മോദി സർക്കാരിന്‍റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ കടുത്ത വിമർശനവുമായി സോണിയ ഗാന്ധി

Jaihind Webdesk
Saturday, October 16, 2021

കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തില്‍ നരേന്ദ്രമോദിക്കും കേന്ദ്ര സർക്കാരിനുമെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ്  അധ്യക്ഷ സോണിയ ഗാന്ധി. കർഷകരുടെ ജീവനും  ജീവിതമാർഗത്തിനും മുകളിലാണ് മോദി സർക്കാരിന്‍റെ കോർപ്പറേറ്റ് താല്പര്യമെന്നും ഒരു വർഷോത്തോളമായി നടക്കുന്ന കർഷക സമരത്തോടുള്ള സർക്കാരിന്‍റെ സമീപനവും ലഖിംപൂർ ഖേരിയില്‍ നടന്ന ക്രൂരമായ കൊലപാതകവും അതിന് തെളിവാണെന്നും അവർ വിമർശിച്ചു.

രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതി മോശമായി തുടരുകയാണെന്നും കാലങ്ങളായി പടുത്തുയര്‍ത്തിയ സമ്പത്തെല്ലാം  മോദി സര്‍ക്കാർ വിറ്റ തുലയ്ക്കുകയാണെന്നും സോണിയ പറഞ്ഞു. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിന്‍റെ ഉന്നമനത്തിനോ, പിന്നോക്ക മേഖലകളുടെ വികസനത്തിനോ ഉപരി രാജ്യത്തെ സമ്പത്ത് വിറ്റ് തുലയ്ക്കുക എന്നതാണ് മോദി സർക്കാരിന്‍റെ നയം. ഭക്ഷ്യ വസ്തുക്കള്‍, ഇന്ധനം തുടങ്ങിയ അവശ്യ സാധനങ്ങള്‍ക്ക് വില അനിയന്ത്രിതമായി വര്‍ധിക്കുന്നു. ഇന്ധന വില 100 രൂപ കടക്കുമെന്ന് ആരും കരുതിയിരുന്നില്ല, എന്നാല്‍ പെട്രോള്‍ വില 100 കടന്നു, ഡീസല്‍ ലിറ്ററിന് 100 ലേക്ക് അടുക്കുന്നു, പാചക വാതക സിലിന്‍ഡറിന്‍റെ വില 900 കടന്നു, ഭക്ഷ്യ എണ്ണയുടെ വില ലിറ്ററിന് 200 കഴിഞ്ഞു . ജനങ്ങളുടെ ജീവിതം ദിനം പ്രതി ദുസ്സഹമാകുകയാണ്.

അടുത്ത കാലത്തായിട്ട് ജമ്മു കശ്മീരില്‍ കൊലപാതകങ്ങള്‍ വര്‍ധിക്കുകയാണ്. ആക്രമണങ്ങളെ  ശക്തമായ ഭാഷയില്‍ കോൺഗ്രസ് അപലപിക്കുന്നുവെന്നും കശ്മീരിലെ അശാന്തിയുടെ  മുഴുവന്‍ ഉത്തരവാദിത്തവും കേന്ദ്ര സര്‍ക്കരിനാണെന്നും അവർ പറഞ്ഞു. സമാദാനവും സ്വാതന്ത്ര്യവും നിലനിര്‍ത്തേണ്ടത് കേന്ദ്ര സര്‍ക്കാരിന്‍റെ  കൂടെ കടമയാണെന്നും സോണിയാ ഗാന്ധി കൂട്ടിച്ചേർത്തു.