ലഡാക്കിലെ അക്കാദമിക് വിദഗ്ധനും കാലാവസ്ഥാ പ്രവര്‍ത്തകനുമായ സോനം വാങ്ചുക്കിനെ ലഡാക്ക് പോലീസ് അറസ്റ്റ് ചെയ്തു. ഏകദേശം അഞ്ച് വര്‍ഷത്തോളമായി ലഡാക്കിന് സംസ്ഥാന പദവിയും സ്വയംഭരണവും ആവശ്യപ്പെട്ട് സമാധാനപരമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കി വരികയായിരുന്നു അദ്ദേഹം.എന്നാല്‍, സെപ്തംബര്‍ 24 ബുധനാഴ്ച, ലഡാക്കിലെ സമാധാനം തകര്‍ന്നു. പ്രക്ഷോഭം തീവെയ്പ്പിലേക്കും അക്രമങ്ങളിലേക്കും വഴിമാറി, ഒടുവില്‍ നാല് പ്രതിഷേധക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ബുധനാഴ്ച വൈകീട്ട് പുറത്തിറക്കിയ കേന്ദ്രസര്‍ക്കാര്‍, അക്രമത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും സമരനായകനായ വാങ്ചുക്കില്‍ ചുമത്തി. സെപ്തംബര്‍ 25 വ്യാഴാഴ്ച, അദ്ദേഹത്തിന്റെ എന്‍ജിഒയുടെ FCRA ലൈസന്‍സ് റദ്ദാക്കിയതായി വാര്‍ത്തകള്‍ വന്നു. കൂടാതെ, വാങ്ചുക്കും കൂട്ടാളികളും നടത്തിയ മറ്റ് വിദേശവിനിമയ ചട്ട ലംഘനങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ സിബിഐക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
അറസ്റ്റിന് മണിക്കൂറുകള്‍ക്ക് മുമ്പ്, ലെ- യിലെ ബഹുജന കൂട്ടായ്മയായ ലേ അപെക്‌സ് ബോഡിയിലെ (LAB) ഒരു പ്രധാന വ്യക്തിയായ വാങ്ചുക്കിനോട് നാഷണല്‍ ഹെറാള്‍ഡ് ലേഖകന്‍ ഹാരൂണ്‍ റേഷി സംസാരിച്ചിരുന്നു. ലഡാക്കിന്റെ കൂടുതല്‍ സ്വയംഭരണം, അതുല്യമായ സംസ്‌കാരത്തിന്റെ സംരക്ഷണം, മേഖലയ്ക്ക് ശക്തമായ സാമ്പത്തിക സുരക്ഷ എന്നിവയ്ക്ക് വേണ്ടിയാണ് താന്‍ പോരാടുന്നതെന്ന് പറഞ്ഞിരുന്നു. ആ അഭിമുഖത്തിന്റെ എഡിറ്റ് ചെയ്ത ഭാഗങ്ങള്‍ താഴെ:
ചോദ്യം: സമാധാനപരമായ പ്രതിഷേധം ലേയില്‍ അക്രമാസക്തമായത് എന്തുകൊണ്ട് ?
