കേന്ദ്ര സർക്കാരിന്‍റെ അധിക ചെലവുകള്‍ വെട്ടിക്കുറയ്ക്കാന്‍ ആവശ്യപ്പെട്ട് സോണിയാ ഗാന്ധി; പ്രധാനമന്ത്രിക്ക് കത്തയച്ചു

Jaihind News Bureau
Tuesday, April 7, 2020

ന്യൂഡല്‍ഹി : കൊവിഡ് പ്രതിരോധ സമയത്ത് കേന്ദ്ര സർക്കാരിന്‍റെ അധിക ചെലവുകൾ വെട്ടിക്കുറയ്ക്കാൻ നിർദേശിച്ച് പ്രധാനമന്ത്രിക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ കത്ത്. മാധ്യമ പരസ്യങ്ങൾ, പ്രധാനമന്ത്രിയുടെ ഉൾപ്പെടെ വിദേശ യാത്രകൾ എന്നിവ നിർത്തിവെക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു. ഇങ്ങനെ ചെലവ് ചുരുക്കലിന്‍റെ ഭാഗമായി ലഭിക്കുന്ന തുക കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കണം എന്നും കോണ്‍ഗ്രസ് അധ്യക്ഷ. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കോണ്‍ഗ്രസിന്‍റെ പൂർണ്ണ പിന്തുണയും സോണിയ ഗാന്ധി പ്രധാനമന്ത്രിക്ക് വാഗ്ദാനം ചെയ്തു.

1. സർക്കാരും പൊതുമേഖലാ സ്ഥാപനങ്ങളും രണ്ടുവർഷത്തേക്ക് മാധ്യമ പരസ്യങ്ങൾ ഒഴിവാക്കണം. പ്രതിവർഷം ശരാശരി 1,250 കോടി രൂപയാണ് പരസ്യങ്ങൾക്കായി ചെലവഴിക്കുന്നത്. ഈ തുക കൊവിഡ് പ്രതിരോധത്തിനായി ഉപയോഗിക്കണം.

2. 20,000 കോടി രൂപയുടെ സെൻട്രൽ വിസ്റ്റ നിർമ്മാണ പദ്ധതിയും സൗന്ദര്യവത്കരണവും ഉടൻ താൽക്കാലികമായി നിർത്തുക. ആ തുക ആശുപത്രികളുടെ നിർമ്മാണത്തിനും ആരോഗ്യ പ്രവർത്തകർക്ക് സുരക്ഷ ഉപകരണങ്ങൾ വാങ്ങുന്നതിനും ഉപയോഗിക്കുക

3. കേന്ദ്ര സർക്കാർ വേണ്ടിയുള്ള ചെലവ് ബജറ്റിൽ 30 ശതമാനം കുറയ്ക്കുക. ഇതിലൂടെ പ്രതിവർഷം ലഭിക്കുന്ന 2.5 ലക്ഷം കോടി രൂപ കുടിയേറ്റ തൊഴിലാളികൾ, കൃഷിക്കാർ, അസംഘടിത മേഖലയിലുള്ളവർ എന്നിവർക്കായി സാമ്പത്തിക സുരക്ഷാ ഒരുക്കുന്നതിനായി നീക്കിവെക്കുക.

4. രാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാർ, മുഖ്യമന്ത്രിമാർ, സംസ്ഥാന മന്ത്രിമാർ, ബ്യൂറോക്രാറ്റുകൾ എന്നിവരുൾപ്പെടെ എല്ലാ വിദേശ സന്ദർശനങ്ങളും സമാനമായ രീതിയിൽ നിർത്തിവെക്കുക.

5. പി.എം കെയേഴ്സ് ഫണ്ടിന് കീഴിലുള്ള എല്ലാ പണവും പ്രധാനമന്ത്രിമാരുടെ ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റുക. ഈ ഫണ്ടുകൾ അനുവദിക്കുകയും ചെലവഴിക്കുകയും ചെയ്യുന്ന രീതിയിൽ കാര്യക്ഷമത, സുതാര്യത, ഉത്തരവാദിത്തം, ഓഡിറ്റ് എന്നിവ ഉറപ്പാക്കുക.