ഡൽഹി : കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന തൃശൂർ വല്ലച്ചിറ ചെറുശ്ശേരി പട്ടത്തുമന പി.പി.മാധവൻ( 73)അന്തരിച്ചു. ഡൽഹി എയിംസ് ആശുപത്രിയിൽ ആയിരുന്നു അന്ത്യം.
അര നൂറ്റാണ്ട് കാലം ഗാന്ധി കുടുംബത്തോടൊപ്പം പ്രവർത്തിച്ച പി പി മാധവൻ സോണിയ ഗാന്ധിയുടെ വിശ്വസ്തരിൽ പ്രധാനിയായിരുന്നു. മൃതദേഹം ഇന്ന് രാത്രി ഒമ്പതുമണിയോടുകൂടി പ്രത്യേക വിമാനത്തിൽ കൊച്ചിയിൽ എത്തിക്കും .നാളെ രാവിലെ 11 ന് തൈക്കാട്ടുശ്ശേരിയിലെ വീട്ടുവളപ്പിൽ അന്ത്യകർമ്മങ്ങൾ നടക്കും.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സംസ്കാരച്ചടങ്ങിൽ പങ്കെടുക്കും. കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എം പി തുടങ്ങിയവർ ഇന്ന് ഡൽഹിയിൽ നിന്നും നാട്ടിലേക്ക് തിരിച്ചിരുന്നു. പരേതരായ പരമേശ്വരൻ ഭട്ടതിരിപ്പാടിന്റെയും ആര്യ അന്തർജ്ജനത്തിന്റെയും മകനാണ്. ഭാര്യ: സാവിത്രി. മക്കൾ: ദീപു, ദീപ്തി. മരുമക്കൾ: അശ്വതി, അരുൺ.