ഉത്തരം: അതിന് പ്രധാനമായും രണ്ട് കാരണങ്ങള്‍ കാണാം . പ്രാഥമികമായി , നിരാഹാര സമരക്കാരില്‍ രണ്ടു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതാണ് പ്രക്ഷോഭത്തിന് തിരികൊളുത്തിയത്. എന്നാല്‍ ആഴത്തില്‍ നോക്കിയാല്‍ , ഇത് യുവാക്കള്‍ക്ക് വാഗ്ദാനം ചെയ്യപ്പെടുകയും എന്നാല്‍ ലഭിക്കാതെ പോവുകയും ചെയ്ത ജോലികളോടുള്ള രോഷമാണ് പ്രതിഫലിച്ചത്. അവര്‍ക്ക് 21,000 ജോലികള്‍ വാഗ്ദാനം ചെയ്തിരുന്നു, എന്നാല്‍ അടുത്ത കാലം വരെ ഏതാനും നൂറുകണക്കിന് ജോലികള്‍ മാത്രമാണ് നികത്തിയത്. വാഗ്ദാനങ്ങള്‍ വലുതായിരുന്നു, അതുപോലെ തന്നെ നിരാശകളും. അതുപോലെ, ബിജെപിയുടെ പ്രകടനപത്രികയില്‍ ആറാം ഷെഡ്യൂള്‍ വാഗ്ദാനം ചെയ്തിരുന്നു, എന്നിട്ടും അതില്‍ നിന്ന് പിന്നോട്ട് പോയി. സംസ്ഥാന പദവിയും വാഗ്ദാനം ചെയ്യപ്പെട്ടു, എന്നാല്‍ അത് ചര്‍ച്ച ചെയ്യപ്പെട്ടതുപോലുമില്ല. കൂടാതെ, ശബ്ദമുയര്‍ത്തിയ ആളുകളോട് എന്നോടുള്‍പ്പെടെ അവര്‍ പെരുമാറിയ രീതി ആശങ്കാജനകമായിരുന്നു. ഞങ്ങള്‍ ഉപദ്രവിക്കപ്പെട്ടു: ഞങ്ങള്‍ക്കെതിരെ എഫ്‌ഐആറുകള്‍ ഫയല്‍ ചെയ്തു, സിബിഐ അന്വേഷണങ്ങള്‍ ആരംഭിച്ചു, ആദായനികുതി സമന്‍സ് നല്‍കി, ഭൂമി റദ്ദാക്കി, അങ്ങനെ പലതും. ഈ നടപടികളെല്ലാം യുവാക്കള്‍ക്കിടയില്‍ രോഷം ഉണര്‍ത്തി.
ചോദ്യം: നിങ്ങളുടെ പ്രകോപനപരമായ പ്രസംഗങ്ങളാണ് അക്രമത്തിന് കാരണമായതെന്ന് ചിലര്‍ പറയുന്നു. ഈ വാദങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു?
ഉത്തരം: ഞാന്‍ ഒരു പ്രസംഗവും നടത്തിയിട്ടില്ല. എന്റെ തുടര്‍ച്ചയായ നിരാഹാര സമരം കാരണം എനിക്ക് ഒരു പ്രസംഗം നടത്താന്‍ കഴിയുമായിരുന്നില്ല. എന്റെ നിരാഹാര സമരത്തിന്റെ 14-ാം ദിവസമായിരുന്നു അത്. ഈ വാദങ്ങള്‍ എന്നെ ഒരു ബലിയാടാക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗം മാത്രമാണ്. എന്നെ പബ്ലിക് സേഫ്റ്റി ആക്ടിന് (PSA) കീഴില്‍ കൊണ്ടുവരാന്‍ ഒരു കേസ് തയ്യാറാക്കുകയാണെന്ന് ഞാന്‍ അറിഞ്ഞു, ഇത് ആ പദ്ധതിയുടെ ഭാഗമാണ്.
ചോദ്യം: നിങ്ങള്‍ക്കും നിങ്ങളുടെ സ്ഥാപനമായ ഹിമാലയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആള്‍ട്ടര്‍നേറ്റീവ്‌സ് ലഡാക്കിനും (HIAL) എതിരെ വിദേശ സംഭാവന (നിയന്ത്രണ) നിയമം (FCRA) ലംഘിച്ചുവെന്ന് ആരോപിച്ച് സിബിഐ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനോട് നിങ്ങള്‍ എന്ത് മറുപടി പറയും?
