പ്രസംഗം തുടർന്ന് ജലീല്‍, മൈക്ക് ഓഫാക്കി സ്പീക്കർ; തർക്കം

Jaihind Webdesk
Tuesday, December 13, 2022

 

തിരുവനന്തപുരം: നിയമസഭയില്‍ കെ.ടി ജലീലിന് സ്പീക്കറുടെ ശാസന. ഗവർണറെ ചാന്‍സിലർ സ്ഥാനത്തുനിന്ന് നീക്കുന്ന ബില്ലില്‍ കെ.ടി ജലീല്‍ സംസാരിക്കുമ്പോഴായിരുന്നു സ്പീക്കറുടെ ഇടപെടല്‍. സമയക്രമം പാലിക്കുന്നതിൽ വീഴ്ച വരുത്തിയതിനാണ് സ്പീക്കർ എ.എന്‍ ഷംസീർ ജലീലിനെ ശാസിച്ചത്.

പ്രസംഗം നീണ്ടതിനെ തുടർന്ന് കെ.ടി.ജലീലിന്‍റെ മൈക്ക് സ്പീക്കർ ഓഫാക്കിയതാണ് തർക്കത്തിനിടയാക്കിയത്. നീണ്ടു പോയ ജലീലിന്‍റെ പ്രസംഗം അവസാനിപ്പിക്കാന്‍ പലകുറി സ്പീക്കർ നിർദേശം നൽകി. ജലീൽ ഇത് പാലിക്കാതിരുന്നതോടെ മൈക്ക് ഓഫ് ചെയ്ത് അടുത്ത അംഗത്തിന് പ്രസംഗിക്കുവാൻ സ്പീക്കർ അവസരം നൽകുകയായിരുന്നു.

പ്രസംഗം നിർത്തിയില്ലെങ്കിൽ ചെയറിന് ബലമായി മൈക്ക് മറ്റൊരാൾക്ക് നൽകേണ്ടിവരുമെന്ന് സ്പീക്കർ മുന്നറിയിപ്പ് നൽകി. ചെയറുമായി സഹകരിക്കാത്തത് ശരിയല്ലെന്നും പരസ്പര ധാരണവേണമെന്നും സ്പീക്കർ പറഞ്ഞു. തുടർന്ന് തോമസ് കെ തോമസിന് സ്പീക്കർ മൈക്ക് നൽകുകയായിരുന്നു.