യൂറോ കപ്പിൽ സ്പെയിനിന് നാലാം കിരീടം; ഇംഗ്ലണ്ടിനെ തകർത്തത് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക്

Jaihind Webdesk
Monday, July 15, 2024

 

ബർലിൻ: ഇംഗ്ലണ്ടിനെ തകർത്ത് സ്പെയിനിന് യൂറോ കപ്പിൽ നാലാം കിരീടം. ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്താണ് സ്‌പെയിൻ നാലാം യൂറോ കിരീടത്തിൽ മുത്തമിട്ടത്. നിക്കോ വില്യംസ് (47), മികേൽ ഒയർസബാൽ (86) എന്നിവരാണ് സ്പെയിനിനായി ഗോൾ നേടിയത്. തുടർച്ചയായ രണ്ടാം തവണയാണ് ഇംഗ്ലണ്ട് യൂറോ കപ്പ് ഫൈനലിൽ തോൽക്കുന്നത്.

നാലു പ്രാവശ്യം യൂറോ കപ്പ് നേടുന്ന ആദ്യ ടീമാണ് സ്പെയിൻ. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ലീഡെടുത്ത സ്പെയിനെ കോൾ പാമറുടെ മറുപടി ഗോളിലൂടെ ഇംഗ്ലണ്ട് ഞെട്ടിച്ചിരുന്നു. 73–ാം മിനിറ്റിലായിരുന്നു ഇംഗ്ലണ്ടിന്‍റെ ആശ്വാസ ഗോൾ. എന്നാൽ 86–ാം മിനിറ്റിൽ ഒയർസബാൽ ഇംഗ്ലണ്ടിന്‍റെ ഗോള്‍ പോസ്റ്റിലേക്ക് ഗോളുതിർത്തു. 89–ാം മിനിറ്റിൽ ഇംഗ്ലണ്ടിന്‍റെ കോർണറിൽ നിന്നുള്ള ഗോൾ ശ്രമങ്ങൾ സ്പെയിൻ ഗോളി വിജയകരമായി പരാജയപ്പെടുത്തിയത് മത്സരത്തിൽ നിർണായകമായി. 1964, 2008, 2012 വർഷങ്ങളിലാണ് സ്പെയിൻ മുമ്പ് യൂറോ കപ്പ് വിജയിച്ചത്.

ബെർലിനിൽ നടന്ന കളിയിൽ ആദ്യപകുതിയിൽ രണ്ടു ടീമുകളും കരുതലോടെയാണ് കളിച്ചത്. ഗോൾ അകന്നുനിന്ന ആദ്യ പകുതിക്കുശേഷം കളത്തിലിറങ്ങി രണ്ട് മിനിറ്റിനകം സ്പെയിൻ ലീഡ് കണ്ടെത്തി. പതിനേഴുകാരൻ ലാമിൻ യമാലിന്‍റെ അസിസ്റ്റിൽനിന്നാണ് ഗോൾ പിറന്നത്. ബോക്സിന്‍റെ വലതുവശത്തുനിന്ന് യമാൽ മറുപുറത്ത് ഓടിയെത്തുകയായിരുന്ന നിക്കോ വില്യംസിനെ ലക്ഷ്യംവെച്ച് നൽകിയ പന്ത് ഫലം കണ്ടു. വില്യംസിന് തന്‍റെ ഇടംകാലുകൊണ്ട് അനായാസം പന്ത് വലയിലെത്തിക്കേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ. 47-ാം മിനിറ്റിലായിരുന്നു ആദ്യ ഗോൾ. ഇതോടെ യമാലിന്‍റെ ഈ യൂറോ കപ്പിലെ അസിസ്റ്റുകളുടെ എണ്ണം നാലായി. വില്യംസിന്‍റെ ടൂർണമെന്റിലെ രണ്ടാമത്തെ ഗോളും. ഒരു യൂറോ കപ്പ് ടൂർണമെന്‍റിന്‍റെ ക്വാർട്ടർ ഫൈനലിലും സെമി ഫൈനലിലും ഫൈനലിലും ഗോളോ അസിസ്റ്റോ നേടുന്ന ആദ്യ താരമാവാനും യമാലിന് കഴിഞ്ഞു. വില്യംസിന്‍റെ ഗോളോടെ ഒരു യൂറോ കപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന ടീം എന്ന ഫ്രാൻസിന്‍റെ റെക്കോർഡിനൊപ്പമെത്താനായി സ്പെയിനിന്. 14 ഗോളുകളാണ് സ്പെയിൻ നേടിയത്. 1984-ൽ ഫ്രാൻസ് നേടിയ 14 ഗോൾ റെക്കോഡിനൊപ്പമാണിത്.

അതേസമയം, 73-ാം മിനിറ്റിൽ ഇംഗ്ലണ്ടിന്‍റെ മറുപടി ഗോളെത്തി. നിരന്തരമായ ഗോൾ ശ്രമങ്ങൾക്കൊടുവിൽ കോൾ പാൽമറാണ് ഇംഗ്ലണ്ടിനെ ഒപ്പമെത്തിച്ചത്. ഗ്രൗണ്ടിലെത്തി തന്‍റെ രണ്ടാം ടച്ചിൽ തന്നെ ഗോൾ നേടാൻ കഴിഞ്ഞത് പാൽമറിന് നേട്ടമായി.
പക്ഷേ, ഈ തുല്യതക്ക് അധികം ആയുസുണ്ടായില്ല. 83-ാം മിനിറ്റിൽ സ്പെയിൻ രണ്ടാമതും നിറയൊഴിച്ചു. ഒയർസബാൽ വകയായിരുന്നു . ഇതോടെ സ്‌കോർ (2-1) ആയി. വില്യംസും യമാലും ഇംഗ്ലണ്ട് പ്രതിരോധത്തെ പരീക്ഷിക്കുന്ന നിരവധി നീക്കങ്ങൾ നടത്തി. കുക്കുറെല്ലയും ലാപോർട്ടയും നോർമാൻഡും കാർവാജലും ചേർന്ന മതിൽ പൊളിക്കാൻ ഇംഗ്ലണ്ടിന് കഴിഞ്ഞില്ല. 90-ാം മിനിട്ടിൽ ഇംഗ്ലണ്ടിന്‍റെ രണ്ട് ഹെഡറുകൾ ഗോൾ ലൈനിൽ നിന്ന് തടഞ്ഞ് സ്‌പെയിൻ ലീഡ് നിലനിർത്തി. പിന്നെ ലഭിച്ച നാല് മിനിട്ട് എക്‌സ്ട്രാ ടൈമിലും ഇംഗ്ലണ്ട് ആഞ്ഞ് ശ്രമിച്ചെങ്കിലും അനിവാര്യമായ പരാജയം ഒഴിവായില്ല.