ജലീലിന്‍റേത് കുറ്റസമ്മതം ; കേരളത്തിലേത് കുപ്രസിദ്ധി ആർജ്ജിച്ച ഭരണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Tuesday, September 22, 2020

 

 

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ ധാര്‍മ്മിക അവകാശമില്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കുപ്രസിദ്ധി ആർജ്ജിച്ച ഭരണമാണ് കേരളത്തിലേത്. ഡിപ്ലോമാറ്റിക് ബാഗേജിലൂടെ സ്വര്‍ണ്ണം കടത്തിയിട്ടുണ്ടാകാമെന്ന മന്ത്രി ജലീലിന്‍റെ പ്രതികരണം  കുറ്റസമ്മതമാണ്‌. മന്ത്രി തുടരെ തുടരെ കള്ളം പറഞ്ഞുകൊണ്ടാണ് ആരോപണങ്ങൾ നേരിടുന്നത്. തനിക്കെതിരായ ആരോപണങ്ങളെ ലഘൂകരിക്കാനും ശ്രദ്ധതിരിക്കാനുമായി സാമുദായിക വികാരം ഉണർത്തി വിടാനാണ് മന്ത്രിയുടെ ശ്രമം. യുഡിഎഫിന്‍റെ മൂന്നാംഘട്ട സ്പീക്ക് അപ് കേരള സത്യഗ്രഹത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വർണ്ണക്കടത്ത് അന്വേഷണസംഘം സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ എന്തുകൊണ്ട് കണ്ടെത്താന്‍ തയ്യാറായില്ലെന്നും മുല്ലപ്പള്ളി ചോദിച്ചു. എൻ.ഐ.എ സംഘത്തെ ആരോ വിലക്കുന്നുണ്ട്. സ്വർണ്ണക്കടത്തിൽ സിപിഎമ്മും ബി ജെ പിയും തമ്മിൽ രഹസ്യധാരണയുണ്ടായി എന്നതിന് തെളിവാണിത്. കേന്ദ്രമന്ത്രി വി മുരളീധരന്‍റെ പ്രസ്താവനകൾ സംശയകരമെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം കുടുംബത്തിലേക്ക് നീളും എന്നത് കൊണ്ടാണ് മുഖ്യമന്ത്രി ലൈഫ് മിഷൻ രേഖകൾ പ്രതിപക്ഷ നേതാവിന് നൽകാത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.