സ്പീക്കർ-സതീശന്‍ ബഹളം ഇന്നും; മുഖ്യമന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണ് സ്പീക്കർ എടുക്കുന്നതെന്ന് പ്രതിപക്ഷം

Jaihind News Bureau
Thursday, February 13, 2025

നിയമസഭയില്‍ ഇന്നും സ്പീക്കര്‍- പ്രതിപക്ഷ ബഹളം. ഇന്നലെയും സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ച വി.ഡി.സതീശനെ ഇടയിര്‍ കയറി ഇടപെട്ട് പ്രസംഗം തടസ്സപ്പെടുത്തുകയായിരുന്നു സ്പീക്കര്‍ എഎന്‍ ഷംസീര്‍ നടത്തിയത്. അതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം വലിയ തോതില്‍ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഇന്നും വാക്കൗട്ട് പ്രസംഗം നീണ്ടു പോയതിനെ ചൊല്ലി തര്‍ക്കിച്ച് സ്പീക്കര്‍ എഎന്‍ ഷംസീറും പ്രതിപക്ഷ നേതാവ് വിഡി സതീശനും നിയമസഭയില്‍ ഏറ്റുമുട്ടി. എസ്സി, എസ്ടി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളുടെ ഫണ്ട് വെട്ടിക്കുറച്ച വിഷയത്തില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസ് ആദ്യം തള്ളിയിരുന്നു. അതിനെ തുടര്‍ന്ന് പ്രതിപക്ഷ നേതാവിന്റെ വാക്കൗട്ട് പ്രസംഗത്തിനിടെയാണ് ഈ തര്‍ക്കമുണ്ടായത്. മുഖ്യമന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണ് സ്പീക്കര്‍ കഴിഞ്ഞ രണ്ട് ദിവസമായി നടത്തുന്നത് എന്നാണ് പ്രതിപക്ഷ ആരോപണം.

സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് നിയമസഭയില്‍ പ്രതിപക്ഷം എന്നും ഉയര്‍ത്തുന്നത്. പ്രസംഗം ഒന്‍പത് മിനിട്ട് കടന്നപ്പോഴാണ് സ്പീക്കര്‍ ഇടപെട്ടത്. വിമര്‍ശനങ്ങള്‍ കേള്‍ക്കാന്‍ കെല്‍പില്ലാതെ പോയ സ്പീക്കര്‍ സമയം കഴിഞ്ഞു എന്ന ലൊടുക്ക് ന്യായം പറഞ്ഞാണ് പ്രതിപക്ഷ നേതാവിന്റെ പ്രസംഗം തടസ്സപ്പെടുത്തിയത്. എന്തിനാണ് സ്പീക്കര്‍ ഇടപെട്ടത് എന്നുപോലും മനസ്സിലാക്കാന്‍ സാധിക്കാതെയായിരുന്നു തടസ്സം സൃഷ്ടിച്ചത്. തന്നെ തടസപ്പെടുത്തിക്കൊണ്ടു സഭ നടത്തിക്കൊണ്ടുപോകാനാണോ ഉദ്ദേശിക്കുന്നതെന്ന് മറുപടിയായി വി.ഡി. സതീശന്‍ ചോദിച്ചു. പ്രസംഗിക്കുന്നത് തന്റെ അവകാശമാണെന്നും സ്പീക്കറുടെ ഔദാര്യമല്ലെന്നും പ്രതിപക്ഷ നേതാവ് സ്പീക്കറെ വിമര്‍ശിച്ചു.

ഇതോടെ പ്രതിപക്ഷ എംഎല്‍എമാര്‍ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിക്കുകയാണ് ഉണ്ടായത്. പ്രതിപക്ഷ ബഹളം രൂക്ഷമായതോടെ സ്പീക്കര്‍ മൈക്ക് ഓഫ് ചെയ്ത് നാടകം പുരോഗമിച്ചു. രംഗം ശാന്തമാക്കാന്‍ സ്പീക്കര്‍ ശ്രമം നടത്തിയിട്ടും പ്രതിപക്ഷം വഴങ്ങി കൊടുത്തില്ല. ഇതോടെ സ്പീക്കര്‍ മറ്റ് നടപടിക്രമങ്ങളിലേക്കു കടക്കുകയായിരുന്നു. പിന്നാലെ പ്രതിപക്ഷാംഗങ്ങള്‍ സഭ ബഹിഷ്‌കരിച്ചു ഇറങ്ങി പോയി. ഇതോടെ നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ പിരിയുകയും ചെയ്തു.