
ഇന്ത്യ ഉയർത്തിയ കൂറ്റൻ സ്കോർ അതേ നാണയത്തിൽ പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടാം ഏകദിനത്തിൽ 4 വിക്കറ്റിന്റെ ആവേശകരമായ ജയം. 359 റൺസ് എന്ന വിജയലക്ഷ്യം 4 പന്തുകൾ ശേഷിക്കെ സന്ദർശകർ മറികടന്നു. നിശ്ചിത 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 358 റൺസാണ് ഇന്ത്യ നേടിയതെങ്കിൽ, ദക്ഷിണാഫ്രിക്ക 49.2 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 362 റൺസെടുത്ത് വിജയം പൂർത്തിയാക്കി.
കൂറ്റൻ വിജയലക്ഷ്യം ഒട്ടും പതർച്ചയില്ലാതെയാണ് ദക്ഷിണാഫ്രിക്ക പിന്തുടർന്നത്. മുൻനിര ബാറ്റർമാരിൽ വിക്കറ്റ് കീപ്പർ ക്വിന്റൺ ഡി കോക്ക് ഒഴികെ എല്ലാവരും മികച്ച പ്രകടനം കാഴ്ചവെച്ചു. 98 പന്തിൽ 110 റൺസെടുത്ത ഓപ്പണർ എയ്ഡൻ മർക്രം സെഞ്ചറിയുമായി മുന്നിൽ നിന്നു നയിച്ചു. ക്യാപ്റ്റൻ ടെംബ ബവുമ (48 പന്തിൽ 46) 101 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി മർക്രത്തിന് മികച്ച പിന്തുണ നൽകി. പിന്നീട് മാത്യു ബ്രീസ്ക് (64 പന്തിൽ 68), ഡിവാൾഡ് ബ്രെവിസ് (34 പന്തിൽ 54) എന്നിവർ ചേർന്ന കൂട്ടുകെട്ട് സന്ദർശകരെ വിജയത്തിന് അടുത്തെത്തിച്ചു.
അവസാന ഓവറുകളിൽ കോർബിൻ ബോഷും (15 പന്തിൽ 29*) കേശവ് മഹാരാജും (14 പന്തിൽ 10*) ചേർന്ന് വിക്കറ്റ് നഷ്ടപ്പെടുത്താതെ പ്രോട്ടീസ് ജയം പൂർത്തിയാക്കി. കഴിഞ്ഞ കളിയിലെ വെടിക്കെട്ടുകാരൻ മാർകോ ജാൻസെനെ 2 റൺസെടുത്തു നിൽക്കെ അർഷ്ദീപ് സിങ് പുറത്താക്കി. കൂടാതെ, ടോണി ഡി സോർസി (17) റിട്ടയേർഡ് ഹർട്ടായി മടങ്ങിയത് ദക്ഷിണാഫ്രിക്കയ്ക്ക് ചെറിയ ക്ഷീണമായിരുന്നു. ഇന്ത്യക്ക് വേണ്ടി അർഷ്ദീപ് സിങ്ങും പ്രസിദ്ധ് കൃഷ്ണയും 2 വിക്കറ്റ് വീതവും ഹർഷിത് റാണ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.