കോൺഗ്രസ് ബൗദ്ധിക സമിതിയുടെ ആദ്യ യോഗം ദില്ലിയില്‍ ചേരുന്നു. അധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിയിലാണ് യോഗം ചേരുന്നത്. 17 അംഗങ്ങളാണ് സമിതിയിൽ ഉള്ളത്.
പാർട്ടി നിലപാട് വിശദീകരിക്കുക, നയപ്രശ്‌നങ്ങളിൽ അനുയോജ്യമായ പ്രതികരണം രൂപപ്പെടുത്തുക തുടങ്ങിയവയാണ് ബൗദ്ധിക സമിതിയുടെ ദൗത്യം. എന്‍ആര്‍സി, ജമ്മു കശ്മീർ അടക്കമുള്ള വിഷയങ്ങളും ചർച്ച ചെയ്യും.
കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയാണ് സമിതിയുടെ അധ്യക്ഷ. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, രാഹുൽ ഗാന്ധി, അഹമ്മദ് പട്ടേൽ, ഗുലാംനബി ആസാദ്, എ.കെ.ആന്‍റണി, മല്ലികാർജ്ജുൻ ഖാർഗേ, ആനന്ദ് ശർമ്മ, ജയ്‌റാം രമേശ്, അംബികാ സോണി, കപിൽ സിബൽ, കെ.സി. വേണുഗോപാൽ, അധിർ രഞ്ജൻ ചൗധരി, രൺദീപ് സിംഗ് സുർജേവാല, ജ്യോതിരാദിത്യ സിന്ധ്യ, രാജീവ് സദവ്, സുസ്മിത ദേവ് എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.
നവംബർ 18ന് ആരംഭിക്കുന്ന പാർലമെന്‍റ് സമ്മേളനത്തിൽ സ്വീകരിക്കേണ്ട നിലപാടുകളും ഉന്നയിക്കേണ്ട വിഷയങ്ങളും യോഗത്തിൽ കൂടിയാലോചിക്കും.