ബഫർ സോണിൽ ഇടപെടൽ തേടിയിരുന്നു; പ്രധാനമന്ത്രിക്ക് അയച്ച കത്ത് പങ്കുവെച്ച് രാഹുല്‍ ഗാന്ധി

Jaihind Webdesk
Friday, June 24, 2022

 

ന്യൂഡല്‍ഹി: എസ്എഫ്ഐ പ്രവര്‍ത്തകര്‍ വയനാട്ടിലെ ഓഫീസ് തല്ലിത്തകര്‍ത്തതിന് പിന്നാലെ ബഫര്‍ സോണ്‍ വിഷയത്തില്‍ പ്രധാനമന്ത്രിക്ക് അയച്ച കത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് രാഹുല്‍ ഗാന്ധി. അതേസമയം എസ്എഫ്ഐ ആക്രമണം സിപിഎം നേതൃത്വത്തിന്‍റെ അറിവോടെയാണെന്നും കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിനെ പ്രീതിപ്പെടുത്താനുള്ള നീക്കമാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

‘ദേശീയോദ്യാനങ്ങള്‍ക്കും വന്യജീവി സങ്കേതങ്ങള്‍ക്കും ചുറ്റുമുള്ള പരിസ്ഥിതി ലോല മേഖലകളുടെ പരിപാലനം സംബന്ധിച്ച സുപ്രീം കോടതി ഉത്തരവ് പ്രതികൂലമായി ബാധിക്കുന്ന വയനാട്ടിലെ ജനങ്ങളുടെ ദുര്‍സ്ഥിതിയിലേക്ക് പ്രധാനമന്ത്രിയുടെ ശ്രദ്ധ ക്ഷണിച്ച് കത്തയച്ചു. കേന്ദ്ര ഉന്നതാധികാര സമിതിയോടും പരിസ്ഥിതി, വനം, കാലാവസ്ഥാ മന്ത്രാലയത്തോടും പരിസ്ഥിതി ലോല മേഖലകളുടെ പരിധി കുറക്കാന്‍ അഭ്യര്‍ത്ഥിച്ചുകൊണ്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സഹായിക്കാനാകും. വിഷയത്തില്‍ കേരള മുഖ്യമന്ത്രിക്കും കത്തയച്ചു’, രാഹുല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ബഫര്‍ സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി കാര്യക്ഷമമായി ഇടപെടുന്നില്ലെന്നാരോപിച്ചായിരുന്നു എസ്എഫ്ഐ പ്രവര്‍ത്തകര്‍ വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത്. ഇതിനു പിന്നാലെയാണ് വിഷയത്തില് ഇടപെടണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് അയച്ച കത്ത് രാഹുല്‍ ഗാന്ധി ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ആക്രമണത്തെ തള്ളി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും രംഗത്തെത്തിയതോടെ എസ്എഫ്ഐ മാത്രമല്ല, സിപിഎം സംസ്ഥാന നേതൃത്വവും പ്രതിരോധത്തിലായി.