കൊവിഡ് സമൂഹ വ്യാപന ഭീഷണി നിലനിൽകുന്ന മലപ്പുറത്ത് നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി ഇരുനൂറോളം പേരെ പങ്കെടുപ്പിച്ചു സ്പീക്കർ ശ്രീരാമകൃഷ്‌ണന്‍റെ മേൽനോട്ടത്തിൽ നടത്തിയ പരിപാടി വിവാദമാകുന്നു. മലപ്പുറം പെരുമ്പടപ്പിൽ പ്രളയക്കെടുതിയിൽ ഭവനരഹിതരായവരുടെ പുനരധിവാസത്തിന് സ്വകാര്യ പങ്കാളിത്തത്തോടെ നിർമിച്ച വീടിന്‍റെ താക്കോദാന ചടങ്ങിലാണ് സ്പീക്കറുടെ നേതൃത്വത്തിൽ ഇരുന്നൂറിൽ പരം ആളുകൾ പങ്കെടുത്തത്.
പെരുമ്പടപ്പ് കുണ്ടുച്ചിറ പാലത്തിന് അടിയില്‍ പുറമ്പോക്കിൽ താമസിക്കുന്ന പത്ത് കുടുംബങ്ങൾക്കാണ് നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ്റെ കാർമികത്വത്തിൽ പുതുഭവനങ്ങൾ കൈമാറിയത്. തീർത്തും സ്വകാര്യപങ്കാളിത്തത്തോടെയണ് സ്നേഹ ബൊമ്മാടം പദ്ധതിയുടെ നിർവ്വഹണം നടന്നത്. എന്നാൽ സ്പീക്കർ നേതൃത്വം നൽകിയ ചടങ്ങിൽ കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ ഇരുനൂറിലധികം ആളുകളാണ് പങ്കെടുത്തത്. കൂടുതൽ പേരും മാസ്ക് കൃത്യമായി ധരിക്കുകയോ, സാമൂഹിക അകലം പാലിക്കുകയോ ചെയ്യുന്നില്ലെന്നും ദൃശ്യങ്ങളിൽ വ്യക്തമാണ്.
കൊവിഡ് സമൂഹ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ പൊന്നാനി താലൂക്കിൽ പ്രഖ്യാപിച്ച ട്രിപ്പിൾ ലോക്ക്ഡൗൺ പിൻവലിച്ച് കുറഞ്ഞ ദിവസങ്ങൾ മാത്രം ആവുന്നേ ഒള്ളു. ഈ പശ്ചാത്തലത്തിലാണ് ഇത്രയധികം ആളുകളെ ഒരുമിച്ചു ഇരുത്തിയത് എന്നതും ശ്രദ്ധേയമാണ്. സ്പീക്കർ ശ്രീരാമകൃഷ്ണൻ പോലും മാസ്ക് കൃത്യമായി ധരിച്ചിട്ടില്ല.
ആളുകൾ തിങ്ങി താമസിക്കുന്ന ഈ മേഖലയിൽ ഒരാൾക്ക് കൊവിഡ് വന്നാൽ തന്നെ വ്യാപനത്തോത് കണക്കു കൂട്ടലുകൾക്ക് അപ്പുറമായിരിക്കും. ഈ പശ്ചാത്തലത്തിൽ ഇത്രയധികം ആളുകളെ പങ്കെടുപ്പിച്ചു സ്പീക്കർ പരിപാടി നടത്തിയതിൽ പ്രദേശവാസികൾക്ക് കടുത്ത അമർഷമുണ്ട്.
https://youtu.be/c_SOmAZujO4