്‍ വിശ്വാസിയാണ്. അങ്ങയെ പോലെ ഒരു അഴിമതിക്കാരനാകരുതെന്നും നിലവാരമില്ലാത്തവനാകരുതെന്നും എല്ലാ ദിവസവും പ്രാര്‍ഥിക്കാറുണ്ട്. എന്റെ നിലവാരം അളക്കാന്‍ മുഖ്യമന്ത്രി വരേണ്ട”- എന്നായിരുന്നു വിഡി സതീശന്‍ പിണറായി വിജയന് നല്‍കിയ മറുപടി.