ക്ഷീണം വകവെക്കാതെ നടത്തം തുടർന്ന് സോണിയാ ഗാന്ധി; സ്നേഹത്തോടെ തടഞ്ഞ് കാറില്‍ കയറ്റി രാഹുല്‍ | VIDEO

Jaihind Webdesk
Thursday, October 6, 2022

 

ബംഗളുരു: ആരോഗ്യപ്രശ്നങ്ങള്‍ക്കിടെയും ഭാരത് ജോഡോ പദയാത്രയുടെ ഭാഗമാകാന്‍ എത്തിയ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ ദീര്‍ഘദൂരം നടക്കുന്നതില്‍ നിന്ന് സ്നേഹപൂര്‍വം പിന്തിരിപ്പിച്ച് രാഹുല്‍ ഗാന്ധി. യാത്രയ്ക്കൊപ്പം കുറച്ചുദൂരം നടന്നപ്പോഴേക്കും ക്ഷീണിതയായെങ്കിലും സോണിയാ ഗാന്ധി പിന്മാറാന്‍ തയാറായില്ല. ഇത് മനസിലാക്കിയ രാഹുല്‍ ഗാന്ധി നടത്തം മതിയാക്കാന്‍ സ്നേഹപൂര്‍വം പറഞ്ഞെങ്കിലും സോണിയാ ഗാന്ധി സാരമില്ലെന്ന് പറഞ്ഞ് മുന്നോട്ട് നീങ്ങി. തുടർന്ന് രാഹുല്‍ ഗാന്ധി അമ്മയുടെ കൈ പിടിച്ച് നിർബന്ധിച്ച് കാറില്‍ കയറ്റുകയായിരുന്നു. മനോഹരമായ ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ എല്ലാവരും ഷെയർ ചെയ്യുന്നുണ്ട്.

പ്രവര്‍ത്തകരുടെ ആവേശം വാനോളമുയർത്തിയാണ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ സോണിയാ ഗാന്ധിയും ഇന്ന് അണിചേർന്നത്. ദസ്റ ആഘോഷങ്ങളുടെ ഭാഗമായി രണ്ടുദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്നു പുലർച്ചെ പുനരാരംഭിച്ച ഭാരത് ജോഡോ യാത്രയിലാണ് സോണിയാ ഗാന്ധിയും പങ്കെടുത്തത്. ബെല്ലാലെ ​ഗ്രാമത്തിൽ വെച്ചാണ് സോണിയാ ​ഗാന്ധി ഭാരത് ജോഡോ യാത്രയുടെ ഭാ​ഗമായത്. ദസ്റ ആഘോഷത്തിനും, ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നതിനുമായി സോണിയാ ഗാന്ധി കഴിഞ്ഞ ദിവസം മൈസുരുവിൽ എത്തിയിരുന്നു. ആയിരങ്ങളാണ് സോണിയാ ഗാന്ധിയെ വരവേല്‍ക്കാനായി എത്തിച്ചേർന്നത്. ഇന്നത്തെ പദയാത്ര ചൗദേന ഹള്ളി ഗേറ്റ് വഴി ബ്രഹ്മദേവര ഹള്ളി വില്ലേജിൽ സമാപിക്കും.

കുടകിലെ റിസോർട്ടിൽ വിശ്രമിക്കുകയായിരുന്ന സോണിയ ​ഗാന്ധി, വിജയ ദശമി ദിനമായ ഇന്നലെ എച്ച്ഡി കോട്ടയിലെ രണ്ട് ക്ഷേത്രങ്ങളിലെത്തി ദർശനം നടത്തി. ഇവിടുത്തെ നവരാത്രി മഹോത്സവങ്ങളുടെ സമാപന ചടങ്ങുകളിൽ പങ്കെടുത്തു. ഇന്നു രാവിലെ അനേകം വാഹനങ്ങളുടെ അകമ്പടിയോടെ പാണ്ഡവപുരയിലെത്തിച്ചേർന്ന സോണിയാ ഗാന്ധി രാഹുൽ ​ഗാന്ധിയുമായി അല്‍പസമയം സംസാരിച്ച ശേഷം പദയാത്രയിൽ അണി ചേർന്നു. ​ഗുരുതരമായ ആരോ​ഗ്യ പ്രശ്നങ്ങളുള്ളതിനാൽ സോണിയാ ഗാന്ധി കൂടുതൽ ദൂരം നടന്നില്ല. ഏതാനും ദിവസം കൂടി സോണിയാ ഗാന്ധി കർണാടകയിൽ തുടരും. ബെല്ലാരിയിലെ മഹാറാലിയിൽ സോണിയാ ഗാന്ധി പ്രസം​ഗിക്കും. പ്രിയങ്കാ ഗാന്ധിയും വരും ദിവസങ്ങളില്‍ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കും.

 

https://twitter.com/politics_2019__/status/1577872127369572352?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1577872127369572352%7Ctwgr%5Efd07b19ad16dce53fee48d09af132515a066d6f3%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.manoramaonline.com%2Fnews%2Flatest-news%2F2022%2F10%2F06%2Frahul-gandhi-sonia-gandhi-bharat-jodo-yatra-viral-video.html