മായാതെ പാട്ടിന്‍റെ ഇളയനിലാ… എസ് പിബി ഇല്ലാത്ത ഒരു വർഷം

Jaihind Webdesk
Saturday, September 25, 2021

സംഗീത ലോകത്തെ ഇതിഹാസം എസ്.പി ബാലസുബ്രഹ്മണ്യം  ഇല്ലാത്ത ഒരു വർഷമാണ് കടന്നുപോകുന്നത്. 2020 സെപ്റ്റംബർ 25നായിരുന്നു ആ സംഗീതവിസ്മയം വിടവാങ്ങിയത്. കൊവിഡ് എന്ന മഹാമാരിയാണ് അദ്ദേഹത്തെ സംഗീതലോകത്തുനിന്ന് കവർന്നെടുത്തത്. സംഗീതാസ്വാദകരുടെ മനസില്‍ ഇളയനിലാവായി ഇന്നും പ്രഭ ചൊരിയുകയാണ് എസ് പി ബി എന്ന മൂന്നക്ഷരം.

ഇന്ത്യന്‍ സംഗീത ലോകത്ത് പകരം വെക്കാനില്ലാത്ത ഗായകനും സംഗീത സംവിധായകനും നിര്‍മ്മാതാവുമാണ് എസ്.പി ബാലസുബ്രഹ്മണ്യം അഥവാ ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്മണ്യം. എസ്.പി.ബി എന്നും ബാലു എന്ന ചുരുക്കപ്പേരിലുമാണ് പൊതുവെ അറിയപ്പെട്ചത്.  പദ്മശ്രീയും പദ്മഭൂഷണും അടക്കം നിരവധി പുരസ്‌കാരങ്ങള്‍ ഈ അതുല്യ പ്രതിഭയ്ക്ക് ലഭിച്ചു. ആറ് ദേശീയ അവാര്‍ഡുകള്‍ നേടിയ അദ്ദേഹം സമകാലികനായ യേശുദാസിനുശേഷം ഏറ്റവും കൂടുതല്‍ തവണ ഈ പുരസ്‌കാരം ലഭിച്ച വ്യക്തിയാണ്.

ആന്ധ്രപ്രദേശിലെ നെല്ലൂരിനടുത്തുള്ള കൊനെട്ടമ്മപേട്ട എന്ന സ്ഥലത്ത് 1946 ജൂണ്‍ 4-നാണ് എസ്.പി.ബി. ജനിച്ചത്. കുട്ടിക്കാലത്ത് തന്നെ അദ്ദേഹം സംഗീതത്തോട് വലിയ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്‍റെ പിതാവ് ആഗ്രഹിച്ചിരുന്നത് എസ്.പി.ബി ഒരു എന്‍ജിനീയര്‍ ആവണമെന്നായിരുന്നു. അച്ഛന്‍റെ ആഗ്രഹ പ്രകാരം അനന്തപൂരിലെ ഒരു എന്‍ജിനീയറിംഗ് കോളേജില്‍ ചേര്‍ന്നുവെങ്കിലും ടൈഫോയിഡ് പിടിപെട്ടതിനാല്‍ അവിടുത്തെ വിദ്യാഭ്യാസം തുടരാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. പിന്നീട് ചെന്നൈയിലെ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എന്‍ജിനിയേഴ്‌സില്‍ പ്രവേശനം നേടി. അക്കാദമി തലങ്ങളിലേക്ക് ചവിട്ടുപടി കയറുമ്പോഴും സംഗീതം ഒരു കലയായി അദ്ദേഹം കൂടെ കൊണ്ടു നടന്നിരുന്നു. വിവിധ സംഗീത മത്സരങ്ങളില്‍ മികച്ച ഗായകനായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.

ഒരു ചലച്ചിത്രപിന്നണി ഗായകനാകും മുമ്പ് അദ്ദേഹം ഒരു ഗാനമേള ട്രൂപ്പില്‍ അംഗമായിരുന്നു. ലളിത സംഗീതത്തില്‍ അദ്ദേഹം മുന്‍ നിരക്കാരനായിരുന്നു. ചലച്ചിത്ര പിന്നണിഗായക രംഗത്തേക്ക് അദ്ദേഹം വന്നത് 1966-ലെ ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ എന്ന ചിത്രത്തില്‍ പാടികൊണ്ടാണ്. പിന്നണി ഗാനലോകത്ത് വരാനിരിക്കുന്ന മഹാത്ഭുതത്തിന്‍റെ ആരംഭമായിരുന്നു അത്. അതിനു ശേഷം അദ്ദേഹം 40,000 ലധികം ഗാനങ്ങള്‍ തെലുങ്ക്, തമിഴ്, കന്നഡ തുടങ്ങി പതിനൊന്നോളം ഇന്ത്യന്‍ ഭാഷകളിലായി ആലപിച്ചിട്ടുണ്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ പാടിയിട്ടുള്ളത് തമിഴിലാണ്. മലയാള സംഗീത ലോകത്തിന് എസ്പിബി സമ്മാനിച്ച സംഗീത വിരുന്ന് അവര്‍ണനീയമാണ്.

ദക്ഷിണേന്ത്യയിലെ എല്ലാ പ്രമുഖ സംഗീതസംവിധായകരും അദ്ദേഹത്തെ ഉപയോഗിച്ച് ഗാനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ചലച്ചിത്രം പിന്നണിഗാനങ്ങള്‍ പാടിയ ഗായകന്‍ എന്ന ഗിന്നസ് ലോകറെകോര്‍ഡ് എസ്.പി.ബിക്ക് സ്വന്തമാണ്. ഗായകനെന്നതിന്‍റെയൊപ്പം നടന്‍, സംഗീതസംവിധായകന്‍, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്നീ നിലകളിലും എസ്.പി.ബി ജനപ്രീതി പിടിച്ചുപറ്റിയിട്ടുണ്ട്. ഏറ്റവും നല്ല ഗായകനുള്ള ദേശീയ അവാര്‍ഡ് ആറു തവണ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കെ.ജെ. യേശുദാസിനുശേഷം ഈ അവാര്‍ഡ് ഏറ്റവുമധികം തവണ ലഭിച്ചിരിക്കുന്നത് അദ്ദേഹത്തിനാണ്. സാവിത്രിയാണ് എസ്.പി.ബി.യുടെ ഭാര്യ. എസ്.പി.ബി ചരണ്‍ മകനും, പല്ലവി മകളുമാണ്. കാലമെത്ര കഴിഞ്ഞാലും സംഗീതാസ്വാദകരുടെ ഹൃദയത്തോട് ചേർന്നു നിന്ന എസ് പി ബി എന്ന ആ മൂന്നക്ഷരത്തെ ഇന്ത്യൻ സംഗീതലോകം ഒരിക്കലും മറക്കില്ല…