ഉത്തരം: അവരുടെ പരാതി അനുസരിച്ച് 2022-24 കാലഘട്ടത്തില്‍ ഞങ്ങള്‍ വിദേശ സംഭാവനകള്‍ മൂന്ന് തവണ സ്വീകരിച്ചു എന്നാണ് പറയുന്നത്, ഞങ്ങള്‍ വിദേശ സംഭാവനകള്‍ സ്വീകരിക്കാന്‍ പാടില്ലാത്തവരാണെന്ന് പറയുന്നു. യഥാര്‍ത്ഥത്തില്‍ ഞങ്ങള്‍ സ്വീകരിച്ചത് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള സംഭാവനകളായിരുന്നില്ല. ഒരു ബദല്‍ സര്‍വ്വകലാശാല എന്ന നിലയില്‍ ഞങ്ങള്‍ സ്വീകരിച്ചത് ഞങ്ങളുടെ നോളജ് കണ്‍സള്‍ട്ടന്‍സിക്ക് ലഭിച്ച ഫീസാണ്. ഞങ്ങളുടെ സോളാര്‍ ഹീറ്റിംഗ് സാങ്കേതികവിദ്യ അഫ്ഗാനിസ്ഥാനിലേക്ക് കൊണ്ടുപോയതിന് പണം നല്‍കിയത് ഐക്യരാഷ്ട്രസഭയാണ്. ഞങ്ങളുടെ കൃത്രിമ ഹിമാനി പദ്ധതിക്ക് സ്വിസ് സര്‍വകലാശാലയില്‍ നിന്നും ഒരു ഇറ്റാലിയന്‍ സംഘടനയില്‍ നിന്നും പണം ലഭിച്ചു. ഇതെല്ലാം സേവന ഇടപാടുകളായിരുന്നു, നികുതി കൃത്യമായി അടച്ചിട്ടുണ്ട്. ഞങ്ങളുടേതു പോലെയുള്ള ഒരു സ്ഥാപനം രാജ്യത്തിന് കീര്‍ത്തി കൊണ്ടുവരുന്നതില്‍ അഭിമാനിക്കണം. ഞങ്ങള്‍ സ്വാശ്രയത്വത്തിലേക്ക് നീങ്ങുകയാണ്. ഇത് എല്ലാ സര്‍വ്വകലാശാലകളും ആഗ്രഹിക്കുന്ന ഒന്നാണ്, എന്നാല്‍ മിക്കവര്‍ക്കും അത് നേടാന്‍ കഴിയാറില്ല.
ചോദ്യം: ലഡാക്ക് ഭരണഘടനയുടെ ആറാം ഷെഡ്യൂളിന് കീഴില്‍ വരണം എന്ന് നിങ്ങള്‍ വിശ്വസിക്കുന്നതെന്തുകൊണ്ട്, ഈ ആവശ്യത്തിന് ഇത്രയധികം പ്രധാനമാക്കുന്ന ആശങ്കകള്‍ എന്തൊക്കെയാണ്?
ഉത്തരം: ഗോത്രമേഖലകളുടെ സംരക്ഷണത്തിനായി ഭരണഘടനയില്‍ ഇതിനകം നിലവിലുള്ള ഒന്നാണിത്. ലഡാക്കിനെ ആറാം ഷെഡ്യൂളിന് കീഴില്‍ കൊണ്ടുവരുന്നത് ഭൂമി തദ്ദേശിയരായ ജനങ്ങളുടെ കൈകളില്‍ തന്നെ നിലനില്‍ക്കുന്നുവെന്ന് ഉറപ്പാക്കും. പക്ഷേ, ഇന്ത്യന്‍ സര്‍ക്കാര്‍ ഈ ഭൂമി കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറാന്‍ ആഗ്രഹിക്കുന്നു. ഉദാഹരണത്തിന്, ലോകത്തിലെ ഏറ്റവും മികച്ച പഷ്മിനയ്ക്ക് (ഒരുതരം കശ്മീരി കമ്പിളി) പേരുകേട്ട വലിയൊരു പ്രധാന മേച്ചില്‍പ്പുറം കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറാന്‍ അവര്‍ പദ്ധതിയിടുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ്ജ പദ്ധതി നിര്‍മ്മിക്കുന്നതിനാണിത്. നിലവിലുള്ള ഏറ്റവും വലിയ പദ്ധതിയെക്കാള്‍ മൂന്നിരട്ടി വലുതാണിത്. ഇത് ഏകദേശം 150 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചുകിടക്കും. ലഡാക്ക് ആറാം ഷെഡ്യൂളിന് കീഴില്‍ വന്നാല്‍, ലഡാക്കിലെ ജനങ്ങളുമായി കൂടിയാലോചിക്കാതെ സര്‍ക്കാരിന് ഇത് ചെയ്യാന്‍ കഴിയില്ല.
