കൊവിഡ് പ്രതിസന്ധി മുന്‍കൂട്ടി കാണുന്നതിലും പ്രതിരോധിക്കുന്നതിലും വീഴ്ച ; വാക്‌സിന്‍ വിതരണത്തിലും വിവേചനം ; കേന്ദ്രത്തിനെതിരെ വിമർശനവുമായി സോണിയ ഗാന്ധി

Jaihind Webdesk
Saturday, April 17, 2021

ന്യൂഡല്‍ഹി :  കൊവിഡ് പ്രതിസന്ധി മുന്‍കൂട്ടി കാണുന്നതിലും പ്രതിരോധിക്കുന്നതിലും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നും വലിയ വീഴ്ച ഉണ്ടായെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷ.

രാജ്യത്ത് രോഗബാധ നിരക്ക് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ വാക്സിന്‍ കയറ്റുമതി തടയേണ്ടതാണ്. 25 വയസിന് മുളിലുള്ള എല്ലാപേര്‍ക്കും പ്രതിരോധ വാക്‌സിന്‍ നല്‍കണം. കൊവിഡ് ചികിത്സക്കായി ഉപയോഗിക്കുന്ന ഉപകരണങ്ങളെയും മരുന്നുകളെയും ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കണം. ദരിദ്ര വിഭാഗങ്ങള്‍ക്ക് പ്രതിമാസം 6000 രൂപ ലഭ്യമാക്കണമെന്നും സോണിയ ഗാന്ധി ആവശ്യപ്പെട്ടു.

കൊവിഡ് രോഗം ഉണ്ടായി ഒരുവര്‍ഷം പിന്നിട്ടിട്ടും ആവശ്യമായ സംവിധാനങ്ങള്‍ സജ്ജീകരിക്കാത്തത് ദുഃഖകരമാണ്. വാക്‌സിന്‍ വിതരണത്തിലും പക്ഷപാതം കാണിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളോട് കടുത്ത വിവേചനമാണ് കാണിച്ചത്.  ഞങ്ങളും നിങ്ങളും എന്ന മനോഭാവം തിരുത്തണം. മഹാമാരിക്കെതിരായ യുദ്ധം രാഷ്ട്രീയത്തിനപ്പുറം ദേശീയ വെല്ലുവിളിയായി കാണണമെന്നും സോണിയ ഗാന്ധി ആവശ്യപ്പെട്ടു.

രോഗവ്യാപനം തടയാന്‍ കേന്ദ്രം കൃത്യമായ നടപടികള്‍ കൈക്കൊള്ളണ്ടതുണ്ട്. വാക്‌സിനുകളുടേയും മരുന്നുകളുടേയും ദൗര്‍ലഭ്യം, ആശുപത്രി കിടക്കകളുടെ കുറവ്, ഓക്‌സിജന്‍ ദൗര്‍ലഭ്യം തുടങ്ങിയവയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ആശങ്കപ്പെടുത്തുന്നതാണ്. സംസ്ഥാനങ്ങള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടും പ്രധാനമന്ത്രി മൗനം പാലിക്കുകയാണെന്നും സോണിയ ഗാന്ധി കുറ്റപ്പെടുത്തി.

 

https://www.facebook.com/JaihindNewsChannel/videos/307200134173834