സ്പീക്കര്‍ക്ക് പ്രത്യേക നിയമപരിരക്ഷയില്ല ; ചോദ്യം ചെയ്യാൻ തടസമില്ലെന്ന് കസ്റ്റംസിന് നിയമോപദേശം

Jaihind News Bureau
Saturday, January 2, 2021

 

കൊച്ചി : ഡോളർ കടത്ത് കേസില്‍ സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യാൻ നിയമതടസമില്ലെന്ന് കസ്റ്റംസിന് നിയമോപദേശം. ഇതോടെ നിയമസഭാ സമ്മേളനത്തിന് ശേഷം സ്പീക്കറെ കസ്റ്റംസ് ചോദ്യം ചെയ്യും. സ്പീക്കർ എന്ന നിലയിൽ ഭരണഘടന പദവി ഉള്ളതിനാൽ ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യുന്നതിന് ഏതെങ്കിലും തരത്തിൽ നിയപരമായ തടസമുണ്ടോ എന്നതിനെ കുറിച്ചാണ് കസ്റ്റംസ് നിയമോപദേശം തേടിയത്.

എന്നാൽ ചോദ്യം ചെയ്യുന്നതിൽ നിയമ തടസമില്ലെന്നും സ്പീക്കർക്ക് പ്രത്യേക നിയമ പരിരക്ഷ ഇല്ലെന്നും കസ്റ്റംസിന് നിയമോപദേശം ലഭിച്ചു. ഇതോടെ കസ്റ്റംസ് ആക്ട് സെക്ഷൻ 108 പ്രകാരം ചോദ്യംചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് സ്പീക്കർ ശ്രീരാമകൃഷ്ണന് കസ്റ്റംസ് സമൻസ് നൽകും.

നിലവിലെ സാഹചര്യത്തിൽ നിയമസഭ സമ്മേളനം പൂർത്തിയാക്കിയതിന് ശേഷമായിരിക്കും സ്പീക്കറെ ചോദ്യം ചെയ്യുക. കസ്റ്റംസിന്‍റെ തിരുവനന്തപുരം യൂണിറ്റായിരിക്കും സമൻസ് നൽകുക. കൊച്ചിയിലോ തിരുവനന്തപുരത്തോ ആയിരിക്കും ചോദ്യം ചെയ്യൽ.  ഇക്കാര്യത്തിൽ കസ്റ്റംസ് അന്തിമ തീരുമാനം എടുത്തിട്ടില്ല.

സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സരിത്ത് എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സ്പീക്കറെ ചോദ്യം ചെയ്യാൻ കസ്റ്റംസ് തീരുമാനിച്ചത്. ഇരുവരും മജിസ്ട്രേറ്റിന് നൽകിയ മൊഴിയിൽ ശ്രീരാമകൃഷ്ണനെതിരായ പരാമർശമുണ്ടെന്നാണ് വിവരം. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാണ് കസ്റ്റംസ് ശ്രമം.

അതേസമയം  സ്പീക്കറെ ചോദ്യം ചെയ്യുമെന്ന വാർത്തയോട് ഇതുവരെ സിപിഎം പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല എന്നത് ശ്രദ്ദേയമാണ്. കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പാർട്ടിയെ തകർക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത് എന്ന നിലപാടിലാണ് സിപിഎം.  ചരിത്രത്തിൽ ആദ്യമായി രാജ്യാന്തര ബന്ധമുള്ള ഒരു കള്ളക്കടത്ത് കേസിൽ ഒരു സംസ്ഥാന നിയമസഭ സ്പീക്കറെ അന്വേഷണ ഏജൻസി ചോദ്യം ചെയ്യുന്നത് സിപിഎമ്മിന് തിരിച്ചടിയാകുമെന്നുറപ്പാണ്.