മാസപ്പടിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണം ഉന്നയിക്കാനുള്ള ശ്രമം തടഞ്ഞ് സ്പീക്കര്‍; മാത്യു കുഴല്‍നാടന്‍റെ മൈക്ക് ഓഫ് ചെയ്തു

Jaihind Webdesk
Monday, February 12, 2024

മാസപ്പടിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണം സഭയിൽ എഴുതി നൽകി ഉന്നയിക്കുവാനുള്ള മാത്യൂ കുഴൽനാടന്‍റെ ശ്രമം സ്പീക്കർ മൈക്ക് ഓഫ് ചെയ്ത് തടഞ്ഞത് സഭയിൽ പ്രതിപക്ഷ പ്രതിഷേധത്തിനും നാടകീയ രംഗങ്ങൾക്കും വഴിതെളിച്ചു. ജനാധിപത്യവിരുദ്ധമായ സമീപനമാണ് സ്പീക്കർ കൈകൊണ്ടതെന്നും അംഗങ്ങളുടെ അവകാശത്തെ സ്പീക്കർ നിഷേധിക്കുകയാണെന്നും മാത്യു കുഴൽനാടൻ കുറ്റപ്പെടുത്തി. ആരോപണം വരും ദിവസം തെളിവുകൾ സഹിതം പുറത്തുവിടുമെന്ന് അദ്ദേഹം പറഞ്ഞു.

മാസപ്പടിയുമായി ബന്ധപ്പെട്ട ഗുരുതരമായ ഒരു ആരോപണമാണ് തെളിവുകൾ സഹിതം നിയമസഭയിൽ ഉന്നയിക്കുവാൻ മാത്യു കുഴൽനാടൻ സ്പീക്കർക്ക് കത്ത് നൽകി അനുമതി തേടിയത്. ബജറ്റ് ചർച്ചയിൽ പങ്കെടുത്ത കുഴൽനാടൻ വിഷയം സഭയിൽ അവതരിപ്പിക്കാൻ ശ്രമിച്ചതോടെ സ്പീക്കർ അനുമതി നിഷേധിക്കുകയും മൈക്ക് ഓഫ് ചെയ്യുകയും ചെയ്തു.

ഇതോടെ പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധമുയർത്തി. തുടർന്നു സ്പീക്കറിന്‍റെ ജനാധിപത്യ വിരുദ്ധ നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. സർക്കാർ വല്ലാതെ പ്രതിപക്ഷ ശബ്ദങ്ങളെ ഭയക്കുകയാണെന്ന് പിസി വിഷ്ണുനാഥ് എംഎൽഎ കുറ്റപ്പെടുത്തി.

ജനാധിപത്യവിരുദ്ധമായ സമീപനമാണ് സ്പീക്കർ കൈകൊണ്ടതെന്നും അംഗങ്ങളുടെ അവകാശത്തെ സ്പീക്കർ നിഷേധിക്കുകയാണെന്നും മാത്യു കുഴൽനാടൻ കുറ്റപ്പെടുത്തി. സഭയിൽ ഉന്നയിക്കുവാൻ തീരുമാനിച്ചിരുന്ന ആരോപണം വരും ദിവസം തെളിവുകൾ സഹിതം പുറത്ത് ഉന്നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.