‘നിശബ്ദത കൊണ്ട് രാജ്യത്തിന്‍റെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടില്ല; കോണ്‍ഗ്രസ് നടത്തുന്നത് ജനങ്ങളുടെ ശബ്ദം സംരക്ഷിക്കാനുള്ള പോരാട്ടം’: മോദി സർക്കാരിനെ കടന്നാക്രമിച്ച് സോണിയാ ഗാന്ധി

Jaihind Webdesk
Tuesday, April 11, 2023

 

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് പാർലമെന്‍ററി പാർട്ടി ചെയർപേഴ്സണ്‍ സോണിയാ ഗാന്ധി. അടിച്ചേല്‍പ്പിക്കുന്ന നിശബ്ദതകൊണ്ട് രാജ്യത്തിന്‍റെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടില്ലെന്ന് വിമർശനം. ജനാധിപത്യത്തിന്‍റെ മൂന്ന് തൂണുകളും തകർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ഒരു ദേശീയ ദിനപത്രത്തിൽ എഴുതിയ ലേഖനത്തിൽ സോണിയാ ഗാന്ധി കുറ്റപ്പെടുത്തി.

45 ലക്ഷം കോടിയുടെ ബജറ്റാണ് പാർലമെന്‍റിൽ ചർച്ച കൂടാതെ കേന്ദ്രം പാസാക്കിയത്. അദാനി, തൊഴിലില്ലായ്മ തുടങ്ങി നിരവധി വിഷയങ്ങൾ ചർച്ച ചെയ്യുന്നതിൽ നിന്ന് പ്രതിപക്ഷത്തെ വിലക്കി. ഇന്നത്തെ പ്രശ്‌നങ്ങൾക്ക് പ്രതിപക്ഷത്തെയാണ് പ്രധാനമന്ത്രി കുറ്റപ്പെടുത്തുന്നതെന്ന് കോൺഗ്രസ് മുൻ അധ്യക്ഷ കുറിച്ചു.

ജനാധിപത്യത്തിന്‍റെ മൂന്ന് സ്തംഭങ്ങളായ നിയമനിർമ്മാണസഭ, എക്‌സിക്യൂട്ടീവ്, ജുഡീഷ്യറി എന്നിവയുടെ തകർച്ചയാണ് ഇന്ത്യയിൽ നടക്കുന്നത്. കേന്ദ്ര ഏജൻസികളെ സർക്കാർ ദുരുപയോഗം ചെയ്യുകയാണ്. പ്രതിപക്ഷ പാർട്ടി നേതാക്കൾ ആക്രമിക്കപ്പെടുന്നു. ഏജൻസികൾ രജിസ്റ്റർ ചെയ്യുന്ന കേസുകളിൽ 95 ശതമാനവും പ്രതിപക്ഷ നേതാക്കൾക്കെതിരെയാണെന്നും സോണിയാ ഗാന്ധി പറഞ്ഞു.

ജുഡീഷ്യറിയുടെ വിശ്വാസ്യത തകർക്കാനുള്ള ബോധപൂർവമായ ശ്രമമാണ് നടക്കുന്നത്. കേന്ദ്ര നിയമമന്ത്രി, വിരമിച്ച ചില ജഡ്ജിമാരെ ദേശവിരുദ്ധരെന്ന് വിളിക്കുകയും അവർ വലിയ വില നൽകേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ജഡ്ജിമാരെ ഭീഷണിപ്പെടുത്താനും ഇത്തരം വാക്കുകൾ ബോധപൂർവം ഉപയോഗിക്കുന്നതിനെയും സോണിയാ ഗാന്ധി വിമർശിച്ചു.