ഇത് രാഷ്ട്രീയം കളിക്കേണ്ട സമയമല്ല; ലോക്ഡൗണ്‍ കാലത്ത് തൊഴിലുറപ്പ് പദ്ധതി പുതിയ പ്രഖ്യാപനമായി അവതരിപ്പിച്ചതില്‍ കേന്ദ്രത്തിനെതിരെ സോണിയ ഗാന്ധി

 

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ലോക്ഡൗണ്‍ കാലത്ത് പുതിയ പദ്ധതിയായി കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചതിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. പദ്ധതിയില്‍ രാഷ്ട്രീയം കളിക്കരുതെന്ന് കേന്ദ്രസര്‍ക്കാരിനോട് സോണിയ ഗാന്ധി ആവശ്യപ്പെട്ടു. പദ്ധതി യുപിഎ സര്‍ക്കാര്‍ അവതരിപ്പിച്ച സമയത്ത് വലിയ വിമര്‍ശനമുന്നയിച്ചവരാണ് നരേന്ദ്ര മോദിയും അണികളും. പദ്ധതിയെ തള്ളിയ സര്‍ക്കാര്‍ ആറ് വര്‍ഷത്തോളം ഭരിച്ചപ്പോഴും അതിന്റെ ഫലം പ്രകടമായിരുന്നുവെന്നും സോണിയ ഗാന്ധി പറഞ്ഞു.

സമൂലവും യുക്തിസഹവുമായ മാറ്റത്തിന്‍റെ തിളക്കമാർന്ന ഉദാഹരണമാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. ഗ്രാമീണ വികസനത്തിന് കോണ്‍ഗ്രസ് മുന്നോട്ടു വച്ച മഹത്തായ ചുവടുവയ്പ്പുകളിലൊന്ന്. നിലവിൽ പദ്ധതിയെ തകർക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ലോക്ഡൗണ്‍ പ്രതിസന്ധിയെ തുടര്‍ന്ന്‌ കുടിയേറ്റ തൊഴിലാളികൾ നാടുകളിലേക്ക് മടങ്ങുകയാണ്.

അവർക്ക് തൊഴിൽ നഷ്ടമായി. ഈ അവസരത്തിൽ അവരുടെ കൈകളിൽ പണം എത്തിക്കേണ്ടത് അത്യാവശ്യമാണ്. ഇതിനായി ഉപയോഗിക്കാൻ പറ്റിയ ഏറ്റവും ശക്തമായ പദ്ധതികളിൽ ഒന്നാണ്  തൊഴിലുറപ്പ് പദ്ധതിയെന്നും സോണിയ ഗാന്ധി വ്യക്തമാക്കി. വാക്കുകളേക്കാള്‍ പ്രധാനമാണ് പ്രവൃത്തികള്‍.കോണ്‍ഗ്രസിന്റെ പരാജയത്തിന്റെ ജീവിക്കുന്ന സ്മാരകമെന്ന് തൊഴിലുറപ്പ് പദ്ധതിയെ പരിഹസിച്ചത് മോദിക്ക് ഓര്‍മ്മയില്ലേയെന്നും സോണിയ ഗാന്ധി ചോദിച്ചു.

 

 

Comments (0)
Add Comment