ലക്ഷ്യം കാണാതെ സ്‌പേസ് എക്‌സ് സ്റ്റാര്‍ഷിപ്പ്; ഒമ്പതാമത്തെ പരീക്ഷണ വിക്ഷേപണവും പരാജയം; ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകര്‍ന്നു വീണു

Jaihind News Bureau
Wednesday, May 28, 2025

 

ലക്ഷ്യം കാണാതെ സ്‌പേസ് എക്‌സ് സ്റ്റാര്‍ഷിപ്പ്. ഇത് ഒമ്പതാമത്തെ പരീക്ഷണ വിക്ഷേപണമായിരുന്നു. എഴ്, എട്ട് പരീക്ഷണവിക്ഷേപണങ്ങളും പരാജയപ്പെട്ടിരുന്നു. പരീക്ഷണ പറക്കലിന് ഏകദേശം 30 മിനിറ്റിനുള്ളില്‍ തന്നെ റോക്കറ്റിന്റെ നിയന്ത്രണം നഷ്ടമാവുകയായിരുന്നു.

ടെക്‌സസിലെ സ്റ്റാര്‍ബേസില്‍ നിന്ന് പറന്നുയര്‍ന്ന ദൗത്യം, സ്റ്റാര്‍ഷിപ്പിന്റെ പരിക്രമണ, പുനഃപ്രവേശന ശേഷികള്‍ കൂടുതല്‍ പ്രകടിപ്പിക്കുന്നതിനായാണ് രൂപകല്‍പ്പന ചെയ്തിരുന്നത്. ഭാവിയിലെ ഉപഗ്രഹ വിക്ഷേപണങ്ങള്‍ക്കും ബഹിരാകാശ ദൗത്യങ്ങള്‍ക്കുമായി ഭ്രമണപഥത്തില്‍ വിന്യസിക്കാന്‍ ഉദ്ദേശിച്ചുള്ള എട്ട് സ്റ്റാര്‍ലിങ്ക് സിമുലേറ്റര്‍ ഉപഗ്രഹങ്ങള്‍ സ്റ്റാര്‍ഷിപ്പിലുണ്ടായിരുന്നു. എന്നാല്‍ ഉപഗ്രഹങ്ങള്‍ വിന്യസിക്കുന്നതിനു പകരം അനിയന്ത്രിതമായി കറങ്ങാന്‍ തുടങ്ങിയത് ദൗത്യത്തിന് തിരിച്ചടിയായി. സ്പേസ് എക്സ് എഞ്ചിനീയര്‍മാര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും മിനിറ്റുകള്‍ക്ക് ശേഷം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകര്‍ന്നു വീഴുകയും ചെയ്തു.

2025 ജനുവരിയിലാണ് ഏഴാം സ്റ്റാര്‍ഷിപ്പ് വിക്ഷേപണ പരീക്ഷണം നടന്നത്. മാര്‍ച്ച് ആറിലെ എട്ടാം പരീക്ഷണവും സ്പേസ് എക്‌സിന് വിജയിപ്പിക്കാനായില്ല. മാര്‍ച്ച് ആറിന് നടന്ന എട്ടാം പരീക്ഷണത്തില്‍ സ്റ്റാര്‍ഷിപ്പ് അഗ്നിഗോളമായതോടെ സമീപത്തെ നാല് വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. 240 വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടപ്പോള്‍ രണ്ട് ഡസനിലധികം വിമാനങ്ങള്‍ വഴിതിരിച്ച് വിടേണ്ടിയും വന്നു.