ചോദ്യം: സമീപകാലത്തെ അക്രമങ്ങള്‍ കണക്കിലെടുക്കുമ്പോള്‍, ലേ-യിലെ സ്ഥിതിഗതികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ എന്ത് നടപടികളാണ് സ്വീകരിക്കേണ്ടതെന്ന് നിങ്ങള്‍ കരുതുന്നത് ?
ഉത്തരം: തീര്‍ച്ചയായും ചെയ്യരുതാത്തത് കുറ്റപ്പെടുത്തല്‍ ഗയിമാണ്. കുറ്റം ചാര്‍ത്താന്‍ ബലിയാടുകളെ തേടുന്നത് സര്‍ക്കാര്‍ അവസാനിപ്പിക്കണം. കഴിഞ്ഞ അഞ്ച് വര്‍ഷമായി യുവാക്കള്‍ക്കിടയില്‍ രൂപപ്പെട്ട നിരാശയാണിതെന്ന് സര്‍ക്കാര്‍ മനസ്സിലാക്കണം. വിഷയത്തിന്റെ അടിസ്ഥാന കാരണങ്ങള്‍ പരിശോധിക്കാനും അവ പരിഹരിക്കാനും സര്‍ക്കാര്‍ ചര്‍ച്ചകളിലേക്ക് വരണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ജനങ്ങളുടെ മുറിവുകളില്‍ ഉപ്പ് ചേര്‍ക്കുന്നത് യുവാക്കളുടെ രോഷം വര്‍ദ്ധിപ്പിക്കുകയേ ഉള്ളൂ. അതിന് പകരം ആശ്വാസം നല്‍കേണ്ട സമയമാണിത്. ഇപ്പോള്‍ത്തന്നെ, കലാപം തടയാന്‍ ശ്രമിച്ച അപെക്‌സ് ബോഡിയിലെ യുവ നേതാക്കളെയാണ് സര്‍ക്കാര്‍ പിന്തുടരുന്നത്. ഈ നേതാക്കള്‍ പോലീസിന്റെ ഉപദ്രവത്തിന് ഇരയാക്കപ്പെടുന്നു.
ചോദ്യം: എന്തുകൊണ്ടാണ് സമരം പിന്‍വലിച്ചത്, സര്‍ക്കാരില്‍ നിന്നുള്ള ഏതെങ്കിലും സമ്മര്‍ദ്ദം കൊണ്ടാണോ?
ഉത്തരം: അല്ല. സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാകുമെന്ന് കണ്ടതുകൊണ്ടാണ് ഞങ്ങള്‍ സമരം പിന്‍വലിച്ചത്. നിരാഹാര സമരക്കാരുടെ അവസ്ഥ കണ്ടപ്പോള്‍ യുവാക്കള്‍ക്ക് കൂടുതല്‍ നിരാശയുണ്ടായി. നിരാഹാരം നടത്തിയ സമരക്കാരുടെ ആരോഗ്യം ദിനംപ്രതി മോശമായിക്കൊണ്ടിരുന്നു, ചിലരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഈ സാഹചര്യത്തില്‍, കുറഞ്ഞത്, യുവാക്കള്‍ക്ക് ഈ ആശങ്കയുടെ ഉറവിടം നീക്കം ചെയ്യാമെന്ന് ഞാന്‍ തീരുമാനിച്ചു, അതുകൊണ്ടാണ് ഞാന്‍ അത് പിന്‍വലിച്ചത്.
ചോദ്യം: അക്രമാസക്തമായ പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടതിന് ശേഷം സര്‍ക്കാര്‍ നിങ്ങളുമായി ബന്ധപ്പെട്ടിരുന്നോ?
