വയനാടന്‍ ജനതയെ കാണാന്‍ സോണിയ ഗാന്ധി; കേരളത്തിലെത്തുന്നത് പതിറ്റാണ്ട് നീണ്ട ഇടവേളക്ക് ശേഷം

Jaihind Webdesk
Tuesday, October 22, 2024

വയനാട്:പ്രിയങ്ക ഗാന്ധി തന്റെ കന്നിയങ്കത്തിനായി വയനാട്ടിലെത്തുമ്പോള്‍ കൂടെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും അമ്മയുമായ സോണിയ ഗാന്ധിയുമുണ്ടാകും.കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി കേരളത്തില്‍ എത്തുന്നത് പതിറ്റാണ്ട് നീണ്ട ഇടവേളയ്ക്കു ശേഷമാണ്.ആദ്യമായാണ് രാഹുലും പ്രിയങ്കയും സോണിയ ഗാന്ധിയും ഒരുമിച്ച് വയനാട് എത്തുന്നത്.

2014 ല്‍ രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പികുമ്പോള്‍ സോണിയ ഗാന്ധി എത്തുമെന്നു പ്രതീക്ഷിച്ചെങ്കിലും അന്നത് തിരക്കുകള്‍ മൂലം മാറ്റിവയ്ക്കുകയായിരുന്നു.വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷമാണു ആരോഗ്യപ്രശ്‌നങ്ങളും കോവിഡ് കാലവും കഴിഞ്ഞ് സോണിയ ഗാന്ധി കേരളത്തിലെത്തുന്നത്.
കേരളത്തിലെ നിയമസഭാ തെരെഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്ന് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണ് വിട്ടുനിന്നിരുന്നത്.ബാംഗ്ലൂരിലെത്തിയാണ് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അന്തരിച്ചപ്പോള്‍ സോണിയ ഗാന്ധി അന്തിമോപചാരം അര്‍പ്പിച്ചത്.ഇക്കഴിഞ്ഞ ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍
റായ്ബറേലിയില്‍ രാഹുല്‍ഗാന്ധി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചപ്പോഴായിരുന്നു സോണിയ, പ്രിയങ്ക, രാഹുല്‍ എന്നിവര്‍ ഒരുമിച്ചു ഒടുവില്‍ ഡല്‍ഹിക്ക് പുറത്തു പോയത്. സോണിയ ഗാന്ധി നാളെ വയനാട്ടില്‍ നിന്നും മടങ്ങും.