ഉത്തരം: ഇല്ല, എന്നോടില്ല. എന്നാല്‍ അപെക്‌സ് ബോഡി സംഘടനാ നേതാക്കള്‍ സര്‍ക്കാരുമായി ബന്ധപ്പെടുന്നുണ്ട്. എന്നെ അവരുമായി ബന്ധപ്പെടാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല എന്നതാണ് എപ്പോഴും സംഭവിക്കുന്നത്. ഞാന്‍ പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നുവെന്നും മറ്റുള്ളവരെ കൈകാര്യം ചെയ്യാന്‍ എളുപ്പമാണെന്നും അവര്‍ കരുതുന്നു. അവര്‍ക്ക് എന്നോട് സംസാരിക്കാന്‍ ആഗ്രഹമില്ല.
ചോദ്യം: ലേയിലെ ഇപ്പോഴത്തെ അവസ്ഥ എങ്ങനെയാണ്?
ഉത്തരം: അത് മെച്ചപ്പെടുന്നുണ്ട്. എന്നാല്‍ അവര്‍ ചെയ്തത് നോക്കൂ ആളുകള്‍ക്കെതിരെ ബലം പ്രയോഗിച്ച രീതി. നിരപരാധികളും നിരായുധരുമായ യുവാക്കളെ അവര്‍ തലയ്ക്കും നെഞ്ചത്തും വെടിയുതിര്‍ത്ത് കൊന്നു. ഒരു കലാപം നിര്‍ത്താനാണ് ലക്ഷ്യമെങ്കില്‍, കാലില്‍ അല്ലേ ലക്ഷ്യം വെക്കേണ്ടത് … അവരെ കൊല്ലരുത്. ഇവിടെ നടന്നത് അടിസ്ഥാനപരമായി നിരായുധരായ വ്യക്തികളെ കൊല്ലാന്‍ വെടിവെച്ചതാണ്. നിങ്ങളുടെ ജീവന് ഭീഷണിയുണ്ടായിരുന്നെങ്കില്‍ എനിക്ക് മനസ്സിലാക്കാമായിരുന്നു, എന്നാല്‍ ഒരു സൈനികനോ പോലീസുകാരനോ മരിച്ചിട്ടില്ല. ഇത് അമിതമായ ബലപ്രയോഗമായിരുന്നു.
ചോദ്യം: ജമ്മു കശ്മീരിന് പ്രത്യേക ഭരണഘടനാ പദവി എടുത്തുകളയുകയും സംസ്ഥാന പദവി റദ്ദാക്കുകയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്ത 2019 ഓഗസ്റ്റ് 5 ലെ ഏകപക്ഷീയമായ പാര്‍ലമെന്ററി നടപടിയെ നിങ്ങള്‍ പിന്തുണച്ചിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ ആ തീരുമാനം ശരിയായിരുന്നു എന്ന് നിങ്ങള്‍ ശരിക്കും വിശ്വസിക്കുന്നുണ്ടോ?
ഉത്തരം: അത് കശ്മീരിന് ശരിയായ തീരുമാനമായിരുന്നില്ല. എന്നാല്‍ ലഡാക്കിന്, അതൊരു ശരിയായ തീരുമാനമായിരുന്നു, കാരണം ലഡാക്ക് ഒരു കേന്ദ്രഭരണ പ്രദേശമാകാന്‍ വളരെക്കാലമായി ആഗ്രഹിച്ചിരുന്നു. ലഡാക്ക് സ്വന്തമായ തനിമയുള്ള ഒരു പ്രത്യേക ഹിമാലയന്‍ രാജ്യമായിരുന്നു, ആ തനിമ തിരികെ നേടാന്‍ അവര്‍ ആഗ്രഹിച്ചു. ഓഗസ്റ്റ് 5 ലെ സംഭവങ്ങള്‍ ലഡാക്കിന് അതിന്റെ നില തിരികെ കൊണ്ടുവരാനുള്ള ഒരു വഴിയായിരുന്നു ഏറ്റവും മികച്ച വഴിയായിരുന്നില്ല അത്. എന്നിരുന്നാലും, ഈ തീരുമാനം കശ്മീരിന് നല്ലതായിരുന്നില്ലെന്ന് ഞാന്‍ സമ്മതിക്കുന്നു.